shilna-sudhakaran

കഴിഞ്ഞ വർഷം ഓഗസ്റ്റ് 15നാണ് അധ്യാപകനും കവിയുമായ കെ.വി.സുധാകരൻ വാഹനപകടത്തിൽ മരിച്ചത്. സുധാകരന്റെ പെട്ടെന്നുളള വിടപറച്ചിൽ വിശ്വസിക്കാനോ ഉൾകൊളളാനോ ആത്മമിത്രങ്ങൾക്കോ വിദ്യാർത്ഥികൾക്കോ കഴിഞ്ഞതുമില്ല. സുധാകരന്റെ മരണത്തിനു ശേഷം തന്നെ ചേർത്തു നിർത്തുന്ന കരങ്ങളിൽ നിന്നും മോചിപ്പിക്കാൻ വിധിക്ക് ആകില്ലെന്ന വാചകങ്ങളോടെ ഭാര്യ ഷിൽന സുധാകരൻ സമൂഹമാധ്യമങ്ങളിൽ കുറിച്ച കണ്ണീർനനവുളള കുറിപ്പ് സമൂഹമാധ്യമങ്ങൾ നെഞ്ചോടു ചേർത്തിരുന്നു. ഷിൽന വീണ്ടും വാർത്തകളിൽ നിറയുകയാണ്. തന്നെ ചേർത്തു നിർത്തുകയും കൂടെ നടക്കുകയും മാഷെന്ന് സ്നേഹത്തോടെ വിളിക്കുകയും ചെയ്ത സുധാകരന്റെ ഓർമ്മകൾ വാനോളം ഉയർത്തിയതിന്.

സുധാകരനൊപ്പം ദീർഘനാളത്തെ കാത്തിരിപ്പിലായിരുന്നു ഷിൽന ഒരു കുഞ്ഞിനു വേണ്ടി. കുട്ടികളെ ഇരുവരും അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു.കോഴിക്കോട് എആർഎംസി ചികിൽസാ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സുധാകരന്റെ ബീജം മരണശേഷം ഭാര്യ ഷിൽനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു നടത്തിയ ചികിൽസയാണു ഫലം കണ്ടത്. പ്രണയവിവാഹിതരായ സുധാകരനും ഷിൽനയും നാലുവർഷം മുൻപാണു കുഞ്ഞുങ്ങൾക്കായി ചികിൽസ തുടങ്ങിയത്. കോഴിക്കോട്ടെ ചികിൽസാ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് നിലമ്പൂരിൽ വെച്ച് അപകടമുണ്ടായത്. സുധാകരന്റെ മരണശേഷവും ഷിൽനയുടെ തീരുമാനത്തിന് ഇളക്കമുണ്ടായില്ല. ബന്ധുക്കളെയും സുഹൃത്തുക്കളെയും അമ്പരപ്പിച്ചു കൊണ്ട് ചികിൽസ തുടരാൻ തീരുമാനിച്ചു. പിന്തിരിപ്പിക്കുന്ന വാക്കുകൾ അവൾ കേട്ടില്ല. പിന്തുണ നൽകി ബന്ധുക്കളും സുഹൃത്തുക്കളും കൂടെ നിന്നു. സുധാകരന്റെ അമ്മയ്ക്ക് ആണായും പെണ്ണായും സുധാകരനേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് കണ്ണൂര്‍ കൊയിലി ഹോസ്പിറ്റലിലെ ലേബർ റൂമിന് മുന്നിൽ ഷിൽന പ്രസവിച്ച രണ്ടോമന പെൺമക്കളെ നെഞ്ചോട് ചേർത്ത് സുധാകരന്റെ അമ്മ ഇന്ന് ചിരിച്ചു. മകൻ മരിച്ചതിനു ശേഷം ആദ്യമായി ആ മുഖത്ത് പുഞ്ചിരി വിടർന്നു. ഡോ.അമർ രാമചന്ദ്രന്റെ നേതൃത്വത്തിൽ വ്യാഴായ്ച രാവിലെ കണ്ണൂർ കൊയിലി ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ.

പ്രിയതമന്റെ മരണത്തിനു ശേഷം സമൂഹമാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ:

sudhakaran-shilna

സഹനത്തിന്റെ വഴിയിൽ നാം തനിച്ചാവുകയും ആരോരുമില്ലാതാവുകയും ചെയ്യുമ്പോൾ ആശ്വാസത്തിന്റെ ഒരു അദൃശ്യ ഹസ്തം നാമറിയാതെ നമുക്ക് നേരെ നീളുന്നു. ആ കൈകൾ ചിലപ്പോൾ നെഞ്ച് പൊട്ടുന്നൊരു അച്ഛന്റേതാവാം, സർവംസഹയായ ഒരുഅമ്മയുടേതാവാം, അതല്ലെങ്കിൽ ചേർത്ത് പിടിക്കുന്നൊരു സഹോദരന്റെയോ സഹോദരിയുടേതോ ആവാം, അതുമല്ലെങ്കിൽ ഏറ്റവും പ്രിയപ്പെട്ടൊരു സുഹൃത്തിന്റേതും ആവാം.

shilna-sudhakaran

ജീവിതം കീഴ്മേൽ മറിയുന്നൊരു ദിനം നമുക്ക് ഓരോരുത്തർക്കും ഉണ്ട്. ജീവിതമെന്ന പാഠപുസ്തകം ഓരോ ദിനങ്ങളിലും പുതിയ പുതിയ പാഠങ്ങൾ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. സമൂഹമാധ്യമങ്ങൾ ഷിൽനയ്ക്ക് അഭിവാദ്യം അർപ്പിക്കുന്നു. ആ സഹനത്തിനും കടന്നു പോയ വേദനകളിലും പങ്കുചേരുന്നു. നിഷ്കളങ്കമായ ആത്മാർത്ഥമായ ആ സ്നേഹത്തിനു മുമ്പിൽ അഭിവാദ്യം അർപ്പിക്കുന്നു.

സുധാകരന്റെ മരണശേഷം ഷിൽന ആദ്യമായി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം 

സഹനത്തിന്റെ വഴിയിൽ നാം തനിച്ചാവുകയും ആരോരുമില്ലാതാവുകയും ചെയ്യുമ്പോൾ ആശ്വാസത്തിന്റെ ഒരു അദൃശ്യ ഹസ്തം നാമറിയാതെ നമുക്ക് നേരെ നീളുന്നു...ആ കൈകൾ ചിലപ്പോൾ നെഞ്ച് പൊട്ടുന്നൊരു അച്ഛന്റേതാവാം,സർവംസഹയായ ഒരു

അമ്മയുടേതാവാം ,അതല്ലെങ്കിൽ ചേർത്ത് പിടിക്കുന്നൊരു സഹോദരന്റെയോ സഹോദരിയുടേതോ ആവാം ,അതുമല്ലെങ്കിൽ ഏറ്റവും പ്രിയപ്പെട്ടൊരു സുഹൃത്തിന്റേതും ആവാം....ജീവിതം കീഴ്മേൽ മറിയുന്നൊരു 

ദിനം നമുക്ക് ഓരോരുത്തർക്കും ഉണ്ട്....ജീവിതമെന്ന പാഠപുസ്തകം ഓരോ ദിനങ്ങളിലും പുതിയ പുതിയ പാഠങ്ങൾ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു കരുത്തു നൽകിക്കൊണ്ടിരിക്കുന്നു...

എന്‍റെ ജീവിതത്തിലെ ഏറ്റവും കഠിനമായ 82 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു...സഹനത്തിന്റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോഴും ആരെക്കുറിച്ചുള്ള ഓർമ്മകളാണോ ഇത്രയേറെ പീഡിതയാക്കുന്നതു, അതെ ഓർമ്മകൾ തന്നെ ജീവിതത്തിലേക്ക് തിരിഞ്ഞു നടക്കാൻ വീണ്ടും വീണ്ടും കരുത്തു പകരുന്നു..

ചിലപ്പോഴെല്ലാം മരണത്തേക്കാൾ ഭയാനകമാണ് ഈ ഏകാന്തത എന്ന് തോന്നാറുണ്ട്..അപ്പോഴെല്ലാം നാം ഒരുമിച്ചു ചിലവഴിച്ച നല്ല ദിനങ്ങൾ ഓർമിച്ചു കൊണ്ടോ,ആ മനോഹരമായ കൈപ്പടയിലൂടെ കണ്ണോടിച്ചോ ,ഇത്ര നാൾ ആ എഴുത്തു മുറിയുടെ ഭാഗമായിരുന്ന പുസ്തകങ്ങളും കണ്ണടയും തൊട്ടുനോക്കിയോ ,ഇതുവരെ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളൊക്കെയും തടവി തലോടിയോ ,സർവ്വോപരി കൂടുതൽ കൂടുതൽ

സ്നേഹിച്ചുകൊണ്ടോ ,തപ്പിയും തടഞ്ഞും ഈ ഇരുട്ടിനെ മറികടക്കാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ് ...ആ കാൽപ്പാടുകൾ പിന്തുടർന്ന് ,ജീവിതത്തിലേക്കു പിച്ചവെച്ചു നടന്നു കയറുന്നു ...

എന്റെ കണ്ണുനീർ മറ്റാരേക്കാളും വേദനിപ്പിക്കുന്നത് നിന്നെയാണെന്നറിയുന്നതു കൊണ്ട് തന്നെ പലപ്പോഴും ആ ഓർമ്മകൾക്ക് മുന്നിൽ മനപ്പൂർവ്വം കണ്ണുകൾ ഞാൻ ഇറുകിയടക്കുന്നു ...

വ്യസനിക്കാനല്ല നീ പഠിപ്പിച്ചത് ..ഒരുമിച്ചുണ്ടായിരുന്ന രാത്രികളിലും പകലുകളിലും പ്രതീക്ഷയാണ് സന്തോഷത്തിന്റെ കാതൽ എന്ന് പറഞ്ഞു തന്നു .പ്രതീക്ഷയ്ക്കു വിധിയെ മാറ്റാൻ കഴിയുമോ ?എന്നിരുന്നാലും ജീവിതയാത്രയെ സുഗമമാക്കാൻ സഹായികുമായിരിക്കും .ഒരുമിച്ചുണ്ടായിരുന്ന ലളിതവും സന്തോഷപൂർണ്ണമായ ജീവിതവര്ഷങ്ങൾ .

ഒന്നുമില്ലായ്മയിൽനിന്നു നമ്മൾ പടുത്തുയർത്തിയ ജീവിതപച്ചകൾ ..പൂജ്യത്തിൽ നിന്നും മൂല്യമുള്ളൊരു സംഖ്യയിലേക്കുള്ള പ്രയാണത്തിൽ ഒരു കൈതാങ്ങായെങ്കിലും കൂടെയുണ്ടാവാൻ കഴിഞ്ഞത് ഈ തകർച്ചയിലും എനിക്കാശ്വാസം പകരുന്നു .വിസ്മയകരമായ ആ പ്രണയം പകരുന്ന ഊർജം തന്നെയാണ് മുന്നോട്ട് ഇനിയുള്ള പ്രയാണത്തിന് പ്രചോദനവും ..

എന്നത്തേയുമെന്നത് പോലെ പ്രതിസന്ധികളിൽ ഏതൊരു കൈകളാണോ മുറുകെ പിടിച്ചിരുന്നത് ,ആരുടെ ചുമലുകളിലേക്കാണോ ആശ്വാസപൂർവ്വം ചാഞ്ഞിരുന്നത് അതെ കൈകൾ തന്നെ ഇപ്പോഴും മുറുകെപ്പിടിക്കുന്നു ,ആശ്വാസം കണ്ടെത്തുന്നു..ഈ തകർച്ചയും നേരിടാൻ എന്നെ നീ തന്നെ പ്രാപ്തയാക്കുന്നു ..

സത്യത്തിൽ ഒരു മരണവീട്ടിലേക്കു കയറി ചെല്ലുന്നതു പൊലെ എളുപ്പമല്ല ,മരണം വീട്ടിലേക്കു വരുമ്പോഴുള്ള അവസ്ഥ ..എന്നത്തേയും പോലെ സാധാരണമായ ഒരു ദിവസം എത്ര പെട്ടന്നാണ് ഏറ്റവും കഠിനവും ദുരിതപൂർണ്ണവുമായി മാറുന്നത് ...

ഏത്ര മനോഹരമായ ഒരു കുടുംബ ചിത്രത്തിൽ നിന്നുമാണ് മരണമേ പ്രിയപ്പെട്ടൊരാളെ നീ നിഷ്കരുണം അടർത്തി മാറ്റിയതു !!!ആ വിടവ് സൃഷ്ടിക്കുന്ന ശൂന്യത എത്രയേറെ അഗാധമാണ് !!!പ്രിയപ്പെട്ടൊരു വീടും തൊടികളും അതുമായി പൊരുത്തപ്പെടാനാവാതെ വിറങ്ങലിച്ചു നിൽക്കുന്നു ..

ഇന്നലെവരെ ഞാൻ ഇറുകിപ്പുണർന്നിരുന്ന പ്രിയപ്പെട്ടൊരാളാണ് ആ നിലത്തു വെള്ള തുണിയിൽ പൊതിഞ്ഞു കിടത്തിയിരുന്നത് എന്നു വിശ്വസിക്കുക ഹൃദയഭേദകമായിരുന്നു !!തണുത്തുറഞ്ഞ ആ ദേഹം സ്പർശിക്കാൻ പോലും ഞാൻ ഭയപ്പെട്ടു ..

അന്ത്യചുംബനം നൽകിയപ്പോൾ ഞാൻ ബോധത്തിനും അബോധത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ ഒരു അപസ്മാരബാധിതയെ പോലെ സഞ്ചരിച്ചു !ഒരിക്കലും ബോധം തെളിയാത്ത വിധം എന്തെങ്കിലും മരുന്നുകൾ തന്നു എന്നോയൊന്നു ഉറക്കിക്കിടത്തു് എന്നു പറയണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചു..

സ്നേഹവും ,പ്രണയവും പ്രതീക്ഷകളും ചേർത്ത് ഞങ്ങൾ പടുത്തുയര്ത്തിയ ആ വീടിന്റെ അകത്തളതിൽ എന്റെ പ്രിയപ്പെട്ട മാഷ് ,അവരുടെ പ്രിയപെട്ട ഏട്ടൻ എന്നന്നേക്കുമായി ഉറങ്ങിക്കിടന്നു .എത്രയെളുപ്പത്തിലാണ് മരണം ഓരോ വീട്ടിലേക്കും ചടുലതയോടെ കയറിവരുന്നത്..?ആരാണ് ജീവിതത്തിനു ഇത്രയും വിചിത്രമായ തിരക്കഥ എഴുതുന്നത്?സഹനത്തിന്റെ കൃത്യമായ നിർവചനം എന്താണ് ??

കണ്ണ് നിറയാതെയും കൈകൾ വിറയ്ക്കാതെയും ഈ കുറിപ്പ് പൂർത്തിയാക്കുമ്പോൾ സ്നേഹത്തോടെയും നന്ദിയോടെയും ഓർമ്മിക്കേണ്ട ചിലരുണ്ട് ..മരണസമയത്തും അതിനുശേഷവും എനിക്കും കുടുംബത്തിനും താങ്ങും തണലുമായി നിന്ന മാഷ്ടെ പ്രിയപെട്ട സുഹൃത്തുക്കൾ ..ബ്രണ്ണൻ കോളേജ് അദ്ധ്യാപക അനധ്യാപക സുഹൃത്തുക്കൾ ..മാഷടെ പ്രിയപെട്ട വിദ്യാർത്ഥികൾ ..നേരിട്ടും അല്ലാതെയും അശ്വാസവാക്കുകൾ ചൊരിഞ്ഞ പരിചിതരും അപരിചിതരുമായ സുഹൃത്തുക്കൾ .ഇപ്പോഴും താങ്ങും തണലുമായി നിൽക്കുന്ന എന്റെ പ്രിയപെട്ട സഹപ്രവർത്തകർ ..എളയട്ടെ പ്രിയപെട്ട നാട്ടുകാർ .ഞങ്ങളുടെ അച്ഛനമ്മമാർ ..സഹോദരൻ ,സഹോദരി ..മറ്റു ബന്ധുക്കൾ ...എല്ലാവര്ക്കും സ്നേഹം ,നന്ദി ..എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിന്‌ !!!ഇതിനേക്കാൾ അധികമായി ഈ പിറന്നാൾ ദിനത്തിൽ ഞാൻ എന്താണു നൽകേണ്ടത് പ്രിയപ്പെട്ടവനെ ..മരണത്തിനും മുകളിൽ തന്നെയാണു പ്രണയം എന്നുമെന്നും !!!