അബ്ബാസിന്റെയും ആയിഷയുടെയും അവസ്ഥ കണ്ട് വെളളച്ചിയ്ക്ക് ഏറെ നേരം പിടിച്ചു നിൽക്കാനായില്ല. കരഞ്ഞു കലങ്ങിയ കണ്ണൊടോ ആകാശത്തേയ്ക്ക് നോക്കി അവർ പറഞ്ഞു. 'ഓൻ തെറ്റു ചെയ്തു, അതിനുളള ശിക്ഷ അവന് കിട്ടി. ഇത് കണ്ണോത്തെ ടി. വെളളച്ചി. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഫഹദിനെ കഴുത്തറുത്ത കൊന്ന കേസിലെ പ്രതി വിജയകുമാറിന്റെ അമ്മ. മകനെ രക്ഷിക്കാമെന്നും കേസ് നടത്താമെന്ന് പറഞ്ഞ് എനിക്കറിയാത്ത പല ആളുകളും ഇവിടെ വന്നിരുന്നു. ചില്ലിക്കാശിന്റെ സഹായം ചെയ്ത് കൊടുക്കരുതെന്ന് പറഞ്ഞാണ് താൻ അവരെ മടക്കിയച്ചതെന്ന് വെളളച്ചി പറഞ്ഞു.
പൊറുക്കാനാകാത്ത അപരാധമാണ് അവൻ എട്ടും പൊട്ടും തിരിയാത്ത ആ പിഞ്ചുകുഞ്ഞിനോട് ചെയ്തത്. ഞങ്ങളുടെ കൺമുന്നിൽ കിടന്നു വളർന്ന പൊന്നുമോനല്ലേ അവൻ. എന്റെ മോൻ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നത് ആ കുഞ്ഞിന്റെ ഉമ്മയും ബാപ്പയുമല്ലേ. നെഞ്ചു തകരും അവരുടെ കിടപ്പ് കണ്ടാൽ. വെളളച്ചിയുടെ വാക്കുകൾ ഇടറുന്നു.
പൊന്നു പോലത്തെ കുടുംബമായിരുന്നു അവരുടേത്. എന്നെ കുടുംബാംഗത്തെ പോലെ തന്നെയാണ് അവർ കാണുന്നത്. ഈ സംഭവത്തെ തുടർന്ന് ഞങ്ങൾ നാട്ടിൽ നിന്ന് പോയപ്പോൾ തിരികെ വരാൻ നിർബന്ധിച്ച് ഫഹദ് മോന്റെ കുടുംബമാണ്. എന്റെ എല്ലാ സുഖ ദുഃഖത്തിലും ഫഹദ് മോന്റെ കുടുംബം എനിക്കൊപ്പമുണ്ട്.നാട്ടുകാരെ പേടിച്ച് ഇവിടെ നിന്ന് മാറി നിന്നപ്പോള്‍ നിങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വീട്ടില്‍ നില്‍ക്കാന്‍ പേടിയാണെങ്കില്‍ തങ്ങളുടെ പഴയ വീട് വീട്ടുതരാമെന്നും ഫഹദ് മോന്റെ ഉപ്പ അബ്ബാസ് പറഞ്ഞു’. വെള്ളച്ചി വിശദീകരിക്കുന്നു.
സംഭവത്തിന്റെ തലേദിവസം ഫഹദ്മോൻ ഇവിടെ വന്നിരുന്നു. കഴിഞ്ഞ ഞായാറാഴ്ചയും ഞാൻ ആ വീട്ടിൽ പോയിരുന്നു. കരച്ചിൽ അടക്കാൻ പറ്റാതെ ഞാൻ തളർന്നിരുന്നപ്പോൾ ചേർത്തു നിർത്തിയതും ആശ്വാസിപ്പിച്ചതും ഫഹദ്മോന്റെ ഉമ്മ ആയിഷയാണ്. വെളളച്ചി പറഞ്ഞു. ഒരു കാലിനു സ്വാധീനമില്ലാത്ത നടക്കാൻ പോലും ബുദ്ധിമുട്ടുളള ഫഹദിനെ വാക്കത്തി കൊണ്ടു കഴുത്തിനു പുറത്തും തുരുതുരാ വെട്ടി മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. ആര്‍.എസ്.എസ് സജീവ പ്രവർത്തകനായ വിജയനും സിപിഎം പ്രവർത്തകനായ അബ്ബാസും തമ്മിലുളള വൈരാഗ്യമാണ് മൃഗീയമായ കൊലപാതകത്തിൽ കലാശിച്ചത്.
ട്രെയിൻ അട്ടിമറിക്കാൻ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നൽകിയെന്ന കേസിൽ വിജയൻ അറസ്റ്റിലായതോടെയാണ് അബ്ബാസിനോടുളള പക വർധിച്ചത്. സഹോദരിക്കൊപ്പം സ്‌കൂളിലേക്കു പോകുംവഴിയാണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ വിജയന്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഓട്ടോ ഡ്രൈവര്‍ കണ്ണോത്ത് സ്വദേശി അബ്ബാസിന്റെയും ആയിഷയുടെയും മകനാണ് മുഹമ്മദ് ഫഹദ്. 2015 ജൂലൈ ഒന്‍പതിനു രാവിലെ കല്യോട്ടിനു സമീപം ചന്തന്‍മുള്ളിലായിരുന്നു കൊലപാതകം.
ഐപിസി 341, 302 വകുപ്പുകളിലായാണ് കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തം കഠിന തടവിനും അന്‍പതിനായിരം രൂപ പിഴയ്ക്കും പുറമെ ഒരു മാസം വെറും തടവും അനുഭവിക്കണം.