balabhaskar-daughter-gif

ഭൂമിയിലെ ഏറ്റവും നിഷ്കളങ്കമായ ചിരി സമ്മാനിക്കുന്ന മുഖങ്ങളാണ് കുഞ്ഞുങ്ങളുടേത്. അവരുടെ പെട്ടെന്നുള്ള വേർപാടുകൾ മാതപിതാക്കളെ മാത്രമല്ല ആ കുഞ്ഞിന്റെ ചിത്രവും ചിരിയും കാണുന്നവരെ പോലും കരളലിയിക്കും. രണ്ടുദിവസമായി കേരളത്തെ കണ്ണീരിലാഴ്ത്തുന്നത് തേജസ്വിനിയുടെ ചിത്രമാണ്.  അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ബാലഭാസ്കറിന്റെ നില ഗുരുതരമായി തുടരുമ്പോൾ ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്തു എന്ന വാർത്ത ഏറെ പ്രതീക്ഷയോടെയാണ് കേരളം കേൾക്കുന്നത്. ബാലഭാസ്കറും പഴയപോലെ മടങ്ങിവരും എന്ന വിശ്വാസം സുഹൃത്തുക്കളും പ്രകടിപ്പിക്കുന്നു. എന്നാൽ എല്ലാവരും പ്രതിസന്ധിയിലാകുന്നത് മകളെ കുറിച്ചുള്ള അവരുടെ ചോദ്യത്തിന് എന്തു മറുപടി നൽകും എന്നിടത്താണ്. 

 

ബാലഭാസ്കറിന്റെ മാറത്തിരുന്ന് കുറുമ്പു കാട്ടുന്ന ആ പൊന്നുമോൾ വിട്ടുപിരിഞ്ഞെന്ന വിവരം അവരോട് എങ്ങനെ പറയും എന്ന ചോദ്യത്തിന് കണ്ണീരല്ലാതെ മറുപടിയൊന്നുമില്ല സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും. വിധിയുടെ ഇൗ കൊടുംക്രൂരതയോട് പൊരുത്തപ്പെടാൻ അവർക്ക് ശക്തി നൽകണേ എന്ന പ്രാർഥനയിലാണ് കേരളം.  പതിനാറ് വർഷം നീണ്ട നേർച്ച കാഴ്ചകൾക്കൊടുവിൽ കനിഞ്ഞു നൽകിയ ആ പൊന്നോമനയെ, പ്രിയ തേജസ്വിനിയെ കവർന്ന വിധി പലകുറി ഇങ്ങനെ കൊടുംക്രൂരത കാട്ടിയിട്ടുണ്ട്. മലയാളിയുടെ മനസിനെ അസ്വസ്ഥമാക്കിയ എത്രയോ പൊന്നോമനകൾ.

 

suresh-child-gif

അന്നൊരു അപകടത്തിൽ  

26 വർഷങ്ങൾക്കു മുമ്പ് ഇതു പോലൊരു കാറപകടത്തിലാണ് സുരേഷ് ഗോപിക്ക് മൂത്തമകളായ ലക്ഷ്മിയെ നഷ്ടപ്പെടുന്നത്. രാധികയുടെയും സുരേഷ് ഗോപിയുടെയും ജീവിതത്തിലേക്കെത്തിയ പൊന്നോമനയുടെ ചിത്രം അക്കാലത്ത് മാഗസിനുകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. കുടുംബസമേതം ഒരു കല്യാണത്തിന് പോയി മടങ്ങുന്നതിനിടയിലായിരുന്നു അന്ന് രാധികയും സംഘവും സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍പ്പെട്ടത്. സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി കൊച്ചിയിലേക്ക് പോയിരുന്നു. അദ്ദേഹത്തിന്റെ സഹോദരനൊപ്പമായിരുന്നു രാധിക തിരുവനന്തപുരത്തേക്ക് തിരിച്ചത്. തോന്നയ്ക്കലില്‍ വെച്ച്‌ ഇവരുടെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിക്കുമ്പോൾ ഒന്നര വയസ് മാത്രമായിരുന്നു ലക്ഷ്മിയുടെ പ്രായം.  

 

കണ്ണീരുണങ്ങാതെ നന്ദനക്കുട്ടി

monisha-mother-accident

കെ.എസ് ചിത്രയ്ക്കും ഭർത്താവ് വിജയ്ക്കും ഏറെ വൈകിയാണ് നന്ദനയെന്ന പൊന്നോമനയെ ഈശ്വരൻ നൽകിയത്. 2002ലായിരുന്നു ജീവിതത്തിലെ വെളിച്ചമായി അവളെത്തുന്നത്. നാളുകൾ നീണ്ട നേർച്ച കാഴ്ചകളുടെ സാഫല്യം. നേർച്ച കാഴ്ചകൾക്കൊടുവിൽ ലഭിച്ച ആ പൈതലിനെ അങ്ങേയറ്റം സ്നേഹത്തോടെ പ്രിയ വാനമ്പാടി ജീവന്റെ ജീവനായി കാത്തു. രഞ്ജിത്ത് ചിത്രം നന്ദനം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് കുഞ്ഞുണ്ടാകുന്നത്. കാർമുകിൽ വർണന്റെ ചുണ്ടിൽ എന്ന നന്ദനത്തിലെ ഹൃദയഹാരിയായ ഗാനം ഗുരുവായൂരപ്പന് കാണിക്കയായി നൽകിയതിനു ശേഷം. കൃഷ്ണൻ കനിഞ്ഞരുളിയ ആ കുഞ്ഞിന് ചിത്ര നന്ദന എന്ന് പേരും നല്‍കി. പക്ഷേ 2011ലെ ഒരു വിഷുനാളില്‍ ചിത്രയുടെ ആ വലിയ സന്തോഷത്തെ വിധി കവർന്നു. ദുബായിയിലെ ഒരു നീന്തൽക്കുളത്തിൽ വീണാണ് നന്ദന മരിക്കുന്നത്. മരിക്കുമ്പോൾ എട്ടു വയസ്സായിരുന്നു അവളുടെ പ്രായം. 

 

മലയാളത്തിന്റെ മുഖശ്രീ കവർന്നു

മലയാളത്തിന്റെ പ്രിയനടി മോനിഷയെ ജീവിതത്തിൽ നിന്നും കവർന്നത് ഇതുപോലെ ഒരു അപകടമായിരുന്നു. നടുക്കുന്ന അപകടത്തെക്കുറിച്ച് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയുടെ വാക്കുകളിങ്ങനെ: രാവിലത്തെ ഫ്ലൈറ്റ് കിട്ടാൻ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടതാണ്. വരുമ്പോഴൊന്നും പ്രശ്നമുണ്ടായിരുന്നില്ല. റോഡെല്ലാം ക്ലിയർ ആയിരുന്നു. മുൻപിൽ നിന്ന് വരുന്ന വാഹനങ്ങൾ ലൈറ്റ് ഡിം ചെയ്യാറില്ല. അത് നേരെയടിക്കുന്നത് ഡ്രൈവറുടെ മുഖത്തേക്കാണ്. മകൾ ഉറങ്ങുകയായിരുന്നു. ഞാൻ ഉറങ്ങിയിട്ടില്ല. ഡ്രൈവർ ഉറങ്ങാതിരിക്കാൻ ഞാൻ സംസാരിച്ചുകൊണ്ടേയിരുന്നു. എപ്പോഴാ അദ്ദേഹത്തിന് ഉറക്കം വന്നതെന്ന് എനിക്കറിയില്ല.

 

ആ സ്ഥലം നിരവധി അപകടങ്ങൾ നടന്ന സ്ഥലമാണെന്നൊക്കെ പിന്നീടാണ് അറിയുന്നത്. എന്നാൽ അതൊരു ജംഗ്ഷനായിരുന്നു. അവിടെ ഇൻഡിക്കേറ്ററൊന്നും ഇല്ലായിരുന്നു. അത്തരം ബോർഡുകളും ഇല്ലായിരുന്നു. അന്നത്ര സംവിധാനമൊന്നില്ലായിരുന്നു. പുലർച്ചെ സമയത്താണ് അപകടമുണ്ടാകുന്നത്. സൈഡിൽ നിന്ന് കയറി വന്ന ബസിന്റെ ലൈറ്റ് പോലും ഞാൻ കാണുന്നുണ്ട്. പെട്ടെന്നൊരു ബസ് നേരെ പോകുന്ന ഞങ്ങളുടെ കാറിനെ ഇടിക്കുകയായിരുന്നു. ഉറങ്ങാതിരുന്ന എനിക്ക് പോലും എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല. എല്ലാം പെട്ടെന്നാണ് സംഭവിച്ചത്. 

 

ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചുപോകുന്നു. കാർ പിന്നോട്ടുമറിയുന്നു. എല്ലാം പെട്ടെന്നാണ് സംഭവിച്ചത്. ആ സമയത്ത് ഓടിയെത്തിയത് നാട്ടുകാരാണ്. സിനിമാ മേഖലയിൽ ദിവസം മുഴുവൻ‌ ഡ്രൈവ് ചെയ്ത ഡ്രൈവർ തന്നെയാകും രാത്രിയും വാഹനമോടിക്കുക. തമിഴ് സിനിമയിലാണെങ്കിൽ രാത്രിയാത്രകൾ ഒരുപാട് കാണും. ഉറക്കം വരുന്നുണ്ടെങ്കിൽ വണ്ടി ഒതുക്കി വിശ്രമിച്ച ശേഷമെ യാത്ര തുടരാറുള്ളൂ.