shalini-vanitha-cover-girl

‘തെറ്റാണ്, മൈ ലൈഫ് ഈസ് ഗ്രേറ്റ്. എന്റെ ജീവിതം ദൈവത്തിന്റെ മുറ്റത്തെ സ്വർണ്ണമുല്ല പോലെ സുന്ദരമാണ്...’ കരളലിയിക്കുന്ന ആ ജീവിതകഥയിലെ നായികയെ മുഖചിത്രമാക്കിയ ‘വനിത’യുടെ ധീരതീരുമാനത്തിന് കയ്യടി.

ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള പ്രസിദ്ധീകരണമായ ‘വനിത’യുടെ മറ്റൊരു ചുവടുവയ്പിനുകൂടി വായനാസമൂഹത്തിന്‍റെ നിറഞ്ഞ കയ്യടി. ട്രാൻസ്ഡെൻഡർ പെൺകുട്ടിയയെ മുഖചിത്രമാക്കി ചരിത്രത്തിലേക്ക് കയറിയ ‘വനിത’ ഇക്കുറി കൈകാലുകളില്ലാഞ്ഞിട്ടും ജീവിതവിജയം എത്തിപ്പിടിച്ച ശാലിനി സരസ്വതിയെ മുഖമാക്കി. മേയ് ആദ്യ ലക്കം ‘വനിത’യിലാണ് ശാരീരിക പരിമിതിയിൽ തളരാതെ ആത്മവിശ്വാസത്തോടെ ജീവിതത്തോടെ നേരിട്ട ശാലിനി ഇടം പിടിച്ചത്. 

അവളുടെ ജീവിതം ഇങ്ങനെ

ജീവിതത്തോട് ഒരോ ഇഞ്ചും പൊരുതിയാണ് ശാലിനി കൈവിട്ട ജീവിതം തിരിച്ചു പിടിച്ചത്. 2013 ൽ കംബോഡിയയിൽ ഭർത്താവുമൊത്ത് വിവാഹവാർഷികം ആഘോഷിക്കാൻ പോയതോടെയാണ് ശാലിനിയുടെ ജീവിതം തകിടം മറിയാൻ തുടങ്ങിയത്. കംബോഡിയായില്‍ നിന്ന് ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരില്‍ മടങ്ങിയെത്തിയതേ ഉണ്ടായിരുന്നുള്ളൂ ശാലിനി സരസ്വതി. അപ്പോഴേക്കും അവളെ ഗുരുതരമായ പനി ബാധിച്ചു. അന്ന് ഗർഭിണിയായിരുന്നു ശാലിനി.

പനി രൂക്ഷമാകുന്നതിനൊപ്പം അപൂര്‍വമായ ബാക്ടീരിയ ഇന്‍ഫെക്ഷനും ശാലിനിയെ ബാധിച്ചു. അവള്‍ക്ക് തന്റെ കുഞ്ഞിനെ എന്നേയ്ക്കുമായി നഷ്ടമായി. രോഗവുമായി കടുത്തപോരാട്ടം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇടതുകരം അണു ബാധയെതുടര്‍ന്ന് നിര്‍ജ്ജീവമായത്. താമസിയാതെ വലതു കൈയും മുറിച്ചു കളഞ്ഞു. ഇരുകരങ്ങള്‍ക്കു പിന്നാലെ അണുബാധ കാലുകളിലേക്കും വ്യാപിച്ചു.

ജീവന്‍ നിലനിര്‍ത്താന്‍ മറ്റൊന്നും ഡോക്ടര്‍മാര്‍ മുന്‍പില്‍ വഴി കണ്ടില്ല. കാലുകള്‍ മുറിച്ചുനീക്കുക തന്നെ. പക്ഷേ ഇത്തവണ ശാലിനി ധൈര്യം കണ്ടെത്തിയിരുന്നു. യഥാർഥ പോരാളി പതറിപ്പോകരുതെന്ന് അവളോട് മനസ്സിലിരുന്ന് ആരോ പറഞ്ഞു. അതുകൊണ്ട് കാലു മുറിച്ചുകളയുന്ന ദിവസം അവള്‍ പര്‍പ്പിള്‍ നെയില്‍ പോളിഷിട്ടാണ് ഹോസ്പിറ്റലിലേക്ക് പോയത്. കാലുകള്‍ മുറിച്ചുകളയുകയാണെങ്കിലും അത് സ്‌റ്റെലായിത്തന്നെ പോകട്ടെയെന്നായിരുന്നു ശാലിനിയുടെ അതേക്കുറിച്ചുള്ള പ്രതികരണം. 

vanitha-cover-model-shalini

‘വനിത’യിൽ ജീവിതകഥ പങ്കുവച്ചു ശാലിനി പറയുന്നു... ‘‘എന്നെ കാണുമ്പോൾ ഏറ്റവും  സത്യസന്ധമായി  പെരുമാറുന്നത് കുട്ടികളാണ്.  അവരുടെ മുഖത്തൊരിക്കലും സഹതാപത്തിന്റെ നരച്ച ഭാവം ഉണ്ടാവില്ല. കൗതുകവും പിന്നെ  സഹായിക്കാനുള്ള മനസ്സുമായിരിക്കും. പക്ഷേ, മുതിർന്നവർ അങ്ങനെയല്ല,  ‘വിധിയുെട കൊടുങ്കാറ്റിൽ പെട്ട് ചിതറിപ്പോയ പെൺകുട്ടിയായാണ്’ എന്നെ കാണാറുള്ളത്.  ‘നിന്റെ  സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ആത്മഹത്യ ചെയ്തേനെയെന്നും ദൈവം നിന്നോടു ക്രൂരമായാണ് പെരുമാറിയതെന്നും’ പറഞ്ഞ് എന്റെ മുന്നിൽ സങ്കടപ്പെടുന്നവരുണ്ട്. അവരോടൊക്കെ പൊട്ടിച്ചിരിച്ചു കൊണ്ടു ഞാൻ പറ‍യും. ‘തെറ്റാണ്, മൈ ലൈഫ് ഈസ് ഗ്രേറ്റ്. എന്റെ ജീവിതം ദൈവത്തിന്റെ മുറ്റത്തെ സ്വർണ്ണമുല്ല പോലെ സുന്ദരമാണ്...’ 

ഒരൊറ്റ ജന്മത്തിലെ രണ്ടു ജീവിതമാണ് ശാലിനിയുടേത്. കംബോ‍ഡിയ യാത്രയ്ക്ക് മുൻപും അതിനു ശേഷവും. 

ഒരിക്കൽ പോലും തിരിച്ചെടുക്കാനാവാത്ത വിധം ജീവിതം മാറിപ്പോയത് ആ  യാത്രയ്ക്ക് ശേഷമായിരുന്നു. എന്നാൽ പരാജയത്തിന്റെ പടിക്കെട്ടിൽ പാതിചിറകറ്റു കിടന്ന ആ പഴയ ശാലിനി ഇന്ന് ഒാർമകളിലേയുള്ളു. ഇന്നത്തെ ശാലിനിയുടെ പകൽ  അഞ്ചുമണിക്കു തുടങ്ങുന്നു. ആറരമുതൽ എട്ടര വരെ സ്റ്റേഡിയത്തിൽ പരിശീലനം. പിന്നെ ഉച്ചയോടെ ഒാഫീസിൽ. മൾട്ടി നാഷണൽ കമ്പനിയിൽ ഡെപ്യൂട്ടി ജനറൽ മാനേജറാണ്. തിരിച്ച് എട്ടുമണിയാവുമ്പോഴേക്കും വീട്ടിൽ. ഇതിനിടയിൽ കോൺഫറൻസുകൾ, മോട്ടിവേഷണൽ ക്ലാസുകൾ, ബ്ലോഗെഴുത്ത്...  ‘‘സ്വപ്നങ്ങളേറെയുണ്ട്. നാഷണൽ പാരാ അത്‌ലറ്റികിസിൽ നൂറുമീറ്റർ സ്പ്രിന്റിൽ മൂന്നാം സ്ഥാനം നേടി. രാജ്യാന്തര മത്സരങ്ങൾക്ക് യോഗ്യത നേടി എങ്കിലും പ്രധാന സ്വപ്നം 2020ലെ പാരാലിംപിക്സ് ആണ്.’’ശാലിനി പറയുന്നു... നമ്മുക്കും ഒപ്പം നിൽക്കാം അവളുടെ സ്വപ്നങ്ങൾ യഥാർത്ഥ്യമാക്കാൻ.

അഭിമുഖം പൂര്‍ണമായി ഇവിടെ വായിക്കാം