എഴുപതു വർഷങ്ങള്‍ക്കു മുമ്പ് കോളറാഡോയിൽ ഒരു കർഷകൻ തന്റെ കോഴിയെ അറുത്തു. പക്ഷേ തല തെറിച്ചുപോയെങ്കിലും കോഴി ചത്തില്ല. പതിനെട്ടു മാസം ആ കോഴി തലയില്ലാതെ ജീവിച്ചു. കേൾക്കുമ്പോൾ പഴങ്കഥ പോലെ തോന്നുമെങ്കിലും സംഭവം യഥാർത്ഥത്തിൽ നടന്നതു തന്നെയാണ്. തലയില്ലാതെ ജീവിച്ച ആ കോഴിയെവച്ച് ആ കർഷകൻ നേടിയത് കോടികളാണ്.
ഒരാഴ്ചയിലേറെയായി അതുപോലെയൊരു തലയില്ലാകോഴിയുടെ വീഡിയോ വൈറലാവുകയാണ്. തായ്‌ലാൻഡിലാണ് പുതിയ തലയില്ലാകോഴിയെ കണ്ടെത്തിയത്. ഏഴുപത് വർഷം മുമ്പ് ജീവിച്ച മൈകിന്റെ തല കർഷകൻ അറക്കുന്നതിന്റെയിടയിലാണ് തെറിച്ചുപോയത്. പക്ഷെ ഞരമ്പുകൾ മുറിയാത്തതുകൊണ്ട് അത് 18 മാസം ജീവിച്ചു.
തായ്‍ലാൻഡിൽ കണ്ടെത്തിയ കോഴിയുടെ തലയെങ്ങനെയാണ് നഷ്ടമായതെന്ന് അറിയില്ല. ഏതായാലും മൈക്കിന് സമാനമായ അവസ്ഥയിൽ തന്നെയാണ് ഇതിനെയും കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ സന്യാസിമാരാണിപ്പോൾ കോഴിയെ പരിചരിക്കുന്നത്. സിറിഞ്ചിലൂടെ അവർ ഭക്ഷണവും മുറിവിൽ അണുബാധയേൽക്കാതിരിക്കാൻ മരുന്നു അവർ നൽകുന്നുണ്ട്. തല പോയെങ്കിലും വെറുതെ ഇരുന്നു വിശ്രമിക്കാനൊന്നും ഈ കോഴി ഒരുക്കമല്ല. പതിയെ നടക്കാനും ശീലിക്കുന്നുണ്ട് കക്ഷി.