അഞ്ചുദിവസം മുമ്പാണ് ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അനഘ ആരോരുമില്ലാത്തവളായത്. അനഘയുടെ അച്ഛൻ ആനന്ദനു 13 വർഷം മുൻപു ഹൃദയവാൽവ് മാറ്റിവച്ചതാണ്. കഠിന ജോലി ചെയ്യരുതെന്നു ഡോക്ടർമാർ ഉപദേശിച്ചെങ്കിലും കുടുംബം പുലർത്താൻ ആനന്ദൻ കടലിൽ മീൻപിടിക്കാൻ പോയി. മൂന്നു വർഷം മുൻപാണ് അമ്മ ലതയ്ക്കു സ്തനാർബുദം കണ്ടെത്തിയത്. ചികിത്സിച്ചു ഭേദമായിത്തുടങ്ങിയതാണ്. രോഗം തലയിലേക്കു വേരു നീട്ടിയെന്നു നാലു മാസം മുൻപു കണ്ടെത്തി. ഭേദപ്പെടുത്താമെന്ന വിശ്വാസത്തിലായിരുന്നു ഡോക്ടർമാരും. എങ്കിലും പെട്ടെന്നു രോഗം പിടിമുറുക്കി.

 

ഹൃദ്രോഗത്തിനൊപ്പം തലച്ചോറ് ചുരുങ്ങുന്ന രോഗം കൂടി ബാധിച്ചിട്ടും ഭാര്യയുടെ ചികിത്സയും മകളുടെ പഠനവും ഒന്നിച്ചു പോകാൻ ആനന്ദൻ വീണ്ടും കഠിനാധ്വാനം ചെയ്തു. കയർപിരിയും തൊഴിലുറപ്പ് ജോലികളും തയ്യലുമൊക്കെയായി ജീവിതം രണ്ടറ്റമെത്തിക്കാൻ ലതയും പണിയെടുത്തു. അമ്മയ്ക്കു വയ്യാതായ നാളുകളിൽ വീട്ടുജോലികളെല്ലാം തീർത്തു പഠിക്കാൻ പോയ അനഘയും അവർക്ക് ആശ്വാസമായി. അതിനിടയിലാണു വിധി ക്രൂരത കാട്ടിയത്.

 

അഞ്ചു ദിവസം മുൻപു പുലർച്ചെയാണ് അനഘയെ തനിച്ചാക്കി അമ്മ വിടപറഞ്ഞത്. അതിനു പത്തു ദിവസം മുൻപാണ്, ഏകമകൾക്ക് അമ്മയുണ്ടാകും കൂട്ടിനെന്ന വിശ്വാസത്തോടെ അച്ഛൻ ആശുപത്രി കിടക്കയിൽ മരണത്തിനു കീഴടങ്ങിയത്. ആറാട്ടുപുഴ രാമൻചേരി പുത്തൻപുരയ്ക്കൽ വീട്ടിൽ അനഘ ഇനി തനിച്ച്. അച്ഛനും അമ്മയും ഗുരുതര രോഗങ്ങളാൽ വലഞ്ഞ നാളുകളിലായിരുന്നു അനഘയ്ക്കു പത്താം ക്ലാസ് പരീക്ഷ. ഒൻപത് എ പ്ലസ് ഉൾപ്പെടെ മികച്ച വിജയം നേടിയ അനഘയെ അഭിനന്ദിച്ചു നാട്ടുകാർവച്ച ഫ്ലക്സ് ബോർഡ് വീടിന്റെ മതിലിൽ ചാരി നിൽപ്പുണ്ട്.

 

ഓണാവധി കഴിഞ്ഞ് ആദ്യമായി അനഘ തിങ്കളാഴ്ച പുല്ലുകുളങ്ങര എൻആർപിഎം എച്ച്എസ്എസിലെ പ്ലസ് വൺ കൊമേഴ്സ് ക്ലാസിലേക്കു വീണ്ടും പോകും. സ്കൂൾ തുറന്ന ശേഷം അച്ഛനമ്മമാരുടെ ആശുപത്രിവാസം കാരണം പലദിവസങ്ങളിലും ക്ലാസ് മുടങ്ങിയപ്പോഴും പിന്തുണ നൽകിയ ടീച്ചർമാർ അവിടെയുണ്ടല്ലോ.

 

∙കോർപറേഷൻ ബാങ്കിന്റെ ആറാട്ടുപുഴ ശാഖയിൽ അനഘയുടെയും അമ്മ ലതയുടെയും പേരിലുള്ള അക്കൗണ്ട് നമ്പർ: 520101033748884. ഐഎഫ്എസ്‍സി: CORP0000433. ഫോൺ: 98471 32507.