mobile-aap-crime

"എന്‍റെ പിന്നാലെ ആരോ ഉണ്ടെന്നായിരുന്നു ഞാന്‍ വിചാരിച്ചത് സാറെ. ഞാന്‍ എപ്പോള്‍ ഉണര്‍ന്നു,എപ്പോള്‍ ഉറങ്ങി,എവിടെയൊക്കെ പോയി,ആരോടൊക്കെ സംസാരിച്ചു ,എന്തൊക്കെ സംസാരിച്ചു തുടങ്ങിയെല്ലാം എന്‍റെ ഭാര്യ എന്നോട് അക്ഷരം തെറ്റാതെ പറയുമ്പോള്‍ ഞാന്‍ പിന്നെയെന്തു കരുതണം. എന്നെ നിരീക്ഷിക്കാന്‍ ഭാര്യ ആരെയോ പിന്നാലെ വിട്ടിട്ടുണ്ടെന്ന പേടിയില്‍ ദിവസങ്ങളോളം വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഞാനിരുന്നു..."

 

എളമക്കര പൊലീസ് സ്റ്റേഷനു മുന്നില്‍ നിന്ന് ഇതു പറയുമ്പോള്‍ ആ യുവാവിന്‍റെ കണ്ണില്‍ പേടി നിറയുന്നത് കാണാമായിരുന്നു.വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ പലപ്പോഴും കണ്ഠമിടറി അയാള്‍  നിന്നു. അയാളെന്നല്ല,അയാള്‍ കടന്നു പോയ സാഹചര്യം ജീവിതത്തിലുണ്ടായാല്‍ നമ്മളിലാരായാലും തകര്‍ന്നു പോകും. സമാനതകളില്ലാത്ത തട്ടിപ്പിനാണ് എളമക്കര സ്വദേശിയായ യുവാവ് ഇരയായത്.

 

ഉപജീവനം തേടി ഗള്‍ഫില്‍ പോയ യുവാവ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അവധിക്ക് നാട്ടിലെത്തിയതോടെയായിരുന്നു സംഭവങ്ങളുടെയെല്ലാം തുടക്കം. ഗള്‍ഫിലേക്ക് പോകും മുമ്പ് തന്നോട് ഏറ്റവും സ്നേഹത്തില്‍ കഴിഞ്ഞിരുന്ന ഭാര്യ തന്നെ ഒഴിവാക്കുന്നതായി അയാള്‍ക്കു തോന്നി. രണ്ടു വര്‍ഷം കൊണ്ട് ഗള്‍ഫില്‍ നിന്നയച്ച ഏഴു ലക്ഷം രൂപയോളം വരുന്ന പണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഭാര്യ ഒഴിഞ്ഞു മാറുന്നത് കണ്ടതോടെ യുവാവിന്‍റെ മനസില്‍ സംശയങ്ങള്‍ നിറഞ്ഞു. ഇതേചൊല്ലി ഭാര്യയുമായി പലപ്പോഴും വാക്കുതര്‍ക്കമായി. എളമക്കരയിലെ യുവാവിന്‍റെ വീട്ടില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ ഒന്നും പറയാതെ ആറു വയസുളള കുട്ടിയെയും കൂട്ടി ഭാര്യ അമ്പലപ്പുഴയിലെ സ്വന്തം വീട്ടിലേക്ക് പോയി.

 

ഏതു കുടുംബത്തിലും ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ തമ്മിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസമായാണ് ഭാര്യയുെട ഈ പോക്കിനെ യുവാവ് കണ്ടത്. പക്ഷേ പിന്നെയാണ് കേട്ടുകേള്‍വി പോലുമില്ലാത്ത തട്ടിപ്പിനാണ് താന്‍ ഇരയായതെന്ന് യുവാവ് തിരിച്ചറിഞ്ഞത്. പിണങ്ങിപ്പോയ ഭാര്യ യുവാവിനെ എന്നും വിളിച്ചു. യുവാവ് ഓരോ ദിവസവും ചെയ്ത കാര്യങ്ങളെ കുറിച്ചും,എവിടെയെല്ലാം പോയി എന്നതിനെ കുറിച്ചും ആരോടെല്ലാം എന്തെല്ലാം സംസാരിച്ചു എന്നതിനെ കുറിച്ചുമെല്ലാം അക്ഷരം തെറ്റാതെ അയാളോട് പറഞ്ഞു. മൊബൈല്‍ ഫോണില്‍ കണ്ട സിനിമ ഏതെന്നും വാട്ട്്സ് ആപ്പില്‍ ആരോടെല്ലാം ചാറ്റ് ചെയ്തു എന്നും തുടങ്ങി യുവാവിന്‍റെ ഓരോ നീക്കങ്ങളും നേരില്‍ക്കണ്ട പോലെ ഭാര്യ പറയാന്‍ തുടങ്ങി. തന്നെ നിരീക്ഷിക്കാന്‍ ഭാര്യ ആരെയോ പിന്നാലെ അയച്ചിട്ടുണ്ടെന്നായിരുന്നു യുവാവിന്‍റെ ആദ്യ ധാരണ. ഇതോടെ അയാള്‍ വീടു വിട്ട് പുറത്തിറങ്ങാന്‍ പോലും മടിച്ചു. പക്ഷേ അപ്പോഴും വീട്ടിനുളളിലെ യുവാവിന്‍റെ ഓരോ നീക്കങ്ങളെ കുറിച്ചും എന്നും വിളിച്ചു പറഞ്ഞ് ഭാര്യ അയാളെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. 

 

ഇതോടെയാണ് താനറിയാതെ തന്നെ എന്തോ കെണിയില്‍ ഭാര്യ പെടുത്തിയെന്ന തോന്നല്‍ യുവാവിനുണ്ടായത്. ഇതിനിടെ യുവാവ് നേരിടുന്ന പ്രശ്നത്തെ കുറിച്ചറിഞ്ഞ കൊച്ചി നഗരത്തില്‍ തന്നെയുളള ഐടി വിദഗ്ധനായ സുഹൃത്ത് സഹായത്തിനെത്തി.  യുവാവിന്‍റെ മൊബൈല്‍ ഫോണില്‍ സുഹൃത്ത് നടത്തിയ ആദ്യ പരിശോധനയില്‍ തന്നെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. ഏതു തരത്തിലാണ് ഹാക്കിങ് നടന്നതെന്ന അന്വേഷണമാണ് പിന്നീട് നടത്തിയത്. ഈ അന്വേഷണത്തിലാണ് യുവാവറിയാതെ യുവാവിന്‍റെ ഭാര്യ ഒരു ട്രാക്കിങ് ആപ്ലിക്കേഷന്‍ യുവാവിന്‍റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നും ഇതുപയോഗിച്ചാണ് ഭാര്യ നിരീക്ഷിക്കുന്നതെന്നുമുളള കാര്യം വ്യക്തമായത്.  എന്നാല്‍ കേവലം പ്ലസ്് ടു വിദ്യാഭ്യാസം മാത്രമുളള ഭാര്യയ്ക്ക് ഇത്ര സങ്കീര്‍ണമായ ഒരു തട്ടിപ്പ് നടത്താനാകില്ലെന്ന് യുവാവിന് ഉറപ്പായിരുന്നു. ഇതോടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ കണ്ടെത്താനായി ശ്രമം. ദിവസങ്ങള്‍ നീണ്ട ശ്രമത്തിനുളളില്‍ ഫോണില്‍ ഹൈഡ് ചെയ്തിരുന്ന ആപ്ലിക്കേഷന്‍ കണ്ടെത്തി. 

 

യുവാവിന്‍റെ മൊബൈല്‍ ഫോണിലെ കാമറയടക്കം പ്രവര്‍ത്തിപ്പിച്ചാണ് ഹാക്കിങ് നടത്തുന്നതെന്ന് വ്യക്തമായി. ഹാക്കറുടെ കയ്യിലെ ഫോണില്‍ യുവാവിന്‍റെ ഓരോ നീക്കങ്ങളും കാണാമെന്നും കേള്‍ക്കാമെന്നും വ്യക്തമായി. ഇതോടെയാണ് ഹാക്കര്‍ അറിയാതെ ഹാക്കറെ കണ്ടെത്താന്‍ ഐടി വിദഗ്ധനായ സുഹൃത്ത് ശ്രമം തുടങ്ങിയത്. ഒടുവില്‍ രണ്ടാഴ്ച മുമ്പ് അയാളെ കണ്ടെത്തി. യുവാവിന്‍റെ ഫോണ്‍ ചോര്‍ത്താന്‍ ഭാര്യ ഇന്‍സ്റ്റാള്‍ ചെയ്ത ആ ആപ്ലിക്കേഷന്‍റെ മറുതലയ്ക്കല്‍ ഒരു പുരുഷനാണെന്ന് വ്യക്തമായി. യുവാവിന്‍റെ ഫോണിലൂടെ തന്നെ മറുതലയ്ക്കലുളളയാളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ശബ്ദവുമെല്ലാം പകര്‍ത്താന്‍ അതേ ആപ്ലിക്കേഷനിലൂടെ സുഹൃത്തായ ഐടി വിദഗ്ധന് കഴിഞ്ഞു. അമ്പലപ്പുഴക്കാരനായ അജിത്താണ് മറുതലയ്ക്കലെന്നും ഭാര്യയുടെ അയല്‍വാസിയാണ് ഇയാളെന്നും കൂടുതല്‍ അന്വേഷണത്തില്‍ തെളിഞ്ഞു. എംബിഎ ബിരുദധാരിയായ അജിത് ആലപ്പുഴയിലെ  സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണെന്നും അജിത്തിന്‍റെ ബുദ്ധിയിലുദിച്ചതാണ് ഈ 'ആപ്ലിക്കേഷന്‍ തട്ടിപ്പെന്നും' വ്യക്തമായി.

 

ചില സിനിമകളിലും മറ്റും കണ്ടിട്ടുളളതല്ലാതെ ഇത്തരത്തിലൊരു തട്ടിപ്പ് സ്വന്തം ജീവിതത്തിലുണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും ആലോചിച്ചിട്ടില്ലാത്ത ശരാശരി മലയാളികളിലൊരാളായ യുവാവ് ഈ ഘട്ടത്തിലാണ് സഹായം തേടി കൊച്ചി സിറ്റി പൊലീസിനെ സമീപിക്കുന്നത്. പൊലീസിനും പുതുമയായിരുന്നു ഇത്തരത്തിലൊരു കേസ് . ഈ ഘട്ടത്തിലൊന്നും തന്നെ തന്‍റെ തട്ടിപ്പിനെ കുറിച്ച് യുവാവ് അറിഞ്ഞ കാര്യം യുവാവിന്‍റെ ഭാര്യയോ ഭാര്യയുടെ കാമുകനായ അജിത്തോ അറിഞ്ഞിരുന്നില്ല. ഒടുവില്‍ സിറ്റി പൊലീസിലെ പ്രത്യേക സംഘം വെളളിയാഴ്ച വൈകിട്ടോടെ ആലപ്പുഴ കരുവാറ്റയില്‍ നിന്ന് അജിത്തിനെ പിടികൂടുകയായിരുന്നു. 

 

ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതും യുവാവിനെ നിരീക്ഷിച്ചതും യുവാവിന്‍റെ ഭാര്യ തന്നെയാണെന്നാണ് അജിത്ത് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ യുവാവിന്‍റെ മൊബൈല്‍ ഫോണില്‍ നിന്നുളള ദൃശ്യങ്ങള്‍ എങ്ങനെ തന്‍റെ ഫോണിലെത്തിയെന്ന ചോദ്യത്തിന് മുന്നില്‍ അജിത്തിന് ഉത്തരംമുട്ടി. അജിത്തിന്‍റെ ഇ-മെയില്‍ ഐഡി വഴിയാണ് യുവാവിന്‍റെ ഫോണ്‍ ഹാക്ക് ചെയ്തത് എന്നതും കുറ്റകൃത്യത്തിലെ അജിത്തിന്‍റെ പങ്കാളിത്തം തെളിയിക്കാനുളള മറ്റൊരു തെളിവാണ്.

 

അജിത്ത് അറസ്റ്റിലായെങ്കിലും ഭാര്യയുമൊത്തുളളതടക്കമുളള തന്‍റെ സ്വകാര്യ ദൃശ്യങ്ങളെ കുറിച്ചോര്‍ത്ത് ആശങ്കയിലാണ് ചതിക്കിരയായ യുവാവ്. പകവീട്ടാന്‍ ഭാര്യയോ അജിത്തോ നാളെ ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമോ എന്ന പേടിയിലാണ് ഈ ചെറുപ്പക്കാരന്‍. "ആറു വയസുളള കുട്ടിയുണ്ടെനിക്ക്. നാെള ഈ ദൃശ്യങ്ങള്‍ എങ്ങിനെയെങ്കിലും പുറത്തു വന്നാല്‍ ആത്മഹത്യ മാത്രമാണെനിക്ക് മുന്നിലെ വഴി. നിറകണ്ണുകളോടെ അയാള്‍ പറഞ്ഞവസാനിപ്പിച്ചു. "