tn-bus-students

തമിഴ് സിനിമകളിലെ സ്ഥിരം രംഗമാണ് ചെന്നൈ നഗരത്തിൽ ഒരു കൂട്ടം വിദ്യാർ‌ഥികൾ നടപ്പിലാക്കിയത്. ഒാടുന്ന ബസിന്റെ പടിക്കെട്ടിൽ ഉയർത്തിപ്പിടിച്ച വടിവാളുമായിട്ടായിരുന്നു ഇൗ സംഘത്തിന്റെ യാത്ര. ഇത്തരത്തിൽ നഗരത്തെ ഭീതിയിലാഴ്ത്തിയ നാലു വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. വടിവാൾ റോഡിൽ‌ ഉരസി തീപ്പൊരി സൃഷ്ടിക്കാനും സംഘം ശ്രമിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻപ്രതിഷേധമാണ് ഉയർന്നത്. പിന്നീടാണ് വാഷര്‍മാന്‍പേട്ട് പൊലീസ്  നാലു വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തത്.  

 

റെഡ് ഹില്‍സില്‍ നിന്ന് പുറപ്പെട്ട 57 എഫ് ബസിലായിരുന്നു ഇവരുടെ യാത്ര. മുഖത്ത് ടവല്‍ കെട്ടി വടിവാള്‍ ഉയർത്തി തമിഴ് സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഇവരുടെ ബസ് യാത്ര. പക്ഷേ വിവാദമായതോടെ ഇൗ വിദ്യാർഥിക്കൂട്ടം അകത്തായി. അറസ്റ്റിലായ വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി കുട്ടികളെ മര്‍ദ്ദിക്കുന്ന നാടകീയ രംഗങ്ങളും പൊലീസ് സ്റ്റേഷനില്‍ നടന്നു. മക്കള്‍ ചെയ്ത തെറ്റിന് മാതാപിതാക്കളും ബന്ധുക്കളും മാപ്പ് ചോദിച്ചു.  

 

അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയായ ശിവ എന്ന വിദ്യാര്‍ഥിയെ മാത്രം കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. മറ്റു മൂന്നു പേരെ ജുവനൈയില്‍ ഹോമിലേക്ക് അയച്ചിരിക്കുകയാണ്. റെഡ് ഹില്‍സില്‍ നിന്ന് പുറപ്പെട്ട 57 എഫ് ബസിലായിരുന്നു ഒരുപറ്റം വിദ്യാര്‍ഥികള്‍ വടിവാളുമായി യാത്ര ചെയ്ത് ഭീതി പരത്തിയത്.   ഇത്തരം സംഭവങ്ങള്‍ നേരത്തെയും നഗരത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മാരകായുധങ്ങളുമായി വിദ്യാര്‍ഥികള്‍ അക്രമങ്ങള്‍ നടത്തുന്ന സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.