ഇൗ ലോകം ഞങ്ങളുടെതും കൂടിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ച സൂര്യക്കും ഇഷാനും ഇന്നും നിലയ്ക്കാത്ത ആശംസ പ്രവാഹം. മുന്നോട്ടുള്ള ജീവിതയാത്ര ഒരുമിച്ചാകാമെന്ന ഇരുവരുടെയും തീരുമാനം സഫലമായപ്പോള്‍ കേരളത്തിന് അത് പുത്തന്‍ വെളിച്ചമായി. അതുകൊണ്ട് തന്നെ ട്രാൻസ് ജെൻഡർ ദമ്പതികളുടെ പ്രണയം പോലെ തന്നെ മനോഹരമായിരുന്നു അവരുടെ വിവാഹവും. ഇപ്പോഴിതാ ഒരുമിച്ച് ജീവിക്കണമെന്ന ആ ഉറച്ച തീരുമാനത്തിന് ആദരമേകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.
ട്രാൻസ്ജെൻഡർ സമൂഹത്തിലെ ആദ്യ വിവാഹമെന്ന അപൂർവ്വതയാണ് സൂര്യ–ഇഷാന്‍ പ്രണയവിവാഹത്തിലൂടെ കേരളം കണ്ടത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാൻസ് ജെൻഡർ ദമ്പതികൾ എന്ന പെരുമ പേറുന്ന സൂര്യക്കും–ഇഷാനും സംസ്ഥാന സാമൂഹ്യ നീതി വകുപ്പാണ് തങ്ങളുടെ ആദരമറിയിച്ചത്. പ്രൗഢഗംഭീരമായ വേദിയെയും സദസിനെയും സാക്ഷിയാക്കി തിരുവനന്തപുരത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്.