വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ കുറിച്ച് മോശം പറയാൻ ആർക്കും ഒന്നുമുണ്ടായിരുന്നില്ല. വളരെ ഊർജ്ജസ്വലനായ ചെറുപ്പക്കാരനായിരുന്നു ശ്രീജിത്ത്. പ്രണയിച്ചു വിവാഹിതരായവരായിരുന്നു ശ്രീജിത്തും ഭാര്യ അഖിലയും. ഏപ്രിൽ ഒൻപതിനായിരുന്നു ശ്രീജിത്തിന്റെയും ഭാര്യ അഖിലയുടെയും വിവാഹ വാർഷിക ദിനം. വിവാഹ വാർഷികം ഗംഭീരമാക്കാനുളള ഒരുക്കത്തിലായിരുന്നു ശ്രീജിത്ത്. നേരത്തെ തന്നെ ഭാര്യക്കും മകൾ ആര്യനന്ദയ്ക്കും സ്വർണമാലയും പുതുവസ്ത്രങ്ങളും വാങ്ങി. ക്ഷേത്രത്തിൽ കൊണ്ടു പോയി പൂജിച്ചാണ് ശ്രീജിത്ത് മാലയും പുതുവസ്ത്രങ്ങൾക്കും ഇരുവർക്കും സമ്മാനിച്ചത്.
ഇതിനിടെയാണ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ ഇരിക്കെ പൊലീസിന്റെ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ടതും. ഒരാളോടും വഴക്കിനു പോകുന്ന ആളായിരുന്നില്ല ശ്രീജിത്ത്. അതുവരെ ശ്രീജിത്തിന്റെ പേരിൽ ഒരു കേസ് പോലും ഉണ്ടായിരുന്നില്ല. കുടുംബത്തിന്റെ അത്താണിയായിരുന്നു ഈ യുവാവ്. നാടും, വീടും ഈ യുവാവിന് വേണ്ടി കണ്ണീർ വാർക്കുമ്പോൾ ഭർത്താവിന്റെ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ എത്തിക്കാനുള്ള പ്രാർത്ഥനയിലാണ് അഖില.
അതേസമയം ശ്രീജിത്തും ഒപ്പമുള്ളവരും യഥാര്‍ഥ പ്രതികളല്ല എന്ന് സൂചന നല്‍കി റിമാന്‍ഡ് റിപ്പോര്‍ട്ടും. പുറത്തു വന്നിരുന്നു. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച എസ്ഐ ദീപക്കിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ നിന്ന് വീടാക്രമണക്കേസ് പ്രതികളുടെ പേര് ഒഴിവാക്കി. ശ്രീജിത്തിന് ലോക്കപ്പ് മർദനമേറ്റുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാണ് താനും. വരാപ്പുഴ എസ്.ഐ. ജി.എസ്. ദീപക് ശ്രീജിത്തിനെ ലോക്കപ്പിൽ വച്ച് ദേഹോപദ്രവം ഏൽപിച്ചതായി വടക്കൻ പറവൂർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ ആർടിഎഫ് ഉദ്യോഗസ്ഥരുടെ മർദനത്തിൽ ശ്രീജിത്തിന് ഗുരുതരമായി പരുക്കേറ്റിരുന്നതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്.