മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ മകൾ നന്ദനയുടെ ഓർമകളിൽ കാൻസർ പരിചരണ വാർഡ് തുടങ്ങുമെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. പരുമല സെന്റ് ഗ്രിഗേറിയോസ് ഇന്റർ നാഷണൽ കാൻസർ സെന്ററിലെ പുതിയ വാർഡുകളിലൊന്നിനാണ് പേരിടുക . സ്ഥാപനത്തിലേക്കായി ചിത്രയുടെ ആരാധകർ സ്വരൂപിച്ച തുക ബാവയ്ക്ക് കൈമാറി. 

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ സ്വപ്ന പദ്ധതികളിലൊന്നാണ് പരുമലയിലെ ഇന്റർനാഷണൽ കാൻസർ സെന്റർ. സ്ഥാപനം നിർമിക്കുന്നതിനുള്ള ആദ്യ സംഭാവന നൽകിയവരിൽ ഒരാൾ ചിത്രയാണ്. അവർക്ക് നന്ദി അറിയിക്കുന്നതിന് കൂടിയാണ് ബാവ ചെന്നൈ സാലിഗ്രാം ദശരഥ പുരത്തെ ചിത്രയുടെ വീട്ടിലെത്തിയത്. കാൻസർ വാർഡുകളിലൊന്ന് ചിത്രയുടെ മകൾ നന്ദനയുടെ പേരിൽ അറിയപ്പെടും.

എല്ലാ വിധ സഹായങ്ങളും തുടർന്നുമുണ്ടാകുമെന്നും ചിത്രയും പറഞ്ഞു. 2016 ലാണ് കാൻസർ സെന്റർ ആരംഭിച്ചത്. പാവപെട്ടവർക്ക് സൗജന്യ കാൻസർ ചികിത്സ ഉറപ്പാക്കുന്നതിനായുള്ള സ്നേഹ സ്പർശം പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്.