amma-mazhavil

താരോൽവസമായ വേദിയിൽ ആരാധകർക്കു മറക്കാനാവാത്ത അനുഭവമായി  ‘അമ്മ മഴവില്ല്’ മെഗാഷോ .. കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ പതിനായിരങ്ങൾക്കുമുന്നിൽ വിണ്ണിൽനിന്നെന്നപോലെ താരങ്ങൾ ഇറങ്ങിവന്നപ്പോൾ ജനംഇളകിമറിഞ്ഞു. 

 

അലാവുദീനും ‘അദ്ഭുത’ലാലും ആദ്യം അലാവുദീനായി ദുൽഖർ സൽമാനും ഭൂതമായി മോഹൻലാലും സ്റ്റേജിൽ എത്തി. ഇതോടെ ആരാധക സംഘങ്ങൾ ഇളകി മറിഞ്ഞു, ആർപ്പുവിളിച്ചു. കാതടപ്പിക്കുന്ന കരഘോഷം നീണ്ടു.   ഷോ തുടങ്ങി പകുതിയായപ്പോഴാണ് സാക്ഷാൽ മമ്മൂട്ടി വേദിയിലെത്തിയത്. 

 

jayaram-mammootty

എന്നാൽ അതൊരു ഒന്നൊന്നരവരവായിരുന്നു. മമ്മൂട്ടി , മോഹൻലാലിന്റെ ജിന്നിനോട് ആവശ്യപ്പെട്ടത്, തന്നെ നൃത്തം പഠിപ്പിച്ചുതരണമെന്നായിരുന്നു. അതൊഴിച്ച് എന്തും സാധിച്ചുതരാമെന്ന് മോഹൻലാലിന്റെ മറുപടി. ഒടുവിൽ മമ്മൂട്ടിയെ സഹതാരങ്ങളെല്ലാം ചേർന്ന് നൃത്തം പഠിപ്പിച്ചതോടെ കാണികളും ആവേശത്തിലായി. വിനീത് ശ്രീനിവാസൻ തന്റെ ഗാനങ്ങളുമായി കാണികളുടെ കയ്യടി നേടി.

 

mammootty-mohnalal-dulquer

അനുരാഗത്തിൻ വേളയിൽ മുതൽ നരനിലെ ഗാനം വരെ വിനീത് ആലപിച്ചു. പിന്നാലെ തമിഴ് സിനിമാ ഗാനങ്ങളുമായി രമ്യാ നമ്പീശൻ എത്തി. പിന്നെഎല്ലാവരും കാത്തിരുന്ന പ്രകടനം –നമിതപ്രമോദ്, ഷംനകാസിം തുടങ്ങിയ താരസുന്ദരിമാർക്കൊപ്പം മോഹൻലാൽ ഇരുവർ മുതലുള്ള തന്റെ ചിത്രങ്ങളിലെ ഗാനങ്ങളുമായി ആടിത്തിമർത്തു. കാണികളും ഒപ്പം കൂടി. 

 

‘ജയറാം–സിദ്ദീഖ്’ ചിരിമേളം പിന്നാലെ ജയറാം, സിദ്ദീഖ് എന്നിവർ ചേർന്നു പഴയകാല താരങ്ങളെ അനുകരിച്ചു നടത്തിയ സ്കിറ്റ് പൊട്ടിച്ചിരിയുടെ മേളം തീർത്തു. ചിരിയുത്സവം തീർത്താണ് ജയറാമും സിദ്ദീഖും അണിയറയിലേക്കു മടങ്ങിയത്. ഇതിനു പിന്നാലെ മമ്മൂട്ടി, മുകേഷ്, ജയസൂര്യ തുടങ്ങിയവർ വേദിയിൽ എത്തി. 

 

കോമഡി നമ്പറുകളുമായി രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, പാഷാണം ഷാജിയെന്ന സൈജു നവോദയ തുടങ്ങിയവരാണു കാണികളെ ഇളക്കി മറിച്ചത്. പുണ്യാളൻ അഗർബത്തീസിലെ ആശിച്ചവൻ എന്നു തുടങ്ങുന്ന ഗാനവുമായാണു ജയസൂര്യ കാണികളെ കയ്യിലെടുത്തത്. മെഗാഷോ സമാപിച്ചപ്പോൾ ഇത്ര പെട്ടെന്നു കഴിഞ്ഞോയെന്ന സങ്കടത്തിലായിരുന്നു ആരാധകപ്പട.