ഫാസിസ്റ്റ് ഭരണകൂടം അധികാരത്തില്‍ വരുന്നതിനും ഏറെ മുന്‍പേ ഫാസിസ്റ്റ് യുക്തി പൊതുമണ്ഡലത്തില്‍ അധികാരത്തിലേറുന്നു. ആ യുക്തിയുടെ ഭരണം സമൂഹത്തിന്റെ സര്‍വമണ്ഡലങ്ങളേയും കീഴടക്കുന്നതോടെ രാഷ്ട്രീയമായി ഫാസിസ്റ്റ് ഭരണകൂടവാഴിച്ച നടക്കുന്നു. സ്വേച്ഛാധികാര ഭരണകൂടങ്ങളെക്കുറിച്ചുള്ള ഗ്രീക്ക്–ഫ്രഞ്ച് സൈദ്ധാന്തികന്‍ നിക്കോസ് പൗലാന്‍സാസിന്റെ നിരീക്ഷണമാണിത്. ഇതോടൊപ്പം സാമ്പത്തികഘടന രാഷ്ട്രീയഘടനയുടെ ഗതിനിര്‍ണയിക്കുന്നത് ഉള്‍പ്പെടെ എങ്ങനെയാണ് ഫാസിസം സമ്പൂര്‍ണ അര്‍ഥത്തില്‍ സ്ഥാപിതമാകുന്നതെന്ന് മനസ്സിലാക്കാന്‍ ഏറ്റവും ആധികാരികമായ രചനയാണ് അദ്ദേഹത്തിന്റെ Fascism And Dictatorship. ഇറ്റലിയുടെ രാഷ്ട്രീയചരിത്രത്തെ മുന്‍നിര്‍ത്തി.
പറയാനുദ്ദേശിക്കുന്നത്, ഏതൊരു സന്ദര്‍ഭത്തിലേയും മനുഷ്യന്റെ സാധാരണയുക്തിവിചാരത്തെ ഫാസിസ്റ്റ് യുക്തികൊണ്ട് എങ്ങനെ കീഴടക്കാം എന്നതിന്റെ വര്‍ത്തമാനകാല ഉദാഹരണങ്ങളെക്കുറിച്ചാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ നടക്കുന്ന കാര്യത്തെ മുന്‍നിര്‍ത്തി ഉന്നയിക്കുന്ന വിഷയത്തെ നേരിടാന്‍ മറ്റൊരു സാഹചര്യത്തില്‍ നടക്കുന്ന പ്രവൃത്തി ഉദ്ധരിക്കുക. അതിന്റെ താരതമ്യം കൊണ്ട് ആദ്യത്തെ പ്രവൃത്തിയെക്കുറിച്ച് സംശയം ഉന്നയിച്ചവരെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുക. ഏറ്റവും ഒടുവലത്തെ ഉദാഹരമാണ് ഈ പിന്നിട്ടയാഴ്ച 9 മണി ചര്‍ച്ചയില്‍ കേട്ടത്.
ആറ്റുകാല്‍ പൊങ്കാലയിലെ ചടങ്ങായ കുത്തിയോട്ടത്തെക്കുറിച്ച് ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ ചില ആക്ഷേപങ്ങള്‍ ഉന്നയിച്ചത് സ്വാഭാവികമായും 9 മണിയില്‍ ചര്‍ച്ചയായിരുന്നു. സമൂഹമാധ്യമങ്ങളിലും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു അത്. കുട്ടികളുടെ ശരീരത്തില്‍ വെള്ളിക്കൊളുത്ത് (അത് ഇരുമ്പുകൊളുത്താണെന്ന് ഡി.ജി.പി പറഞ്ഞത് തെറ്റാണ്) കയറ്റുന്നത് ബാലപീഡനത്തിന്റെ ഗണത്തില്‍ പെടുത്തേണ്ട കുറ്റമാണെന്നും ഇതില്‍ പ്രതിഷേധിച്ച് ഇത്തവണ ആറ്റുകാല്‍ പൊങ്കാല ഇടുന്നില്ലെന്നും ക്ഷോഭത്തോടെയാണ് ശ്രീമതി ശ്രീലേഖ ബ്ലോഗില്‍ എഴുതിയത്. ഇതിനെ നേരിടാന്‍ സംഘപരിവാര്‍ ശക്തികളും മുസ്ലിം വിഭാഗങ്ങളില്‍ തന്നെ ചിലരും ഉന്നയിച്ച വാദം അങ്ങനെയാണെങ്കില്‍ സുന്നത്തും ബാലപീഡനമല്ലേ എന്നാണ്. ഹിന്ദുസമുദായത്തില്‍ നടക്കുന്ന ആചാരങ്ങളില്‍ കുട്ടികളുടെ അവകാശലംഘനം നടക്കുന്നുണ്ടെങ്കില്‍ അത് തിരുത്തണമെന്ന് 9 മണി ചര്‍ച്ചയില്‍ പറഞ്ഞ ഹിന്ദു ഐക്യവേദി സംസ്ഥാന കണ്‍വീനര്‍ ആര്‍.വി.ബാബു തൊട്ടുപിന്നാലെ ഉന്നയിച്ചത് സുന്നത്തിന്റെ കാര്യമാണ്. സംവിധായകനായ അലി അക്ബര്‍ സ്വന്തം ബാല്യകാലാനുഭവം വിവരിച്ച് സമൂഹമാധ്യമങ്ങളില്‍ ആവശ്യപ്പെട്ടത് സുന്നത്ത് നിരോധിക്കണമെന്നാണ്. കുത്തിയോട്ടത്തിലെ ബാലപീഡനം വിഷയമായി ഉയര്‍ന്നപ്പോള്‍ മാത്രം എങ്ങനെ സുന്നത്തും ബാലപീഡനമായി?
സുന്നത്തിലെ മതപരവും വിശ്വാസപരവുമായ വശങ്ങളെക്കുറിച്ചോ അതിലെ പീഡനത്തിന്റെ വശങ്ങളെക്കുറിച്ചോ മറ്റെന്തെങ്കിലുമോ ചര്‍ച്ചചെയ്യപ്പെടുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ അതിനുള്ള സന്ദര്‍ഭം എങ്ങനെ ഡി.ജി.പി ശ്രീലേഖ മറ്റൊരു ഗുരുതരമായ ആരോപണം ഉന്നയിക്കുന്ന അതേസന്ദര്‍ഭമായി? കുത്തിയോട്ടത്തിനെ ചെറുക്കാന്‍ വേണ്ടി തുടങ്ങിയ കാര്യമല്ലല്ലോ സുന്നത്ത്? ഒരു മതവിഭാഗത്തിന്റെ ചടങ്ങിലെ അപരിഷ്കൃതമായ ബാലാവകാശധ്വംസനത്തിന് നിയമപരമോ വിശ്വാസപരമോ ആയ പരിഹാരം നിര്‍ദേശിക്കേണ്ടതിന് പകരം ഉടന്‍ മറ്റൊരു മതവിഭാഗത്തിന്റെ ആചാരത്തെ എടുത്തിടുന്നതിലെ യുക്തി ഫാസിസ്റ്റ് യുക്തിയാണ്. എത്ര എളുപ്പമാണ് സുന്നത്ത് ചോദ്യചിഹ്നമായത്! കുത്തിയോട്ടം നിര്‍ത്തണമെങ്കില്‍ സുന്നത്ത് നിര്‍ത്തണം എന്ന നിലയിലേക്ക് മാറുന്നു യുക്തി. സുന്നത്ത് നിരോധിക്കുക അത്ര എളുപ്പമല്ലാത്തതിനാല്‍ അത്രകാലവും കുത്തിയോട്ടത്തില്‍ ആരോപിക്കപ്പെടുന്ന പീഡനവും തുടരാമെന്നാണോ? അങ്ങനെ ഈ യുക്തിവച്ചുള്ള പരിഹാരസംഹിത രണ്ടുമതവിഭാഗങ്ങളെ നേര്‍ക്കുനേര്‍ വെല്ലുവിളിക്കാന്‍ പ്രേരിപ്പിക്കും വിധം കാലുഷ്യം നിറഞ്ഞതായി മാറുകയാണ്.
ഇത്തരം യുക്തിഹീനമായ പരിഹാരമാര്‍ഗങ്ങളാണ് രാഷ്ട്രീയ കൊലപാതങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്ന പ്രസ്ഥാനങ്ങളും ആശ്രയിക്കുന്നത്. ചോരകാണുന്നതില്‍ അറപ്പില്ലാത്ത ചിലരാണ് ഈ യുക്തിയുടെ ഇരകളായി എതിര്‍ ചേരിയേയും മാറ്റുന്നത്. ഒരുകൂട്ടര്‍ ചോരകാട്ടി വെല്ലുവിളിക്കുന്നു. ആ യുക്തി ഫാസിസത്തിന്റേതാണ്. ചെറുക്കാനെന്ന നിലയില്‍ മറുകൂട്ടരും ചോരചിന്തുന്നു. ഇങ്ങനെ പരസ്പരമുള്ള കൊലകള്‍ കൊണ്ട് വളരുന്നത് ഫാസിസ്റ്റ് യുക്തിയാണ്. അത് ജീവകാരുണ്യപ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെപ്പോലും ചിലപ്പോള്‍ കൊലപാതകം നടത്തുന്ന സംഘടനയാക്കി മാറ്റിയേക്കാം. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും വധശിക്ഷ തെറ്റാണെന്നു പറയുകയും ചെയ്യുന്ന സി.പി.എം തന്നെയാണല്ലോ കണ്ണൂരില്‍ കൊലപാതകം നടത്തുന്നത്. ആര്‍.എസ്.എസ് ആകട്ടെ, കണ്ണൂരില്‍ രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെടുക്കാനെന്ന പേരില്‍ കൊലപാതകമെന്ന ഏറ്റവും അസ്വാതന്ത്ര്യം നിറഞ്ഞ രാഷ്ട്രീയമാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നവരും. ഇവര്‍ പരസ്പരം തിന്നുവളരുന്ന യുക്തിയുടെ ഇരകളാണെന്നു ചുരുക്കം.
ഇവിടെ ചൂണ്ടിക്കാട്ടിയത് ഏറ്റവും അടുത്ത നാളുകളിലെ രണ്ട് സന്ദര്‍ഭങ്ങള്‍ മാത്രം. ഫാസിസ്റ്റ് യുക്തിയുടെ വളര്‍ച്ച അതിവേഗത്തിലാണ്. രാഷ്ട്രീയത്തില്‍ മാത്രമല്ല, ദൈനംദിന ജീവിതത്തിലെ നാനാമേഖലയിലും അത് വ്യാപരിക്കുന്നുണ്ട്. ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രം പൊതുമണ്ഡലത്തില്‍ മേല്‍ക്കോയ്മ നേടുന്നതിനെക്കുറിച്ചുള്ള അന്റോണിയോ ഗ്രാംഷിയുടെ നിരീക്ഷണം കൂടി ചേര്‍ത്തുവയ്ക്കാം. ഭയം മറച്ചുവയ്ക്കുന്നില്ല.