TAGS

ഗൗരിയമ്മ എന്ന ഇതിഹാസനായികയ്‌‌ക്കൊപ്പം ഊഷ്‌‌മളമായ ഒരോർമ. കണിശക്കാരിയായ ഗൗരിയുടെ സ്നേഹനിറവും വാൽസല്യപരതയും അനുഭവിച്ചറിഞ്ഞ നേരങ്ങൾ. ഒപ്പം ചില ചരിത്ര–രാഷ്ട്രീയ സന്ദർഭങ്ങളും. മനോരമ ന്യൂസ് ആലപ്പുഴ റിപ്പോർട്ടർ കെ.സി.ബിപിൻ എഴുതുന്നു

കൊട്ടാരക്കര ഉണ്ണിയപ്പവും കോഴിക്കോടന്‍ ഹല്‍വയും അമ്പലപ്പുഴ പാല്‍പായസവും ചുണ്ടിനുമ്മവച്ചുപോകുന്നൊരു മധുരവാര്‍ധക്യത്തിലാണിന്ന് കെ.ആര്‍.ഗൗരിയമ്മ. അനുഭവങ്ങള്‍ ഒരു നൂറ്റാണ്ടിന്റെ സമരപര്‍വമേറുന്ന പ്രായം. എന്നിട്ടും ഇന്ന് പ്രിയം ചോക്ലേറ്റും മറ്റ് മധുരപലഹാരങ്ങളും. നിലപാടുകളിലെ ഗൗരവങ്ങളുടെ പര്യായപദം മാത്രമല്ല ഗൗരി; സ്നേഹവാല്‍സല്യങ്ങളുടെ, കുസൃതിയുടെ നാമാവിര്‍ഭാവ രാഷ്ട്രീയപദം കൂടിയാണത്.

സ്വാതന്ത്ര്യാനന്തര കേരളത്തെ രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ കൈപിടിച്ചുനടത്തിയവരില്‍ പ്രമുഖയായ കെ.ആര്‍.ഗൗരിയമ്മയെ നേരിലൊന്ന് കാണാന്‍ കഴിയുന്നതുപോലും ഭാഗ്യമാണ്. ഒരഭിമുഖം തരപ്പെടുന്നത് അതിലേറെ ഭാഗ്യം. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ഗൗരിയമ്മയെ കണ്ടത്. അതുതന്നെ ഒരു കഥയാണ്. വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാണ് അഭിമുഖം തരാമെന്ന് പറഞ്ഞത്. ഞങ്ങള്‍ ചെന്നു. ആലപ്പുഴ ചാത്തനാട്ടെ ഗൗരിയമ്മയുടെ വീടിന്റെ ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. ആളില്ലേ എന്നായി ഞാന്‍. അങ്ങിനെയൊന്നും തുറക്കില്ലെന്ന് അനുഭവസ്ഥനായ ക്യാമറാമാന്‍. ഗേറ്റിന് മുട്ടി, അകത്തുനിന്ന് ഗണ്‍മാന്‍ വന്നു. കാര്യം ബോധിപ്പിച്ചു. അമ്മ പറഞ്ഞാലേ ഗേറ്റ് തുറക്കൂവെന്ന് ഗണ്‍മാന്‍. മതി, അമ്മയോട് പറഞ്ഞോളൂ, സമയം വാങ്ങിയാണ് വന്നതെന്ന് ഞങ്ങള്‍. അങ്ങിനെ കുറെനേരം പുറത്തുകാത്തു നിന്നു. റോഡിലൂടെ പോകുന്നൊരാള്‍ ചിരിക്കുന്നു. ഞാനും ചിരിച്ചു. അപ്പോള്‍ അയാള്‍, ഇന്ന് ഇനി അകത്തുകയറാം എന്ന് വിചാരിക്കേണ്ട... ങേ, അതെന്താണങ്ങനെയെന്ന് ഞാനും. ഒന്നും പിടികിട്ടുന്നില്ല..!

ഗണ്‍മാന്‍ തിരിച്ചുവന്നു. അമ്മ കുളിക്കുകയാ, ഇത്തിരികഴി‍ഞ്ഞ് ഇറങ്ങും. അപ്പോള്‍ ചോദിക്കാം. ശരി, ഞങ്ങള്‍ വീണ്ടും ഗേറ്റ് ചാരി നിന്നു. ടി.വി.തോമസിനൊപ്പം താമസിക്കാന്‍ പണികഴിപ്പിച്ച വീടാണ്. ഇടക്കാലത്ത് മോടികൂട്ടിയെങ്കിലും അത്രയും പഴക്കമുണ്ട്. ഇടതുപക്ഷത്തെ ഒട്ടുമിക്ക നേതാക്കളും വന്നുപോയ വീട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന കാലത്ത് ഈ വീട്ടില്‍നിന്നാണ് എം.എന്‍ ഗോവിന്ദന്‍ നായര്‍ ഒരു ദിവസം ടി.വി.തോമസിനെ വിളിച്ചിറക്കിപോയത്. രണ്ടുദിവസം കഴി‍ഞ്ഞ് ടി.വി തിരിച്ചുവന്നത് സി.പി.ഐക്കാരനായിട്ടാണെന്ന് ഗൗരിയമ്മ പറയും. അങ്ങിനെ എത്രയോ രാഷ്ട്രീയകഥകള്‍ക്ക് ഈ മണ്ണും വീടും സാക്ഷിയാണ്...

ചരിത്രങ്ങൾക്ക് സാക്ഷിയായ ഗൗരിയമ്മയുടെ വീട്

 

ശീലങ്ങളിലേക്കൊരു വാതില്‍

ഗൗരിയമ്മ വാതില്‍ തുറന്നു. കസേരയില്‍ ഇരിക്കുകയാണ്. ഗേറ്റിന് പുറത്തുനിന്ന് നോക്കുമ്പോള്‍ കാലുമാത്രമേ കാണുന്നുള്ളു. ഗണ്‍മാനും സഹായിയും അകത്തേക്ക് പോയി. തിരിച്ചുവന്ന സഹായി ആദ്യംപറഞ്ഞത് സോറിയാണ്. ഇന്നിനി പറ്റില്ല, ഇരുട്ടായെന്ന്. നാളെ രാവിലെ വരാന്‍ അമ്മ പറഞ്ഞു. അല്‍പം നിരാശയോടെ ഞങ്ങള്‍ മടങ്ങി. തിരിച്ചുപോരുമ്പോഴെല്ലാം ഞാന്‍ അവരെക്കുറിച്ച് ഓര്‍ത്തു. 99 വയസായി. ഈ പ്രായത്തിലും ഇത്ര കണിശതയും സ്വഭാവവി‌േ‌ശഷങ്ങളും. എത്രയോ പേരെ ഇറക്കിവിട്ടിട്ടുണ്ടെന്ന് കേട്ടപ്പോള്‍ അതുണ്ടായില്ലല്ലോ എന്ന ആശ്വാസത്തില്‍ തിരിച്ചെത്തി.  

പിറ്റേന്ന് രാവിലെ വീണ്ടും ചെന്നു. അമ്മ കുളിക്കുകയാണെന്ന് മറ്റൊരു ഗണ്‍മാന്‍. അന്വേഷിച്ചപ്പോള്‍ എണ്ണയിട്ട്, രണ്ടുമൂന്ന് മണിക്കൂര്‍ നീളുന്നതാണ് ഗൗരിയമ്മയ്ക്ക് കുളി. അതാണ് പതിവ്. 

കാത്തിരിപ്പിന് ഒടുവില്‍ മുന്‍വശത്തെ വാതില്‍തുറന്നു. ആ വാതില്‍ തുറക്കുന്നതിനുമുണ്ട് ഒരു രീതി. അമ്മ കിടപ്പുമുറിയില്‍നിന്ന് പുറത്തേക്ക് വന്നാലേ മുന്‍വശത്തെ വാതില്‍തുറന്നിടൂ. ഞങ്ങള്‍ വന്ന കാര്യം ഗണ്‍മാന്‍ അറിയിച്ചതോടെ കയറിവരാന്‍ പറഞ്ഞു. ക്യാമറാമാന്‍ ബോണി എന്നെ പരിചയപ്പെടുത്തി. ‘കുഞ്ഞമ്മേ പുതിയ ആളാണ് ഒന്നുകാണാന്‍ വന്നതാണ്...’

ഗൗരിയമ്മ ഒരുനോട്ടം. നീ എവിടെയാ ? 

കോഴിക്കോടാണ്. ഞാന്‍ പറഞ്ഞു

ഉം. എന്താ ചോദിക്കാനുള്ളത്? വേഗം ചോദിച്ചിട്ട് പൊക്കോ...

ക്യാമറ ട്രൈപോഡില്‍ ഘടിപ്പിക്കുന്നു. ലൈറ്റ് ഓണ്‍ചെയ്യുന്നു. ഡ്രൈവര്‍ മൈക്ക് പിടിക്കുന്നു. അപ്പോള്‍ അമ്മയുടെ ചോദ്യം. നീയേതാ?

ഞാന്‍ ഇടയ്ക്കുകയറി പറഞ്ഞു, നമ്മുടെ ഡ്രൈവറാണ്.

ഡ്രൈവറെന്തിനാ വീടിന് അകത്ത് ?

മൈക്ക് പിടിക്കാന്‍ ഒരു സഹായത്തിനെന്ന് ഡ്രൈവര്‍ തന്നെ മറുപടി നല്‍കി. മൈക്ക് ഞാന്‍ പിടിച്ചാല്‍ നീ പുറത്തുപോകുമോ? ഗൗരിയമ്മയുടെ കൗണ്ടര്‍ പോയന്റ്.

അമ്മ നല്ല മൂഡിലല്ലെന്ന് സംശയം തോന്നിയതോടെ ചിരിച്ചും അല്‍പം കുസൃതികള്‍ തിരിച്ചുകാട്ടിയും ഞാന്‍ ചോദ്യങ്ങളിലേക്ക് നീങ്ങി. പാര്‍ട്ടിയെക്കുറിച്ച്, മുന്നണിയെക്കുറിച്ച്, നേതാക്കളെക്കുറിച്ച്... ഗൗരിയമ്മ എല്ലാചോദ്യങ്ങളില്‍നിന്നും ഉത്തരം പറഞ്ഞുപറഞ്ഞ് ചരിത്രത്തിലേക്ക് പോകും. അതില്‍ അല്‍ഭുതമെന്തിന് എന്ന് നമുക്കുംതോന്നാം. തിരുകൊച്ചി മന്ത്രിസഭ തൊട്ട് ഇന്നലെവരെ കെ.ആര്‍.ഗൗരിയമ്മ ഇല്ലാത്തൊരു രാഷ്ട്രീയ ചരിത്രമുണ്ടോ ഈ നാടിന്..? 1947ല്‍ ഇരുപത്തിയെട്ടാമത്തെ വയസിലാണ് അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം എടുത്തത്. ഒളിവുജീവിതങ്ങളും ജയില്‍വാസവും കഠിനമായ ജീവിതയാത്രകളും കടന്നുപോയൊരു ജീവിത ചക്രമാണവരുേടത്. പറയട്ടെ, ഒന്നും തടസപ്പെടുത്തിയില്ല. കേള്‍ക്കുന്നതെല്ലാം ചരിത്രം.

 

ഇരിപ്പിടത്തിന്‍റെ രാഷ്ട്രീയം

ചോദ്യോത്തരങ്ങളെല്ലാം കഴിഞ്ഞു. ക്യാമറ കട്ട് ചെയ്തു. നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം ഞാന്‍ ക്യാമറാമാനോട് ഒരു ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടു. ഗൗരിയമ്മ ഇരുന്ന സോഫയുടെ അരികില്‍ ഞാന്‍ നിലത്തിരുന്നു. പെട്ടന്നാണ് അമ്മയുടെ ആ ചോദ്യം വന്നത്?

താനെന്തിനാടോ നിലത്തിരിക്കുന്നത്? കൂടെ ഒരു ഫോട്ടോ എടുക്കാനാ...

അതിന് നിലത്താണോ ഇരിക്കുന്നത്. കസേരയില്‍ ഇരിക്ക്...(അല്‍പം ദേഷ്യത്തോടെ).

കൂടെയിരിക്കാനുള്ള യോഗ്യതയൊന്നും ഇല്ല. താഴെ ഇരുന്ന് മതി. ഞാന്‍ പറഞ്ഞു

വിഷയം മാറ്റി ക്യാമറാമാന്‍ വിളിച്ചു, കുഞ്ഞമ്മേ ഒന്നുനേെര നോക്കിയേ.... ഒരു ഫോട്ടോ എടുക്കട്ടെ.

കുട്ടികളെപോലെ മുഖം തിരിച്ച് ഗൗരിയമ്മ പറഞ്ഞു...ഇല്ല.

ലേഖകനായ കെ.സി.ബിപിൻ ഗൗരിയമ്മയ്‌‌ക്കൊപ്പം

ഞങ്ങള്‍ ചിരിച്ചു....

നിന്നോട് കസേരയില്‍ ഇരിക്കാനാണ് ‍ഞാന്‍ പറഞ്ഞത് (ശബ്ദം കനത്തു).

ഒരു മിന്നലാട്ടമായി കരയാത്ത, പതറാത്ത, ഭദ്രകാളിയാകുന്ന ചുള്ളിക്കാടിന്റെ ഗൗരിയെ ഓര്‍ത്തു. ഞാന്‍ ചാടിയെഴുന്നേറ്റ് തൊട്ടടുത്ത് ഇരുന്നു. അപ്പോള്‍ ക്യാമറാമാന്‍ സ്മൈല്‍ പ്ലീസ്....

ചരിത്രത്തിലേക്ക് ഒരു ക്ലിക്ക്.

 

ഇരിപ്പിടങ്ങളുടെ രാഷ്ട്രീയം ഗൗരിയമ്മയുടെ ജീവിതത്തില്‍ ഒരുപാടുണ്ടായിട്ടുണ്ട്. സിപിഎമ്മില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷം 1996ല്‍ ഗൗരിയമ്മ യുഡിഎഫ് ടിക്കറ്റിലാണ് നിയമസഭയിലെത്തിയത്. അതുവരെ സഭയില്‍ മുന്‍നിരയില്‍ സീറ്റുകിട്ടിയിരുന്ന ഗൗരിയമ്മയ്ക്ക് അടുത്ത സമ്മേളനംതൊട്ട് ഏറ്റവും പുറകിലേക്ക് മാറിയിരിക്കേണ്ടിവന്നു. ഒറ്റ എം.എല്‍.എ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന കാരണം നിരത്തിയായിരുന്നു സിപിഎമ്മിന്റെ പ്രതികാരം. അടുത്ത സര്‍ക്കാരില്‍ മന്ത്രിയായി തിരിച്ചെത്തി മുന്‍നിരയില്‍ സീറ്റുറപ്പിച്ചതും ചരിത്രം. ''കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍.ഗൗരി ഭരിച്ചീടും'' എന്ന് നാടൊട്ടുക്കും പാടിയിട്ടും നമ്പൂതിരിപ്പാട് വെട്ടിയെന്ന പരിഭവത്തിനുമുണ്ട് ഒരു ഇരിപ്പിടത്തിന്റെ രാഷ്ട്രീയം. 

അന്ന്, 1987 ലെ നായനാര്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇ.എം.എഎസ് കടന്നുവരുന്നു. നിയുക്ത മുഖ്യമന്ത്രി ഉള്‍പ്പടെ സര്‍വരും എഴുന്നേറ്റ് നിന്നപ്പോഴും രാഷ്ട്രീയമായ വിയോജിപ്പിന്റേയും കടുത്ത ശത്രുതയുടെയും(ദുഃഖത്തിന്റെയും) പരസ്യപ്രകടനമായിരുന്നു എഴുന്നേല്‍ക്കാതെയുള്ള ഗൗരിയമ്മയുടെ പെരുമാറ്റം. ചരിത്രത്തില്‍ ഇരിപ്പിനും ഇരിപ്പിടത്തിനും രാഷ്ട്രീയ മാനങ്ങള്‍ നല്‍കിയ ഒരു വിപ്ലവനായികയ്ക്ക് മുന്നില്‍ എന്റെ ഇരിപ്പ് അതിവിനയത്തിന്റെ അഭിനയമെന്ന് അവര്‍ക്ക് തോന്നിക്കാണുമോ?

കുസൃതിയുള്ള കണിശതയുള്ള ഗൗരവമുള്ളൊരു ഗൗരിയില്‍നിന്ന് മധുരമുള്ളൊരു ഗൗരിയിലേക്കുള്ള എളുപ്പസഞ്ചാരം കണ്ടാണ് ആദ്യ അഭിമുഖം പൂര്‍ത്തിയാക്കി ഇറങ്ങിയത്.

 

മധുരമൂറുന്ന കണിശക്കാരി

ഇറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ അമ്മ ചോദിച്ചു. നിനക്ക് ചായ തന്നില്ലല്ലോടാ...?

ഞാന്‍ പറഞ്ഞു വേണ്ട... പിന്നെയാവട്ടെ.

അകത്തേക്ക് നോക്കി അമ്മ സഹായിയെ വിളിച്ചു. എടീ ഹല്‍വ തീര്‍ന്നോ? അത് തീര്‍ന്നു. എന്നാ ഉണ്ണിയപ്പം ഇരിപ്പുണ്ടാകുമല്ലോ... ഉണ്ട്.

ഇങ്ങ് എടുക്ക്, ദാ പിള്ളാര്‍ക്ക് കൊടുക്ക്.

ഉണ്ണിയപ്പം വന്നു. ഓരോന്ന് ഞങ്ങളെടുത്തു. ഒരെണ്ണം ഗൗരിയമ്മയും. അവരത് ആസ്വദിച്ച് കഴിച്ച്, രണ്ടാമതൊരെണ്ണം കൂടിയെടുത്തു. ഷുഗര്‍ പ്രശ്നമൊന്നുമില്ലേ എന്ന് ഞാന്‍ ചോദിച്ചു. മറുപടി പറഞ്ഞ ആള്‍ അമ്മയുടെ അടുപ്പക്കാരില്‍ ഒരാളാണ്. ആരാണെന്ന് ഞാന്‍ ഇവിടെ കുറിക്കില്ല. അമ്മയെങ്ങാനും അറിഞ്ഞാല്‍ വാളെടുക്കും.

കിടപ്പുമുറിയിലെ ഗൗരിയമ്മയുടെ അലമാര നിറയെ ചോക്ലേറ്റ് ആണത്രേ.

കൊട്ടാരക്കര ഉണ്ണിയപ്പവും കോഴിക്കോടന്‍ ഹല്‍വയും അമ്പലപ്പുഴ പാല്‍പായസവും ചുണ്ടിനുമ്മവച്ചുപോകുന്നൊരു മധുരവാര്‍ധക്യത്തിലാണിന്ന് കെ.ആര്‍.ഗൗരിയമ്മ. പ്രായമേറുംതോറും പ്രിയംകൂടുന്നൊരു മധുരമൂറുന്ന അമ്മ.