hanan-fb-live

ഉപജീവനത്തിനായി മീന്‍ വില്‍ക്കാനിറങ്ങിയ വിദ്യാര്‍ത്ഥിനി ഹനാനെ പിന്തുണച്ചും എതിര്‍ത്തും സമൂഹമാധ്യമങ്ങളില്‍ വാദപ്രതിവാദങ്ങള്‍ തുടരുന്നു. വയനാട് സ്വദേശിയും കൊച്ചിയിൽ താമസക്കാരനുമായ നൂറുദ്ദീൻ ഷെയ്ഖ് എന്ന വ്യക്തി ഇന്നലെ ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഹനാനിനെതിരെ സോഷ്യൽ ലോകത്തെ തിരിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. ഈ ലൈവിന് താഴെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേരാണ് എത്തുന്നത്. 

ഹനാൻ നാട്ടുകാരെ വഞ്ചിച്ചു എന്ന കഥ ആദ്യം മുതൽ വന്നിട്ടുള്ളത് ഒരൊറ്റ പ്രൊഫൈലിൽ നിന്നാണെന്ന ആരോപണവുമായി ഡോക്ടറും സാമൂഹ്യപ്രവര്‍ത്തകനുമായ നെൽസൺ ജോസഫ് ഫെയ്സ്ബുക്കിൽ രംഗത്തെത്തി. 

hanan-cry

‘ഏതോ ഒരു നൂറുദ്ദീൻ ഷെയ്ഖ്. കാര്യമായ തെളിവ് എന്തെങ്കിലും കിട്ടുമെന്ന് കരുതി അയാളുടെ ലൈവ് വീഡിയോ മുഴുവൻ ഇരുന്നുകണ്ടു. ഹനാൻ നവരത്നമോതിരമിട്ടിരിക്കുന്നുവെന്നും ഗ്ലൗസ് ഇട്ടാണ് മീൻ വിൽക്കുന്നതെന്നും തരക്കേടില്ലാത്ത വസ്ത്രം ധരിക്കുന്നെന്നും അരുൺ ഗോപിയും മറ്റും അവളെ വിളിച്ചെന്നുമാണ് അയാൾ പറഞ്ഞ തെളിവ്. ഹനാന്‍റെ കഥ കെട്ടുകഥയാണെങ്കിൽ അതിന്‍റെ പത്തുശതമാനം പോലും ലോജിക്കില്ലാത്തതാണ് അതിനെ പൊളിച്ചെന്നവകാശപ്പെടുന്ന അയാൾ പറഞ്ഞ കഥ...’ നെല്‍സണ്‍ ജോസഫ് എഴുതുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഹനാൻ നാട്ടുകാരെ വഞ്ചിച്ചു എന്ന കഥ ആദ്യം മുതൽ വന്നിട്ടുള്ളത് ഒരൊറ്റ പ്രൊഫൈലിൽ നിന്നാണ്. ഏതോ ഒരു നൂറുദ്ദീൻ ഷെയ്ഖ്. കാര്യമായ തെളിവ് എന്തെങ്കിലും കിട്ടുമെന്ന് കരുതി അയാളുടെ ലൈവ് വീഡിയോ മുഴുവൻ ഇരുന്നുകണ്ടു.

ഹനാൻ നവരത്നമോതിരമിട്ടിരിക്കുന്നുവെന്നും ഗ്ലൗ ഇട്ടാണ് മീൻ വിൽക്കുന്നതെന്നും തരക്കേടില്ലാത്ത വസ്ത്രം ധരിക്കുന്നെന്നും അരുൺ ഗോപിയും മറ്റും അവളെ വിളിച്ചെന്നുമാണ് അയാൾ പറഞ്ഞ തെളിവ്. ഹനാൻ്റെ കഥ കെട്ടുകഥയാണെങ്കിൽ അതിൻ്റെ പത്തുശതമാനം പോലും ലോജിക്കില്ലാത്തതാണ് അതിനെ പൊളിച്ചെന്നവകാശപ്പെടുന്ന അയാൾ പറഞ്ഞ കഥ.

അപ്പൊ അതാണു കാര്യം. പ്രതീക്ഷിച്ച ദാരിദ്ര്യം പ്രവൃത്തിയിൽ കണ്ടില്ല. " മീങ്കാരി" ആവുമ്പൊ കള്ളിമുണ്ടും ബ്ലൗസുമേ പാടുള്ളു.അതാണത്രേ ആ ജോലിക്ക് പറഞ്ഞിരിക്കുന്ന വസ്ത്രം. സംസാരിക്കുമ്പൊ അത്ര കോൺഫിഡൻസ് പാടില്ല. ഞാൻ തന്നെയാണ് എൻ്റെ ജീവിതത്തിൻ്റെ തിരക്കഥയെന്ന ഫേസ്ബുക് സ്റ്റാറ്റസ് പാടില്ല. അതൊക്കെ മീങ്കാരിയുടെ അഹങ്കാരമാണ്.

അടുത്ത തെളിവ് സെലിബ്രിറ്റികളുടെ കൂടെ നിന്നെടുക്കുന്ന ഫോട്ടോകളാണ്. ഇത്ര കാലം പിറകെ നടന്നിട്ടും കിട്ടാത്ത സംഗതികൾ ഒരു മീങ്കാരിക്ക് കിട്ട്വേ...നല്ല കഥ. ഒപ്പം അവൾ അത്യാവശ്യം കൊള്ളാവുന്ന ഡ്രസ്സുകൂടി ഇട്ട് നാലു ഫോട്ടോകൾ കാണുകയും ചെയ്തതോടെ പൂർത്തിയായി. കലാഭവൻ മണിയുടെ ഒപ്പം സ്റ്റേജ് ഷോ ചെയ്തതും ഡബ്ബിങ്ങ് ആർട്ടിസ്റ്റാണെന്നുള്ളതും സൗകര്യമായങ്ങ് മറന്നു.

സിനിമക്കാർ നിങ്ങളെപ്പോലെ മണ്ടന്മാരാണെന്ന് മാത്രം കരുതരുത്. ഇങ്ങനെ ഒരു പ്രൊമോഷൻ നടത്തിയാൽ അത് തിരിച്ചടിക്കാനുള്ള സാദ്ധ്യത പലവുരു ആലോചിച്ചേ പ്രൊമോഷൻ പരിപാടികൾ നടത്തുകയുള്ളൂ. പിന്നെ മോഹൻ ലാലിൻ്റെ മകന് മോഹൻ ലാലിനെക്കാൾ വലിയ പ്രൊമോഷനാവില്ല ഇതെന്നുള്ളതും ഓർമിക്കാമല്ലോ.

ഹനാൻ്റെ കഥ നിങ്ങൾക്ക് പൊളിക്കണമെങ്കിൽ പൊളിക്കാം. വെല്ലുവിളിക്കുകയാണ്. വയനാട്ടുള്ള , അവിടെ കൂടിയ ആൾക്കൂട്ടത്തിൻ്റെ കൂടെ മാത്രം നിന്ന ഏതോ ഒരുത്തൻ്റെ വർത്തമാനം കേട്ടല്ല. ഹനാൻ്റെ കഥയിൽ കഥാപാത്രങ്ങളൊരുപാടുണ്ട്. അവരിലാരെങ്കിലും പറയട്ടെ തെറ്റാണെന്ന്.

1. അൽ അസർ കോളജിൽ അവൾ പഠിക്കുന്നു എന്ന് വാർത്തയിൽ പറഞ്ഞിട്ടുണ്ട്. മൂന്നാം വർഷ രസതന്ത്ര വിദ്യാർഥിനി. അൽ അസർ കോളജ് തൊടുപുഴയിൽത്തന്നെയുണ്ട്. കളക്ടർ അവധി പ്രഖ്യാപിച്ചില്ലെങ്കിൽ പിള്ളേരും അവിടെത്തന്നെ കാണും.

അവളുടെ സഹപാഠികൾ തന്നെ പറഞ്ഞിട്ടുണ്ട് അവളാരാണെന്നും എന്താണെന്നുമവർക്കറിയാമെന്ന്. എനിക്കവരെ വിശ്വാസമാണ്. ലൈവ് ഷെയർ ചെയ്യണമെന്ന് മിനിറ്റിനു മിനിറ്റിനു പറയുകയല്ലാതെ മറ്റൊന്നും പറയാനില്ലാത്ത ഒരുത്തനെക്കാൾ വിശ്വാസ്യത അവർക്കുണ്ട്.

2. ചെവിയുടെ തകരാറിന് ശസ്ത്രക്രിയ ചെയ്ത തൊടുപുഴ അൽ അസർ മെഡിക്കൽ കോളജ് അധികൃതരും അവിടത്തെ ഹൗസ് സർജന്മാരടക്കമുള്ള സ്റ്റാഫുകളും. അവരും ആ പ്രദേശത്തുതന്നെയുണ്ട്. ഞാൻ അന്വേഷിച്ചറിഞ്ഞ കാര്യങ്ങൾ തൽക്കാലം ഇവിടെ എഴുതുന്നില്ല. അങ്ങനെ വായിച്ച് സഹതപിക്കുന്നവരുടെ തനിനിറം അറിയാം.. പോയി അന്വേഷിക്ക്. ശസ്ത്രക്രിയ നടന്നെന്ന് മാത്രം അറിഞ്ഞാൽ മതി.

കോളജ്‌ ഹനാനു പിന്തുണ നൽകുന്നെന്നറിഞ്ഞു. ഹനാന്റെ കാര്യങ്ങൾ നേരിട്ടുകണ്ട്‌ മനസിലാക്കിയിട്ടാണു സഹായിച്ചതെന്നും കോളജ്‌ പറയുന്നു. Dr Paijas Moosa

3. ചമ്പക്കര മത്സ്യ മാർക്കറ്റ് - അതും ഈ ചുറ്റുവട്ടത്തൊക്കെത്തന്നെയാണ്. ഒരു പത്തൊമ്പത് വയസുള്ള പെൺകുട്ടി മീൻ വാങ്ങിക്കാൻ വരുന്നത് ശ്രദ്ധിക്കാതിരിക്കാൻ മാത്രം മണ്ടന്മാരാവില്ല അവരാരും.അന്വേഷിച്ചാൽ അറിയാവുന്നതേയുള്ളു.

4. മാടവനയിലെ ഹനാൻ്റെ വീടും അയൽക്കാരും. അവരും കഥാപാത്രങ്ങളാണല്ലോ. ഇതൊരു നുണക്കഥയാണെങ്കിൽ അവരും പറയും

അത്ര പോലും സൗകര്യപ്പെടാതെ ഏതെങ്കിലും ഒരുത്തൻ ഫേസ്ബുക്കിൽ ലൈവിട്ടതിനെത്തുടർന്ന് ആ പെൺകുട്ടിയെ തെറിവിളിക്കാൻ ഇറങ്ങിയവരെ അൺഫ്രണ്ട് ചെയ്യുന്നത് തുടരാൻ തന്നെയാണു തീരുമാനം.

ദാരിദ്ര്യമുള്ളവർ എങ്ങനെയാണു ജീവിക്കേണ്ടതെന്ന് സമൂഹം ചില അതിർവരമ്പുകളൊക്കെ നിശ്ചയിച്ചുവച്ചിട്ടുണ്ട്. അത് കടന്നൂടാ. ബലാത്സംഗം ചെയ്യപ്പെട്ടാൽ എങ്ങനെയേലും മരിച്ചോണം. ജീവിച്ചിരുന്നാൽ പിന്നെ " ചാരിതാർഥ്യം" അളക്കാൻ വരുന്ന ആങ്ങളമാർ കൊന്നോളും. മകൾ മരിച്ചാൽ പിന്നെ നല്ല വസ്ത്രമൊന്നും ധരിക്കാൻ പാടില്ലാ..ധരിച്ചാൽ ഞങ്ങടെ കാശ് കൊണ്ട് അഴിഞ്ഞാടി നടക്കുന്നെന്നുള്ള വിചാരണ നേരിടേണ്ടിവരും.

അറിഞ്ഞിടത്തോളം അവളും ഉമ്മയും അരക്ഷിതാവസ്ഥയിലാണ്. ഭക്ഷണം കഴിക്കാൻ മാത്രമല്ല,,നല്ല നിലക്ക് ജീവിക്കാൻ കൂടിയാണ് അവൾ ജോലി ചെയ്യുന്നത്. ഒപ്പം 35 ലക്ഷം രൂപ മുടക്കി മൗറീഷ്യസിൽ പോയി എം.ബി.ബി.എസ് ബിരുദമെടുക്കണമെന്നും അമ്മയെ നോക്കണമെന്നുമെല്ലാമുള്ള സ്വപ്നങ്ങളുണ്ട്. അതിനവൾ സിനിമയിൽ അഭിനയിച്ചാലോ മീൻ വിറ്റാലോ ആങ്കറിങ്ങോ ഡബ്ബിങ്ങോ ചെയ്താലോ നിങ്ങൾക്കെന്താണു ചേതം?

Hasna Shahitha എഴുതിയത് പോലെ പണിയെടുത്താൽ ഭക്ഷണത്തിനുള്ള പൈസ മാത്രം ഉണ്ടാക്കണം, നന്നായി വസ്ത്രം ധരിക്കരുത്, മീൻ വിൽക്കുമ്പോ കയ്യിൽ ഗ്ളൗസ് ഇടരുത്. മധ്യവർഗ്ഗ ജീവിതം നയിച്ചൂടാ. പ്രശസ്തി വന്നാൽ വിനയത്തോടെ ഒതുങ്ങി പ്രതികരിക്കണം.

ഇതൊക്കെ ഒത്ത് കാഴ്ചക്കാരൻറെ ആനന്ദം മൂർച്ഛിച്ചാൽ പിന്തുണ വരും. മാതൃഭൂമി വാർത്ത അത്തരം പിന്തുണക്കായി ചെത്തിമിനുക്കിയത് കൊണ്ടാണ് അത്രമേൽ സ്വീകാര്യമായതും, പിന്നീടത്തെ ദൃശ്യങ്ങളിൽ സ്മാർട്ടായൊരു പെൺകുട്ടിയെ കണ്ടപ്പോൾ കുരു പൊട്ടിയതും.

ഹനാനോട്‌ പറയാനുള്ളത്‌ ആദ്യമേ പറയാം. കുട്ടീ, നീറ്റ്‌ എന്റ്രൻസ്‌ എഴുതി കേരളത്തിലെ മെഡിക്കൽ കോളജിൽത്തന്നെ പഠിക്കണം. മൗറീഷ്യസിലേക്ക്‌ പോകരുത്‌. അത്‌ മറ്റൊരു തട്ടിപ്പാകാനുമിടയുണ്ട്‌.

മാദ്ധ്യമപ്രവർത്തകരോട് ഒന്നേ പറയാനുള്ളു. ഒരൊറ്റ ദിവസം കൊണ്ട് ഒരു കുട്ടിയെ പ്രശസ്തയാക്കി വെള്ളിവെളിച്ചത്തിൽ നിറുത്തിയെങ്കിൽ അതിനെതിരെ ആരോപണം വരുമ്പൊ അതിനു ക്ലാരിറ്റി നൽകാനുള്ള ധാർമിക ഉത്തരവാദിത്വം കൂടി നിങ്ങൾക്കുണ്ട്.

പിന്നെ " പ്രബുദ്ധരായ മലയാളി ചേട്ടന്മാരോട് " - ഇന്നലെ വരെ ഹനാൻ നിങ്ങളൊക്കെ ഉണ്ടാകുമെന്ന് കരുതിയല്ലല്ലോ ജീവിച്ചത്? ഇനി അങ്ങോട്ടും ജീവിച്ചോളും...മീൻ വിറ്റോ ആങ്കറിങ്ങ് നടത്തിയോ സിനിമ ചെയ്തോ എങ്ങനെയെങ്കിലും.. കൂടുതൽ സഹായിച്ച് ബുദ്ധിമുട്ടിക്കാതിരുന്നാ മതി. നിങ്ങൾക്ക്‌ സൗകര്യം പോലെ തട്ടിക്കളിക്കാനല്ല ആൾക്കാരുടെ ജീവിതം

PS: കൂടുതൽ തെളിവുമായി വരും ഇന്ന് തരുമെന്നൊക്കെ പറഞ്ഞ ചേട്ടൻ രാവിലെ ഒരു റേഞ്ച് റോവറിനും മറ്റൊരു കാറിനുമിടയിൽ നിൽക്കുന്ന പ്രൊഫൈൽ പിക് അപ്ഡേറ്റ് ചെയ്തതല്ലാതെ വേറൊരു തെളിവും തന്നിട്ടില്ല.

ഇനി ദയവായിട്ട്‌ അതിജീവനം കണ്ട്‌ കയ്യടിക്കാനും ഞങ്ങളു സഹായിച്ച്‌ മറിച്ചേനെ എന്ന് പറയാനും ദയവായി മുന്നോട്ടിറങ്ങരുത്‌. തനിക്കൊണം കണ്ടതാണ്