സിനിമയെ വെല്ലുന്ന വിഡിയോ ഷൂട്ടുകളാണ് ഇന്ന് വിവാഹങ്ങൾക്കായി ഒരുങ്ങുന്നത്. ചെക്കനും പെണ്ണും മുഖത്തോട് മുഖം നോക്കിയിരിക്കുന്ന പൈങ്കിളി വിവാഹ വിഡിയോയൊക്കെ ഇപ്പോൾ വഴിമാറി. സിനിമാ പാട്ടുപോലെയും ആൽബം പോലെയൊക്കെയുമാണ് ഇന്ന് വിവാഹങ്ങളുടെ പ്രമോ സോങ്ങുകൾ ഒരുങ്ങുന്നത്.
ഇപ്പോഴിതാ വിവാഹനാൾ സ്വപ്നം കണ്ടിരിക്കുന്ന ഏതൊരു ചെക്കനേയും പെണ്ണിനേയും കൊതിപ്പിക്കാൻ പോന്ന ഒരു ഐറ്റം പുറത്തിറങ്ങിയിരിക്കുകയാണ്. ടൊവിനോ നായകനാകുന്ന തീവണ്ടിയിലെ ജീവാംശമായ് എന്ന ഗാനത്തിന്റെ ചുവടു പിടിച്ചുള്ള ഒരു പോസ്റ്റ് വെഡിംഗ് വിഡിയോയാണ് സംഭവം. മനീഷ് – അശ്വനി ദമ്പതികളാണ് ഈ ജീവിത കഥയിലെ നായകനും നായികയും.
സിനിമയിൽ സിരഗറ്റ് വലിച്ച് ‘തീവണ്ടിയായി’ നടക്കുന്ന ടൊവിനോയെയാണ് കാണുന്നതെങ്കിൽ ഇവിടെ നായകൻ മനീഷാണ്. ടൊവിനോയുടെ സിഗരറ്റ് വലി കണ്ട് പൊറുതി മുട്ടുന്ന നായിക സംയുക്തയുടെ സ്ഥാനത്താകട്ടെ അശ്വനിയും.
ഇരുവർക്കുമിടയിലെ ഇണക്കവും പിണക്കവും പ്രണയവുമെല്ലാം മനോഹരമായി വെഡിംഗ് വിഡിയോയിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. സിനിമയിലേതു പോലെ ഇവിടെയും സിഗരറ്റ് തന്നെയാണ് വില്ലൻ. കൂട്ടുകാരോടൊപ്പം സിഗററ്റ് വലിക്കുന്ന മനീഷിനെ കണ്ടപ്പോൾ അശ്വനി കലിപ്പിലാകുന്ന രംഗമാണ് വിഡിയോയുടെ ഹൈലൈറ്റ്. അവസാനം ഉമ്മ കൊടുക്കാതെ അശ്വനി പ്രതിഷേധം അറിയിക്കുന്നതോടെ വിഡിയോ പൂർണമാകുന്നു.