കോട്ടയംകാരനായ കൊല്ലം അജിത്തിനെ സിനിമയില്‍ അവതരിപ്പിക്കുന്നത് പത്മരാജനാണ്. 1984 ല്‍ പറന്ന് പറന്ന് പറന്ന് എന്ന പത്മരാജന്‍ ചിത്രത്തില്‍ തുടങ്ങിയ അജിത്ത് മൂന്ന് പതിറ്റാണ്ടിലധികം മലയാളസിനിമക്കൊപ്പം നിന്നു. പത്മരാജനരികില്‍ സഹസംവിധായകനാകാന്‍ അവസരം ചോദിച്ചുചെന്ന അജിത്തിന്റേതായി രണ്ടുചിത്രങ്ങളും മലയാളത്തിലിറങ്ങി.
കൊല്ലം അജിത്തെന്ന് കേള്‍ക്കുമ്പോള്‍ മലയാളി ആദ്യമോര്‍ക്കുക നാടോടിക്കാറ്റാണ്. എന്നാല്‍ അജിത്തിന്റെ ചലച്ചിത്രയാത്ര തുടങ്ങുന്നത് ആ ചിത്രത്തിനും നാലുവര്‍ഷംമുന്‍പാണ്. പത്മരാജനൊപ്പം പറന്നുതുടങ്ങിയ അജിത്ത് പിന്നെ ചെറുചിത്രങ്ങളിലൂടെ മൂന്ന് പതിറ്റാണ്ടോളം നിറഞ്ഞുനിന്നു.
ഇരുപതാം നൂറ്റാണ്ട്, മനു അങ്കിള്‍, അപരന്‍, ലാല്‍സലാം, നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍, എണ്ണിയെടുത്താല്‍ ഏറെയുണ്ട്, അഞ്ഞൂറോളം സിനിമകള്‍. ചെറുതാണെങ്കിലും ചേര്‍ന്നുനിന്ന സീനുകളിലെല്ലാം അജിത് തന്നെ അടയാളപ്പെടുത്തി
അഗ്നിപ്രവേശത്തിലൂടെ നായകനായ അജിത്ത് മലയാളത്തിനപ്പുറം സഹനടനായും വില്ലനായും അന്യഭാഷാസിനിമകളിലേക്കും ചേക്കേറി. കോളിങ്ങ് ബെല്‍ എന്ന ചിത്രമൊരുക്കി ക്യാമറയുടെ പിന്നിലേക്കും ചുവടുമാറ്റി. ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പ് വൈകിയതും വിവാദമായിരുന്നു. മലയാളത്തില്‍ രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത അജിത്ത് മൂന്നാമത്തെ ചിത്രത്തിന്റ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് മരിച്ചത്.