‘പിന്നെ, മത്തി നിങ്ങൾ വേറെ വല്ല കാക്കകൾക്കും കൊടുക്ക്, ഞാൻ ഇത്തിരി ബല്യ പുള്ളിയാ. എനിക്ക് അയലയാണ് ഇഷ്ടം..’ സോഷ്യൽ ലോകത്ത് ചിരി നിറയ്ക്കുകയാണ് ഇൗ വിഡിയോ. ഒരു കാക്കയും മൽസ്യ വിൽപ്പനക്കാരനും തമ്മിലുള്ള വഴിയോര കച്ചവടത്തിന്റെ രസികൻ ദൃശ്യങ്ങളാണ് ഇത്. ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടുമോ എന്ന പഴഞ്ചൊല്ല് പഠിച്ചിട്ട് വന്ന കാക്കയോട് അവസാനം തോറ്റുപോയി ഇൗ കച്ചവടക്കാരൻ.
ആ കഥ ഇങ്ങനെ: അയലയും മത്തിയുമാണ് കച്ചവടത്തിന് വച്ചിരിക്കുന്നത്. അപ്പോഴാണ് കാക്ക അവിടെയ്ക്ക് എത്തുന്നത്. ആദ്യം മത്തിയും പിന്നീട് അയലയും മാറി മാറി നിരീക്ഷിച്ച ശേഷം അയല മതി എന്ന് ഇൗ കാക്ക ഉറപ്പിച്ചു. സഹതാപം തോന്നിയ കച്ചവടക്കാരനാകട്ടെ മത്തി എടുത്ത് കാക്കയുടെ കൊക്കിൽ വച്ചു കൊടുത്തു. പക്ഷേ പുച്ഛം മാത്രമായിരുന്നു കാക്കയിൽ നിന്നും ലഭിച്ചത്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കാക്ക അമ്പിനും വില്ലിനും അടുത്തില്ല. ഒടുവിൽ കാക്കയുടെ വാശി തന്നെ ജയിച്ചു. പത്തുപൈസ മുതൽമുടക്കില്ലാതെ അയിലയുമായി കാക്ക പറപറന്നു. സമീപത്തുണ്ടായിരുന്നവർ ഇൗ വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ഇൗ ‘തറവാടി’ കാക്ക സോഷ്യൽ ലോകത്തും പറക്കുകയാണ്.