Somnath-Chatterjee

TAGS

പാര്‍ട്ടി പുറത്താക്കിയപ്പോള്‍ നിരാശപ്പെട്ട സോമനാഥ്, രാജ്യത്തിന്‍റെ പോക്കില്‍ ആകുലപ്പെട്ട സോമനാഥ്; കേരളത്തില്‍ വര്‍ഗീയത പടരുന്നത് വേദനയായി മനസ്സിലിട്ട സോമനാഥ്. പലവട്ടം അദ്ദേഹത്തെ അരികെനിന്നു കണ്ട മനോരമ ന്യൂസ് ഡല്‍ഹി റിപ്പോര്‍ട്ടര്‍ പി.ബി.അനൂപ് എഴുതുന്നു

somnath-chatergee-five

മാപ്പു പറഞ്ഞ് മടങ്ങിവരാനും മാത്രം തെറ്റൊന്നും താന്‍ പാര്‍ട്ടിയോട് ചെയ്തിട്ടില്ലെന്നാണ് സോമനാഥ് ചാറ്റര്‍ജി അവസാന നിമിഷം വരെ ഉറച്ചുവിശ്വസിച്ചിരുന്നത്. ഒരാള്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ അയാള്‍ കമ്മ്യൂണിസ്റ്റല്ലാതാകുമോ? ഒറ്റ അര്‍ഥത്തില്‍ അല്ല എന്ന് തന്നെ പറയാം. കമ്മ്യൂണിസ്റ്റ് നിലപാടുകള്‍ പാര്‍ട്ടിയുടെ ചുവരുകളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന് സോമനാഥ് ചാറ്റര്‍ജി ആവര്‍ത്തിച്ചു പറയും. അതുപറയുമ്പോഴും നിരാശയുടെ തമോഗര്‍ത്തങ്ങള്‍ അദ്ദേഹത്തെ പിടിച്ചുവലിച്ചുകൊണ്ടിരിക്കും. 

 

IND31138B

സ്പീക്കറായിരുന്ന അഞ്ചുവര്‍ഷം അദ്ദേഹം ഏറ്റവും അധികം പറഞ്ഞ വാക്ക് "I don't care'' എന്നതായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടശേഷം അദ്ദേഹം ആവര്‍ത്തിച്ച് ഉപയോഗിച്ച വാക്ക് "I am disappointed'' എന്നതായിരുന്നു.‌

പ്രഗല്‍ഭനായ പാര്‍ലമെന്‍റേറിയന്‍, പ്രായോഗികവാദിയായ രാഷ്ട്രീയ നേതാവ്, പരിണിതപ്രജ്ഞനായ ബാരിസ്റ്റര്‍. ഇങ്ങിനെ അടയാളപ്പെടുത്താം സോമനാഥ് ചാറ്റര്‍ജിയെ. 

 

അച്ഛന്‍ നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയും പ്രമുഖ നിയമജ്ഞനായിരുന്നു. പക്ഷെ, ഹിന്ദുമഹാസഭാ നേതാവ് എന്ന നിലയിലാണ് നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയെ രാഷ്ട്രീയമായി അടയാളപ്പെടുത്താന്‍ കഴിയുക. മഹാത്മാ ഗാന്ധിയെ നാഥുറാം ഗോഡ്സെ വധിക്കുന്ന സമയത്ത് ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്നു. ഹിന്ദുമഹാസഭ വിട്ട നിര്‍മ്മല്‍ ചന്ദ്ര സ്വതന്ത്ര സ്ഥാനാര്‍ഥിയായി പലതവണ മല്‍സരിക്കുകയും അവസാനത്തെ രണ്ടുതവണ ഇടതുപക്ഷം പിന്തുണ നല്‍കുകയും ചെയ്തു.

IND2525B

 

സോമനാഥ് ചാറ്റര്‍ജി പത്തുതവണ ലോക്സഭാംഗമായിരുന്നു. നാല്‍പതുവര്‍ഷത്തെ പാര്‍ലമെന്‍ററി ജീവിതം. ജീവിതത്തില്‍ പരാജയം രുചിച്ചത് 1984ല്‍. ജാദവ്പൂര്‍ മണ്ഡലത്തില്‍ മുട്ടുമടക്കിയത് കോണ്‍ഗ്രസിന്‍റെ അന്നത്തെ തീപ്പൊരി യുവനേതാവ് മമത ബാനര്‍ജിയോടായിരുന്നു. 

 

ശരീരവും ശാരീരവും ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഗംഭീരം. മുഴക്കമുള്ള ശബ്ദത്തില്‍ അണമുറിയാത്ത ഇംഗ്ലീഷ് പ്രവാഹം. കേംബ്രിജ് സര്‍വകലാശാലയില്‍ നിന്നാണ് നിയമ ബിരുദം നേടിയത്. ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് സോമനാഥ് ചാറ്റര്‍ജി ലോക്സഭയുടെ െഹഡ്മാസ്റ്ററാകുന്നത്. 2004 മുതല്‍ 2009വരെ. സ്പീക്കര്‍ പദവിയില്‍ പാലിക്കേണ്ട നിഷ്പക്ഷതയാണ് സോമനാഥ് ദായുടെ ഏറ്റവും വലിയ ഗുണമായി എടുത്തുപറഞ്ഞിരുന്നത്. അതിന്‍റെ പേരില്‍ തന്നെയാണ് തന്‍റെ പ്രസ്ഥാനത്തില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നതും. 

 

IND26140B

ഇന്ത്യ–അമേരിക്ക ആണവകരാറിന്‍റെ പേരില്‍ സിപിഎം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ സോമനാഥിനോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടു. സോമനാഥ് വഴങ്ങിയില്ല. സ്പീക്കര്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അതീതനായിരിക്കണമെന്നായിരുന്നു എതിര്‍ വാദം. സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ പാര്‍ട്ടി അംഗത്വം രാജിവെയ്ക്കണമെന്ന് വരെ അദ്ദേഹം നിലപാടെടുത്തു. പ്രിയമിത്രമായ ജ്യോതി ബസു അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അങ്ങിനെ 2008 ല്‍ പൊളിറ്റ്ബ്യൂറോ ആ നിര്‍ണായക തീരുമാനമെടുത്തു. സോമനാഥ് പടിക്കു പുറത്ത്. ജീവതത്തിലെ ഏറ്റവും ദു:ഖകരമായ ദിനം എന്നാണ് സോമനാഥ് എന്നും ഒാര്‍ത്തു പറയാറ്.

 

ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാതിരുന്നത് ഒരു ചരിത്രപരമായ മണ്ടത്തരമായിരുന്നെങ്കില്‍, അതിന്‍റെ തനിയാവര്‍ത്തനമായിരുന്നു സോമനാഥിന്‍റെ കാര്യത്തിലും നടന്നതെന്ന് വിലയിരുത്തുന്നവരുണ്ട്. യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചതും സോമനാഥിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും ബംഗാള്‍ ഘടകവും സിപിഎം കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗവും തമ്മിലുള്ള ഉലച്ചിന് വഴിവെച്ചു. ആ ഭിന്നതയുടെ ആഴം ഇപ്പോഴും കൂടിയിട്ടേ ഉള്ളൂ. പ്രകാശ് കാരാട്ടും കൂട്ടരുമാണ് പോരിന്‍റെ ഒരു വശത്ത്. പാര്‍ട്ടി അണികളില്‍ നിന്നും, നേതാക്കള്‍ ജനങ്ങളില്‍ നിന്നും അകന്നുവെന്നാണ് അവസാന നാളുകളില്‍ സോമനാഥ് ചാറ്റര്‍ജി പങ്കുവെച്ചിരുന്ന ആശങ്ക. 

 

34 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ബംഗാളില്‍ ചെങ്കോട്ട തകരുന്നതിന് സോമനാഥ് സാക്ഷിയായി. തകര്‍ച്ചയുടെ കാലത്ത് ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടിനെ സോമനാഥ് പലപ്പോഴും അതിരൂക്ഷമായി വിമര്‍ശിച്ചു. കെട്ടിടങ്ങളും കൊട്ടിയടച്ച മുറികളിലെ ചര്‍ച്ചകളും പാര്‍ട്ടിയെ വളര്‍ത്തില്ല എന്ന് ചൂണ്ടിക്കാട്ടി. നേതാക്കള്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങണം. ഇ.എം.എസും എ.കെ.ജിയും ഉള്‍പ്പെടെ ജനപ്രിയ നേതാക്കളുണ്ടായിരുന്നതുകൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തില്‍ വളര്‍ന്നു. പ്രമോദ് ദാസ് ഗുപ്തയും ജ്യോതി ബസുവുമൊക്കെ ഉണ്ടായിരുന്നത് കൊണ്ട് ബംഗാളില്‍ ചുവന്ന സൂര്യന്‍ അസ്തമിക്കാതെ നിന്നു. പ്രകാശ് കാരാട്ടിന്‍റെ കാലം തൊട്ട് പ്രശ്നങ്ങള്‍ തുടങ്ങിയെന്നാണ് സോമനാഥിന്‍റെ കുറ്റപ്പെടുത്തല്‍. 

 

ബംഗാളില്‍ ചുവപ്പ് അസ്തമിച്ചു. ഇനി ചുവന്ന സൂര്യോദയങ്ങള്‍ ബംഗാളില്‍ വീണ്ടുമുണ്ടാകുമോയെന്നത് സംശയമാണെന്ന് സോമനാഥ് നിരാശപ്പെട്ടു. ജനകീയ നേതാക്കളില്ലാത്തതുകൊണ്ട് പാര്‍ട്ടി മൂന്ന് സംസ്ഥാനങ്ങളില്‍ ഒതുങ്ങിപ്പോയതെന്നാണ് വിലയിരുത്തല്‍. സീതാറാം യച്ചൂരി ജനറല്‍സെക്രട്ടറിയായ ശേഷം സോമനാഥ് ചാറ്റര്‍ജിയെ പാര്‍ട്ടിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമങ്ങളുണ്ടായി. എന്നാല്‍ പാര്‍ട്ടി പുറത്താക്കിയ ഒരാള്‍ക്ക് മടങ്ങിയെത്തണമെങ്കില്‍ തെറ്റ് ഏറ്റുപറഞ്ഞ് പ്രാഥമിക അംഗത്വത്തിന് അപേക്ഷിക്കണം. അതിന് താന്‍ തയ്യാറല്ലെന്നാണ് സോമനാഥ് സ്വീകരിച്ച നയം. 

 

കാര്‍ക്കശ്യക്കാരനായ സ്പീക്കറായിരുന്നു സോമനാഥ് ചാറ്റര്‍ജി. പാര്‍ലമെന്‍റ് സ്തംഭനങ്ങളോട് ഒട്ടും വിട്ടുവീഴ്ച്ചയില്ല. സ്പീക്കറായിരിക്കെയുള്ള ഒരു രസകരമായ അനുഭവം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ലോക്സഭയില്‍ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷനേതാവ് സഭാ ന‌ടപടികള്‍ ആരംഭിക്കുന്നതിന് മുന്‍േപ അറിയിക്കുമായിരുന്നു. പ്രതിപക്ഷ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യരുതെന്ന് മാധ്യമപ്രവര്‍ത്തകരോട് സോമനാഥ് നിര്‍ദേശിക്കും. പ്രതിഷേധക്കാര്‍ക്ക് നെഗറ്റീവ് പബ്ലിസിറ്റി നല്‍കരുതെന്നാണ് അദ്ദേഹത്തിന്‍റെ വാദം. സഭയില്‍ നടക്കുന്ന സുപ്രധാന ചര്‍ച്ചകളും നിര്‍ണായക പ്രസംഗങ്ങളും വാര്‍ത്തകളില്‍ ഇടംപിടിക്കാതെ പോകുന്നത് ഒഴിവാക്കാനാണത്രേ അദ്ദേഹത്തിന്‍റെ ഈ ഇടപെടല്‍.

 

പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച ഒരു നടനാണെന്ന് സോമനാഥ് ആവര്‍ത്തിച്ച് പരിഹസിക്കുമായിരുന്നു. സംഘപരിവാര്‍ രാഷ്ട്രീയം നാള്‍ക്കുനാള്‍ കരുത്താര്‍ജിക്കുന്നതില്‍ അദ്ദേഹം ആകുലപ്പെട്ടു. ‘ഈ രാജ്യത്തെ ദൈവം സാഹായിക്കട്ടെ!’  എന്ന് അവസാന കാലത്തെ ഒരു അഭിമുഖത്തില്‍ അദ്ദേഹം വേദനയോടെ പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ അദ്ദേഹം ആശങ്കപ്പെട്ടു. 1947 ല്‍ ഇന്ത്യയ്ക്ക് സ്വാന്ത്ര്യം കിട്ടുമ്പോള്‍ സോമനാഥ് വിദ്യാര്‍ഥിയായിരുന്നു. 

 

അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യപ്പുലരിയില്‍ ഭാവിയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിരുന്നുവെന്ന് അദ്ദേഹം പറയുമായിരുന്നു. പക്ഷെ, പതിറ്റാണ്ടുകള്‍ക്കിപ്പുറവും അത് യാഥാര്‍ഥ്യമായില്ലെന്ന നിരാശയും അദ്ദേഹം പങ്കുവെയ്ക്കും. ഒപ്പം പ്രതീക്ഷകളുടെ വാതില്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്ന സമാശ്വാസവും.