neenu-new-joseph-kevin

കെവിനെ പ്രണയിച്ചു വീടുവിട്ടിറങ്ങിയ നീനുവിന്റെ തീരാവ്യഥ കേരളത്തിന്‍റെയാകെ ഉള്ളിലെ വിങ്ങലാണ്. കെവിനെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ മുതൽ ആ മകളെ കൂടെ ചേർത്തു നിർത്തിയതാണ് ജോസഫ് എന്ന അച്ഛൻ. അന്ന് ആദ്യമായി കാണുകയായിരുന്നു ആ അച്ഛന്‍ അവളെ. 

 

ജോസഫിന്റെ വാക്കുകൾ ഇങ്ങനെ, ‘പൊലീസ് ചോദിച്ചപ്പോൾ ഞാനും ഭാര്യയും ചേർന്നു പറഞ്ഞതാണ്, ഞങ്ങൾ കൊണ്ടുപൊക്കോളാം, പഠിപ്പിച്ചോളാം എന്ന്.  മോളോട് ഞാൻ പറഞ്ഞു, പഠിക്കണമെന്ന്. എന്നാൽ അവള്‍ ആദ്യം പറഞ്ഞത്, അവൾ ജോലിക്കു പൊയ്ക്കോളാമെന്നാണ്. എനിക്ക് ബുദ്ധിമുട്ടാകുമോ എന്ന് കരുതിയാണ് അവൾ അങ്ങനെ പറഞ്ഞത്. പക്ഷെ ഞാൻ പറഞ്ഞു, എന്റെ ബുദ്ധിമുട്ട് കാര്യമാക്കേണ്ട. അച്ഛൻ നിന്നെ പഠിപ്പിക്കാമെന്ന്. കെവിന്റേയും ഏറ്റവും വലിയ ആഗ്രഹം നീനു ഡിഗ്രി പൂർത്തിയാക്കണമെന്നതായിരുന്നു.

 

നീ ഞങ്ങൾക്ക് ആശ്രയമാകുകയല്ല വേണ്ടത്, നാളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാകുക, പഠിച്ച് ജോലി വാങ്ങുക. നമുക്കൊരാശ്രയമല്ല, അവൾക്ക് നമ്മുടെ ആശ്രയമില്ലാതെ ജീവിക്കാൻ കഴിയണം..’ 

 

ഗൾഫിൽ ജോലി ചെയ്തിരുന്ന കെവിൻ നാട്ടിലെത്തിയത് നീനുവിനെ ജീവിതത്തിലേക്ക് കൂട്ടാനാണ്. പക്ഷെ സംഭവിച്ചത് മറ്റൊന്ന്. 

പ്രണയം അറിയുന്നതിനു മുന്‍പേ തന്നെയാണ് എനിക്ക് വീട്ടുകാർ വിവാഹം ആലോചിച്ചത്. പഠനമൊക്കെ വിവാഹശേഷം മതി, ചെറുക്കന്റെ വീട്ടുകാർ പഠിപ്പിച്ചോളുമെന്ന് പറഞ്ഞു. അപ്പോഴാണ് പരീക്ഷയുടെ കാര്യമറിയുന്നതിന് കോളജിലേക്ക് എന്നു പറഞ്ഞ് ഞാൻ ഇറങ്ങിപ്പോന്നതെന്ന് നീനു പറഞ്ഞു.

 

ഡിഗ്രി നിർത്തി ജോലിക്കുപോകാമെന്നാണ് ഞാനും ആദ്യം തീരുമാനിച്ചത്, പക്ഷെ ഡിഗ്രി പൂർത്തിയാക്കണമെന്ന്് കെവിൻ ചേട്ടന് വാശിയായിരുന്നു. ഇപ്പോൾ അച്ഛനും പറയുന്നു ഡിഗ്രി പൂർത്തിയാക്കണമെന്ന്. അച്ഛന്റേയും അമ്മയുടേയും ചേച്ചിയുടേയും കൂടെ ഞാൻ ജീവിക്കും. ഇൗ കുടുംബത്തെ എന്നെ ഏൽപ്പിച്ചിട്ട് പോയതാണ്. അവരെ ഞാൻ നോക്കും..’ നീനുവിന്റെ വാക്കുകൾ ഉറച്ചതാണ്. മനോരമ ന്യൂസിന്‍റെ ‘കെവിന്‍റെ കഥ’ എന്ന പരിപാടിയിലാണ് ജോസഫിന്‍റെയും നീനുവിന്‍റെയും വാക്കുകള്‍. വിഡിയോ കാണാം.