അമ്മയാകാന്‍ പോകുന്നതിന്‍റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിർസ. പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെയാണ് സാനിയ വിവാഹം ചെയ്തത്. ജനിക്കാൻ പോകുന്ന കുട്ടി ക്രിക്കറ്റ് താരമാകുമോ അതോ ടെന്നിസ് താരമോകുമോ, ഇന്ത്യക്കു വേണ്ടി കളിക്കുമോ അതോ പാകിസ്താനു വേണ്ടി കളിക്കുമോ തുടങ്ങി നിരവധി ചോദ്യങ്ങളുണ്ട് ആരാധകർക്ക്. ഇതിനെല്ലാം സാനിയ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നു. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.
ടെന്നിസ് താരമോ ക്രിക്കറ്റ് താരമോ അ്ലല, ജനിക്കാൻ പോകുന്ന കുട്ടി ഡോക്ടറാകണമെന്നാണ് തന്‍റെ ആഗ്രഹമെന്നാണ് സാനിയ മറുപടി പറഞ്ഞത്. ഏതു രാജ്യത്തിന്‍റെ പൗരത്വമായിരിക്കം കുട്ടി സ്വീകരിക്കുക എന്ന ചോദ്യത്തിന് ചിലപ്പോൾ ഇന്ത്യയുടെയോ പാകിസ്താന്‍റെയോ അല്ല, മൂന്നാമതൊരു രാജ്യത്തിന്‍റെ പൗരത്വമായിരിക്കും കുട്ടി സ്വീകരിക്കുക എന്നും കുട്ടിയുടെ പൗരത്വത്തെക്കുറിച്ചൊന്നും താൻ ചിന്തിക്കുന്നതേ ഇല്ലെന്നുമായിരുന്നു സാനിയയുടെ വൈറൽ ഉത്തരം. ജനിക്കാന്‍ പോകുന്നത് ആൺകുട്ടിയായാലും പെൺകുട്ടിയായാലും തനിക്ക് സന്തോഷമാണെന്നും എന്നാൽ ഷുഹൈബിന് പെൺകുട്ടിയെ വേണമെന്നാണ് ആഗ്രഹമെന്നും സാനിയ പറഞ്ഞു.