chunk-bus-t

കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ഒരു ചങ്ക് ബസ് ഉണ്ട്. ഈരാറ്റുപേട്ടയില്‍ നിന്ന് കട്ടപ്പനയിലേക്ക് പോകുന്ന RSC 140 എന്ന വേണാട് ബസിന്റെ ഔദ്യോഗിക പേര് ചങ്ക് ബസ് എന്നായിരിക്കും. പുതിയ സി.എം.ഡി ടോമിന്‍ തച്ചങ്കരിയാണ് ബസിനെ അങ്ങിനെ വിളിക്കാന്‍ നിര്‍ദേശം നല്‍കിയത്.

 

ചങ്ക് ബസ് എന്ന പേരിന് കാരണമായത് ഒരു ഫോണ്‍ വിളിയാണ്.  ഈ ബസിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു വിദ്യാര്‍ഥിനിയുടെ ഫോണ്‍ വിളി. 

 

ഒരു വര്‍ഷത്തിലേറെയായി ഈരാറ്റുപേട്ടയില്‍ നിന്ന് കട്ടപ്പനയിലേക്ക് മലയോര റൂട്ടിലൂടെ യാത്ര തുടരുകയായിരുന്നു RSC 140. വിദ്യാര്‍ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തൊഴിലാളികളുമൊക്കെയായി രാവിലെയും വൈകിട്ടും സ്ഥിരം യാത്രക്കാര്‍. ഓര്‍ഡിനറി സിനിമയിലെ ഗവി ബസില്‍ കാണുന്നത് പോലെ കൊച്ചുവര്‍ത്തമാനങ്ങളും ചിരികളുമൊക്കെയായി വളവും കയറ്റുവുമൊക്കെ നിറഞ്ഞ യാത്രയിലൂടെ ബസ് പാഞ്ഞു. അങ്ങിനെ സ്ഥിരം യാത്രക്കാരായ ഒരു കൂട്ടം കോളജ് വിദ്യാര്‍ഥിനികളുടെ പ്രിയപ്പെട്ട ബാസായി ആ വേണാട് മാറി.

 

ഒരു സുപ്രഭാതത്തില്‍ ആ ബസ്0 ആലുവയിലേക്ക് മാറ്റി. പകരം മറ്റൊരു വേണാട് അതേ റൂട്ടിലിട്ടു. പതിവ് പോലെ യാത്രക്കെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് ഇത് സഹിച്ചില്ല. തിരികെയെത്തുമെന്ന് കരുതി രണ്ട് ദിവസം കാത്തിരുന്ന് നിരാശരായ അവര്‍ ഒടുവില്‍ കെ.എസ്.ആര്‍.ടി.സി എ.റ്റി.ഒ ഓഫീസിലേക്ക് വിളിച്ചു. 

 

വിഷമത്തോടെ പരാതി പറഞ്ഞു. ‘സാറേ, ആ വേണാട് ഞങ്ങടെ ചങ്ക് ബസായിരുന്നു. അത് എടുത്തുകൊണ്ട് പോയത് ക്രൂരമായിപ്പോയി... കണ്ടക്ടറെയും ഡ്രൈവറെയും വേണമെങ്കില്‍ മാറ്റിക്കോ... പക്ഷെ ഞങ്ങടെ വണ്ടി തിരിച്ച് തരണം സാറേ... ഞങ്ങള്‍ അതിന്റെ കട്ടഫാനാണ് സാറേ....ഞങ്ങളുടെ ചങ്കാണ്...സഹിക്കാന്‍ പറ്റുന്നില്ല..."(പെണ്‍കുട്ടിയുടെ ഓഡിയോ കേള്‍ക്കാം)

ഈ ഫോണ്‍ കോള്‍ കെ.എസ്.ആര്‍.ടി.സി ഗ്രൂപ്പുകളില്‍ വൈറലായി. പുതിയ സി.എം.ഡിയായി ചുമതലയേറ്റ ദിവസം തന്നെ ടോമിന്‍ തച്ചങ്കരിയുടെ കൈവശവും ഈ സന്ദേശമെത്തി. അന്ന് തന്നെ അദേഹം ഉത്തരവിട്ടു. RSC 140 തിരികെ ഈരാറ്റുപേട്ടയിലേക്ക് മാറ്റാന്‍.

 

അങ്ങിനെ തിരികെെയത്തിയ ബസിനെ യാത്രക്കാര്‍ മാലയിട്ട് സ്വീകരിച്ചു. ഇതും കണ്ടതോടെയാണ് ആ ബസിനെ  വെറും വേണാടാക്കി മാറ്റേണ്ട...പേര് തന്നെ ചങ്ക് ബസ് എന്നാക്കി മാറ്റാന്‍ തീരുമാനിച്ചത്. എത്രയും വേഗം ഒരു ചങ്ക്(ഹൃദയത്തിന്റെ) ചിത്രം ബസിന്റെ മുന്നില്‍ പതിക്കാനും എം.ഡിയുടെ നിര്‍ദേശമുണ്ട്.

ഏതായാലും ഈ രസികന്‍ ഇഷ്ടത്തിന്‍റെ കഥ എല്ലാരും കേട്ടുകഴിഞ്ഞും ആ ശബ്ദത്തിന്‍റെ ഉടമ കാണാമറയത്ത് തന്നെയാണ്. ആരാണ് വിളിക്കുന്നതെന്നു ചോദിച്ചിട്ടും പെൺകുട്ടി പേരു പറഞ്ഞിരുന്നില്ല. ഡിഗ്രി വിദ്യാർഥിയാണ് എന്നുമാത്രമായിരുന്നു മറുപടി.