hawaii-volcano

എന്താണോ ഭയന്നത് അത് സംഭവിച്ചു. തുടര്‍ച്ചയായി ഉണ്ടായ ഭൂചലനങ്ങള്‍ക്ക് പിന്നാലെ ഹവായ് ദ്വീപില്‍ വന്‍ അഗ്നിപര്‍വ്വത സ്ഫോടനം. ഹവായ് ദ്വീപിലെ  കിലോവിയ എന്ന സജീവ അഗ്നി പര്‍വതമാണ് പൊട്ടിത്തെറിച്ചത്. ചെറുതും വലുതുമായ പത്തോളം ഭൂചലനങ്ങള്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്തതോടെ 1700 പേരെ  അടിയന്തരമായി ഒഴിപ്പിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. ആളപായമുള്ളതായോ പരുക്കേറ്റതായോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദ്വീപില്‍ സര്‍ക്കാര്‍ അടിയന്താരവസ്ഥ പ്രഖ്യാപിച്ചു. ഹവായ് നാഷണല്‍ ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രണ്ട് കമ്മ്യൂണിറ്റി സെന്ററുകളിലായി ദുരിതാശ്വാസ ക്യാംപുകളും ആരംഭിച്ചു. 

hawaiivolcano-1

റിക്ടര്‍ സ്‌കെയിലില്‍ തീവ്രത അഞ്ച് രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷമാണ് അഗ്നി പര്‍വതം പൊട്ടിത്തെറിച്ചത്. 150 അടി ഉയരത്തില്‍ ലാവ പ്രവഹിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് വിഷവാതകവും പരന്നിട്ടുണ്ട്. ഏകദേശം 492 അടി നീളമുള്ള വിള്ളലില്‍ നിന്നാണു ലാവ വന്നത്. തുടര്‍ച്ചയായി രണ്ടു മണിക്കൂറോളം ലാവ പുറന്തള്ളപ്പെട്ടു. 

ഒട്ടേറെ വൃക്ഷങ്ങള്‍ക്കിടയിലൂടെ ലാവ ഒഴുകിനീങ്ങുന്നതിന്റെ  ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാട്ടിലൂടെ ഒഴുകിപ്പരന്ന ലാവ റോഡുകളിലേക്കുമെത്തി. റോഡില്‍ കാറുകള്‍ക്കു തൊട്ടുപിന്നിലായി ലാവ ഒലിച്ചെത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.