ഒരു ചെറിയ ഇടവേളയ്ക്കു ശേഷം സോഷ്യൽമീഡിയയിൽ പുതിയ ചലഞ്ച് വന്നിരിക്കുന്നു. മറ്റു വെല്ലുവിളികളിൽ നിന്നും വ്യത്യസ്തമായി അൽപം അപകടം പിടിച്ച ഇനം തന്നെയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും പുറത്തിറങ്ങി ഡാൻസ് കളിക്കുന്നതാണ് ചലഞ്ച്. നൃത്തം ചവിട്ടിക്കൊണ്ടു തന്നെ കാറിൽ കയറുകയും വേണം. പരുക്കേൽക്കാൻ സാധ്യത കൂടുതലുള്ള ചലഞ്ചിനു കീകീ എന്നാണ് പേരിട്ടിരിക്കുന്നത്. ചലഞ്ചിനെതിരെ നിരവധി വിമർശനങ്ങൾ ഇതിനോടകം ഉയർന്നു കഴിഞ്ഞു. ദൈവാധീനം കൊണ്ട് കാര്യമായ അപകടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 

 

ഇതിനിടെ മലയാളത്തിന്റെ പ്രിയതാരങ്ങളേയും കോർത്തിണക്കി പുറത്തിറക്കിയ കീകീ വിഡിയോ വൈറലായിരിക്കയാണ്. നാണയം എന്ന സിനിമയിൽ മോഹൻലാലും മമ്മൂട്ടിയും ഗാനരംഗത്തിൽ ഓടുന്ന ജീപ്പിൽ നിന്നും ഇറങ്ങി നൃത്തം വയ്ക്കുന്ന സീനാണ് സോഷ്യൽമീഡയിൽ പ്രചരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലുമാണോ കീകീ ഡാൻസിന്റെ ആശാൻമാരെന്ന ചോദ്യം കൂടി വിഡിയോയുടെ കൂടെ ചേർത്തിട്ടുണ്ട്. 

 

പ്രത്യേക അറിയിപ്പ്: ഒരു കാരണവശാലും കീകീ ചലഞ്ച് അനുകരിക്കരുത്. അപകടസാധ്യത കൂടുതലാണ്.