indrans-jayan

അക്ഷരാര്‍ഥത്തില്‍ മലയാളി സന്തോഷത്തിലാണ്. അത്ര കണ്ട് സ്നേഹിച്ചിട്ടുണ്ട് ഇൗ മനുഷ്യനെ അവര്‍. നാളെ പുരസ്കാര പ്രഭയില്‍ നിറഞ്ഞുനില്‍ക്കുന്ന ചിരിയോടെ ആ മുഖം പത്രങ്ങളിലെത്തുമ്പോള്‍ കേരളീയര്‍ക്ക് നിറസന്തോഷം തോന്നുമെന്നതുതന്നെ അയാളും മലയാളിയും തമ്മിലുള്ള ബന്ധം. ഈ മനുഷ്യന്‍ വളര്‍ച്ചയുടെ ഓരോ പടവുകള്‍ താണ്ടുമ്പോഴും മലയാളികാഴ്ചക്കാര്‍ ഉള്ളില്‍ സന്തോഷിച്ചു. നേരേ ചൊവ്വേയിലെത്തി പൊടിപ്പും തൊങ്ങലുമില്ലാതെ ഇയാള്‍ സംസാരിക്കുമ്പോള്‍ മലയാളി വിരുന്നുമുറിയിലിരുന്ന് പരസ്പരം ചോദിച്ചുപോയി: ‘എങ്ങനെ സാധിക്കും ഒരാള്‍ക്ക് ഇത്രത്തോളം പാവമാകാന്‍..!’ നിഷ്കളങ്കമായി ഇന്ദ്രന്‍സ് ജീവിതം പറയും. രാഷ്ട്രീയം പറയും. എല്ലാമെല്ലാം പറയും. 

 

ഒരു തവണയെങ്കിലും സംസാരിച്ചാല്‍ ഇഷ്ടം കൂടുന്ന പ്രകൃതക്കാരനാണ് ഇന്ദ്രന്‍സെന്ന് നിസംശയം പറായം. അതാണ് അയാളുടെ വിജയമന്ത്രവും. സിനിമാ താരത്തിനപ്പുറം മണ്ണില്‍ ചവിട്ടി നിന്ന് ജനറല്‍ കമ്പാര്‍ട്ട്മെെന്റില്‍ യാത്ര ചെയ്ത സാധാരണക്കാരന്റെ നടന്‍. ചിരിയുടെ നിറവെട്ടത്തില്‍ നിന്ന് ഉള്ളുപൊള്ളിക്കുന്ന കഥാപാത്രങ്ങളിലേക്കുള്ള ആ ചുവട​ുമാറ്റം മലയാളി അമ്പരപ്പോടയാണ് നോക്കിക്കണ്ടത്. അത്രമാത്രം പൂര്‍ണത അതില്‍ നിറഞ്ഞിരുന്നു.

 

alorukkam-movie

തോമാച്ചായന്റെ ഉടുമുണ്ടുരിഞ്ഞുള്ള അടി വിവരിക്കുന്ന ഇന്ദ്രന്‍സായിരുക്കില്ല മറ്റൊരു ചിത്രത്തില്‍. വലിപ്പച്ചെറുപ്പമില്ലാതെ കിട്ടുന്ന വേഷങ്ങള്‍ ഭംഗിയാക്കാനും സിനിമയെ സ്നേഹിച്ച്, സിനിമയെ ശ്വസിച്ച് ജീവിക്കാന്‍ ശ്രമിച്ചു അയാള്‍. 

 

പുരസ്കാര നിറവിലെത്തിച്ച ആളൊരുക്കത്തില്‍ ഒരാള്‍ പൊക്കത്തില്‍ ഉയര്‍ന്നാടാനായത് അതുകൊണ്ട് തന്നെയാണ്. കരുത്തറ്റ കഥാപാത്രങ്ങള്‍ തേടിയെത്തുമ്പോള്‍ അതിലേക്ക് പകര്‍ന്നാടാന്‍ തന്നിലെ നടനെ പാകപ്പെടുത്തിയത് സിനിമയോടുള്ള ആത്മാര്‍തഥ ഒന്നുകൊണ്ട് മാത്രമാണ്. അതിനായി അയാള്‍ കണ്ടെത്തിയ പാഠമാണ് മണ്ണില്‍ ചവിട്ടി നില്‍ക്കുയെന്നത്. അതുകൊണ്ട് കൂടിയാണ് ഇൗ നേട്ടത്തില്‍ ഇന്ദ്രന്‍സിനേക്കാളേറെ മലയാളി സന്തോഷിക്കുന്നതും. 

 

ഹാസ്യനടനായി മാത്രം ഒതുങ്ങി നിന്നവരുടെ വിസ്മയ പ്രകടനങ്ങള്‍ക്കാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളം സാക്ഷ്യം വഹിക്കുന്നത്. അതില്‍ ദേശീയ പുരസ്കാരപ്രഭയോടെ നില്‍ക്കുന്ന സലീംകുമാറിനും സുരാജ് വെ​ഞ്ഞാറമൂടിനൊപ്പമോ അതിന് മുകളിലോ ചേര്‍ത്തുവയ്ക്കാനുള്ള പ്രഭയുണ്ട് ഇന്ദ്രന്‍സിന്റെ ഇൗ സംസ്ഥാന പുരസ്കാരത്തിനും.  ചരിത്രത്തിന്റെ തനിയാവര്‍ത്തനം ഇന്ദ്രന്‍സിലും തെളിയണം എന്ന് ഓരോ മലയാളിയും പ്രാര്‍ത്ഥിക്കുന്നത് അതുകൊണ്ടാണ്. 

 

കൊച്ചുവേലു സുരേന്ദ്രനെന്ന  വസ്ത്രാലങ്കാരകനി‍ല്‍ നിന്ന്  ഒരുനടനിലേക്കും മികച്ച നടനിലേക്കുള്ള പാതയുടെ ദൂരം എകദേശം മുപ്പത്തിയേഴ് വര്‍ഷമാണ്. 1981 ല്‍ വസ്ത്രാലങ്കാരകനായി സിനിമയിലെത്തി. തീരെ മെലിഞ്ഞ രൂപത്തോടുള്ള കൗതുകം ക്യാമറയുടെ മുന്നിലെത്തിച്ചു. ജ്വലനത്തിലൂടെ നടനിലേക്ക്. അന്നു മുതല്‍ ആ ജ്വലനം മലയാളസിനിമയുടെ മുറ്റത്ത് ഇന്നും ഇന്ദ്രപ്രഭയോടെ നില്‍ക്കുന്നു. താരമെന്ന മാറ്റം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും അയാളില്‍ തൊട്ടിട്ടില്ല. അതുകൊണ്ട് തന്നെ പുരസ്കാരപ്രഭയും അയാളെ മാറ്റാന്‍ പോകുന്നില്ല. മലയാളിക്ക് പ്രിയപ്പെട്ട ഇന്ദ്രന്‍സായി അയാള്‍ തുടരും. കാരണം എല്ലാവര്‍ക്കും അയാള്‍ ഇന്ദ്രന്‍സാണ്. സ്വന്തം ഇന്ദ്രന്‍സ്.  

 

പുരസ്കാരത്തിന്‍റെ ഗരിമയ്ക്കുശേഷവും എളിമ മുറ്റുന്ന ചിരിയുമായി ഇനിയുമിനിയും മലയാളിയുടെ മുന്നിലേക്ക് നടന്നുവരും ഈ മനുഷ്യന്‍. കുപ്പായങ്ങളേറെ തുന്നിയ ഈ നടന്‍ അപ്പോഴും താരത്തിന്‍റെ കുപ്പായമണിയില്ല, ഉറപ്പാണ്.