കലാലയങ്ങളിൽ ഓളം കൂട്ടിയ സിനിമാപ്പാട്ടുകൾക്കൊപ്പം കിടപിടിക്കുന്ന കവിതകൾ ഏറെയാണ്. അതിൽ മുരുകൻ കാട്ടാക്കടയുടെ ‘രേണുക’ ഇപ്പോഴും  ചുണ്ടുകളിൽ നിന്നും  ചുണ്ടുകളിലേക്ക്  പാടിപകരുന്നു. കാരണം അത്രത്തോളം ലളിതമാണ് രേണുകയിലെ വരികൾ എന്നതുതന്നെ. അതുകൊണ്ട് തന്നെ കവിത പാടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരും ഏറെയാണ്. എന്നാൽ  സൈബർ മലയാളി ഒന്നടങ്കം കയ്യടിക്കുന്നത് ആലപ്പുഴ ചന്തിരൂർ സ്വദേശി തങ്കപ്പൻ രേണുക പാടിയപ്പോഴാണ്.

 

പ്രണയാർദ്രമായ വരികൾ അതേ ഭാവത്തോടെ ഉൾക്കൊണ്ടാണ് തങ്കപ്പൻ ചേട്ടന്റെ പാട്ട്. പാട്ടുപാടുന്നത് കാണാൻ തന്നെയൊരു ചേലാണെന്നാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. രേണുകയുടെ ഇൗ പുതിയ ഗായകനെ കണ്ടറിഞ്ഞ് കവി മുരുകൻ കാട്ടാക്കട തന്നെ അഭിനന്ദനവുമായി രംഗത്തെത്തി.

 

കമൽ ചന്ദിരൂർ എന്ന വ്യക്തി ഗ്രൂപ്പിൽ പങ്കുവച്ച വിഡിയോ ഇരുപതിനായിരത്തിലേറെ പേരാണ് ഇതുവരെ ഷെയർ ചെയ്തത്. ജീവിതത്തിൽ കഷ്ടപാടുകൾക്കൊപ്പം തങ്കപ്പൻ ചേട്ടന്റെ കൂടെപ്പിറപ്പാണ് സംഗീതം. ആറുവയസുമുതൽ പാട്ടിനോട് കൂടിയ ചങ്ങാത്തം അൻപത്തിയഞ്ചാം വയസിലും ഒപ്പംകൊണ്ടുനടക്കുന്നു. അവസരങ്ങൾ കിട്ടുമ്പോഴൊക്കെ അദ്ദേഹം പാട്ടുപാടും. ക്ലബുകൾ തമ്മിലുള്ള മൽസരങ്ങളിലും പങ്കെടുക്കും. സ്വന്തമായി ട്രൂപ്പൊന്നും ഇല്ലെങ്കിലും ഗാനമേളയ്ക്കും തങ്കപ്പൻ ചേട്ടൻ പാടാറുണ്ട്.

 

ഏതുപാട്ട് കിട്ടിയാലും ഒരുകൈനോക്കതെ  വിടാറില്ല. പക്ഷേ മുൻവരിയിലെ പല്ലില്ലാത്തത് കൊണ്ട് ഉദ്ദേശിക്കുന്ന രീതിയിൽ ചില പാട്ടുകൾ പാടാൻ കഴിയില്ലെന്ന സങ്കടം മാത്രമാണുള്ളത്.