റോഡിലൂടെ ലൈസൻസില്ലാതെ സൈക്കിളോടിച്ചു എന്നാരോപിച്ച് അന്യസംസ്ഥാനത്തൊഴിലാളിയുടെ കയ്യിൽ നിന്നും 500 രൂപ പിഴ ഇൗടാക്കിയ സംഭവത്തിൽ പൊലീസുകാരന് വീഴ്ച പറ്റിയെന്ന് കണ്ടെത്തി. സൈക്കിളിൽ വരികയായിരുന്ന കാസിമിനെയാണ് ഹൈവേ പൊലീസ് തടഞ്ഞുനിർത്തി അമിതവേഗത്തിലാണ് വന്നതെന്നും ലൈസൻസില്ലാതെയാണ് സൈക്കിൾ ഒാടിച്ചതെന്നും ചൂണ്ടക്കാട്ടി ഉത്തര്‍പ്രദേശ് സ്വദേശിയും ഉപ്പള കുക്കാറില്‍ താമസക്കാരനുമായ കാസിമിന് പിഴ എഴുതി നൽകിയത്. ഇതിന് ശേഷം ഇയാൾ കാര്യം വിവരിച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തതോടയാണ് സംഭവം വിവാദമാകുന്നത്.
മാധ്യമങ്ങളിലും വാർത്ത വന്നതോട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇൗ അന്വേഷണത്തിലാണ് പൊലീസുകാരന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി നാര്‍കോട്ടിക് ഡിവൈഎസ്പി കണ്ടെത്തിയത്. എസ്.പി. ഡോ.എ.ശ്രീനിവാസന്‍റെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ വാസുദേവന് വീഴ്ച പറ്റിയതായാണ് റിപ്പോർട്ട്. വകുപ്പുതല അന്വേഷണം കൂടി കഴിഞ്ഞ ശേഷം നടപടിക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
.
സംഭവദിവസം രാവിലെ 9.30ന് മംഗല്‍പാടി സ്‌കൂളിന് സമീപത്തുകൂട സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തന്നെ ഹൈവേ പൊലീസ് തടഞ്ഞ് നിര്‍ത്തി പിഴയീടാക്കുകയായിരുന്നുവെന്നാണ് കാസിം പറയുന്നത്. പിഴ ഇൗടാക്കിയ ശേഷം പൊലീസ് നല്‍കിയ റസീപ്റ്റില്‍ രേഖപ്പെടുത്തിയത് കെ എല്‍ 14 ക്യു 7874 എന്ന ഒരു സ്‌കൂട്ടറിന്റെ നമ്പറാണ്. മോട്ടോര്‍ വെഹിക്കിളിന്റെ സൈറ്റില്‍ ഈ നമ്പറില്‍ സുചിത്ര എന്ന സ്ത്രീയുടെ പേരിലുള്ള സ്‌കൂട്ടറാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൈക്കളിന്‍റെ ടയര്‍ പൊലീസ് കുത്തിക്കീറിയതായി കാസിം പറഞ്ഞിരുന്നു.
കെട്ടിടനിർമാണത്തൊഴിലാളിയായ കാസിമിന് 400 രൂപയാണ് ദിവസക്കൂലി. സൈക്കിള്‍ നന്നാക്കാന്‍ കാസിമിന് ഇനി വേറെ തുക കണ്ടെത്തേണ്ട അവസ്ഥയിലുമായി. ഇതിന് പിന്നാലെയാണ് സംഭവം വിവരിച്ച് കൊണ്ട് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് ഹൈവേ പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയ ഗുരുതരവീഴ്ച വെളിച്ചത്ത് വന്നത്. അമിത വേഗതയില്‍ സഞ്ചരിച്ചുവെന്ന കുറ്റമാണ് പോലീസ് നല്‍കിയ റസീപ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്.