പ്രകൃതിയുടെ മടിത്തട്ടിലൂടെ ഒരു സാഹസിക യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇടുക്കി ജില്ലയിലെ കീഴാര്‍കുത്ത് വെള്ളച്ചാട്ടത്തിലേക്ക് പോകാം. കൊടുംകാട്ടിലൂടെ ജീപ്പിലും നടന്നുമെല്ലാമാണ് യാത്ര.
കീഴാര്‍കുത്തിന്റെ പ്രത്യേകതകള്‍
മഴക്കാലമല്ലെങ്കില്‍ കീഴാര്‍കുത്ത് അപകടകാരിയല്ല, വലിയ ആഴമില്ല, സംഘമായി യാത്രക്കിറങ്ങുന്ന സാഹസിക സഞ്ചാരികള്‍ക്ക് പറ്റിയ ഇടം. വേനലിലും വെള്ളം വറ്റില്ല, കീഴാര്‍കുത്ത് വെറും വെള്ളച്ചാട്ടമല്ല ചെറിയ കാറ്റില്‍ അവള്‍ പ്രദേശമാകെ മഴപേലെ പെയ്തുകൊണ്ടിരിക്കും. ചാടിക്കുളിച്ച് തിമിര്‍ക്കാം. ഭക്ഷണവുമായി പോയി ടെന്‍റ് കെട്ടി രാത്രിയില്‍ തങ്ങാം. മലകയറി ദാഹിച്ചു വലയുമ്പോള്‍ ഉറവയില്‍ നിന്ന് തന്നെ ഒന്നാംതരം വെള്ളം കോരിക്കുടിക്കാം. മൊബൈലിന് റെയ്ഞ്ച് ഇല്ലാത്തതിനാല്‍ ലോകത്തിന്റെ ബന്ധനങ്ങളില്‍ നിന്നെല്ലം വിട്ട് സ്വസ്ഥമായി പ്രകൃതിയുടെ മടിത്തട്ടില്‍ ആകാശം നോക്കി കിടക്കാം ശുദ്ധവായു ശ്വസിക്കാം.
വഴികാട്ടി
തൊടുപുഴയില്‍ നിന്ന് മലയിഞ്ചിയിഞ്ചി വരെ 24 കിലോമീറ്റര്‍. വനാതിര്‍ത്തിയില്‍ നിന്ന് ജീപ്പില്‍ കയറി രണ്ടു കിലോമീറ്റര്‍ ഒാഫ് റോഡ് യത്ര.
തോടുപുഴ– കരിമണ്ണൂര്‍– ഉടുംമ്പന്നൂര്‍– ചീനിക്കുഴി– മലയിഞ്ചി– 2 കിലോമീറ്റര്‍ ഒാഫ് റോഡ് – 2 കിലോമീറ്റര്‍ കാല്‍നടയാത്ര
കരുതാന്‍
കൊടും കാട്ടിലൂടെ 2 കിലോമീറ്റര്‍ ഒാഫ് റോഡ്, ജീപ്പ് പോലുള്ള വാഹനങ്ങള്‍ അഭികാമ്യം. വഴിതെറ്റാതിരിക്കാന്‍ നാട്ടുകാരുടെ സഹായംകൂടി വേണം. അടുത്തുള്ള കീഴാര്‍കുത്ത് മൂപ്പനെ സഹായത്തിനായി ആശ്രയിക്കാം. ഭക്ഷണം കരുതണം, കാനനയാത്ര അല്‍പ്പം ദുഷ്ക്കരമാണ്, സൂക്ഷിച്ച് നടക്കാം മദ്യവും മറ്റും ഒഴിവാക്കാം. അപകടക്കുഴികളും ഇഴജന്തുക്കളും ആനയും കാട്ടുപന്നിയുമൊക്കെ ഉള്ള കാടാണ്. ടെന്റ് കരുതിയാല്‍ വെള്ളച്ചാട്ടത്തിനരകില്‍ പാര്‍ക്കാം.
കാത്തിരിക്കുന്ന വിസ്മയക്കാഴ്ച്ചകള്‍
വെള്ളച്ചാട്ടത്തിന്റെ തെട്ടുതാഴെയുള്ള പാറയില്‍ മലര്‍ന്ന്കിടന്ന് മുകളിലേക്ക് നോക്കണം, തണുത്ത വെള്ളാരംകല്ല് വരിയെറിയുന്ന ഫീലാണ് . തെമ്മന്‍കുത്ത് വെള്ളച്ചാട്ടം ഇതുവച്ചുനോക്കിയാല്‍ ഒന്നുമല്ലെന്നാണ് ഇവിടെയെത്തിയവരുടെ അഭിപ്രായം. വലിയ ടൂറിസം സാധ്യതകളാണ് ഇവിടെയുള്ളത്. വഴിയും വഴികാട്ടികളും ഇല്ലാത്തതിനാല്‍ ചിലര്‍ പകുതിവഴിവരെയെത്തി യാത്രയവസാനിപ്പിക്കുന്നതും പതിവ് കാഴ്ച്ചയാണ്.