കൈയില്‍ മൊബൈല്‍ ഫോണുള്ളവന്‍ കൈയില്‍ ഭിക്ഷാപാത്രമേന്തുന്നവനെ ഈ സമൂഹത്തിനു പുറത്തുള്ളവനായി കാണുന്നു. അവനെ സംശയിക്കാനേ പറ്റൂ. അവനെ കൈകാര്യം ചെയ്യുന്നതിന്റെ സെല്‍ഫിയെടുത്ത് ഞാന്‍ ഈ സമൂഹത്തിനു മുന്നില്‍ എന്റെ നീതിയോടുള്ള പ്രതിബദ്ധത തെളിയിക്കുകയാണ്. മനോരമ ന്യൂസ് സീനിയർ കോർഡിനേറ്റിങ് എഡിറ്റർ പ്രമോദ് രാമന്റെ കോളം ആരംഭിക്കുന്നു...

ലോകപ്രശസ്ത സാഹിത്യകാരന്‍ ഷൂസെ സാരമാഗുവിന്റെ 'ബ്ലൈന്‍ഡ്നെസ്' വായിച്ചവര്‍ക്കറിയാം, അന്ധത പകര്‍ച്ചവ്യാധിയായി മാറുമ്പോള്‍ ഒരു സമൂഹത്തില്‍ ഉണ്ടാകുന്ന പരിണാമങ്ങള്‍. അന്ധതാരോഗം ബാധിച്ചവരെ ഭരണകൂടം പിടിച്ചുകൊണ്ടുവന്ന് സെല്ലില്‍ അടയ്ക്കുമ്പോള്‍ വളരുന്ന അരാജകത്വം. നിയമത്തിനും നീതിക്കും അധികാരത്തിനും കണ്ണ് നഷ്ടപ്പെടുന്നത്. നൊബേല്‍ പുരസ്കാര ജേതാവായ സാരമാഗു എഴുതിയ മനസ്സാക്ഷിയെ കുലുക്കുന്ന കൃതി. പകര്‍ച്ചവ്യാധിപോലെ പരക്കുന്ന ചില അന്ധതകള്‍ കേരളത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക നിലവാരത്തിന്റെ അന്തസ്സാരശൂന്യത വെളിച്ചത്തുകൊണ്ടുവരുന്ന കാഴ്ചകളാണ് ഈ ദിവസങ്ങളിള്‍ കണ്ടത്. 

അതെ, അന്ധത വെളിച്ചത്തുകൊണ്ടുവരുന്ന കാഴ്ചകള്‍. ഒരാള്‍ മധു. മറ്റൊരാള്‍ ഷുഹൈബ്. എങ്ങനെയാണ് ഇവര്‍ ഇരുവരും അന്ധവും അപരിഷ്കൃതവുമായ ആള്‍ക്കൂട്ടനീതിയുടെ ഇരകളായത്? 

മധുവിനെ നോക്കൂ. വിശപ്പായിരുന്നു അയാളുടെ ഖേദം. അത് മാറ്റാന്‍ പണം വേണം. അതില്ല. പിന്നെ ചെയ്യാനുള്ളത് മോഷണമാണ്. അത് അയാള്‍ ചെയ്തിരിക്കാം (ആര്‍ക്കാണുറപ്പ്?). അയാള്‍ തെറ്റ് ചെയ്തു. തെറ്റിന് ശിക്ഷവേണം. പെട്ടെന്ന് വെളിപ്പെടുന്ന തെറ്റിന് പെട്ടെന്നുതന്നെ ശിക്ഷ കൊടുക്കണം. അതാണ് ഒരുകൂട്ടര്‍ നടപ്പാക്കിയത്. അത് െചയ്തവരെല്ലാം സാധാരണ മനുഷ്യരാണ്. കൊടും കുറ്റവാളികളോ ഗുണ്ടകളോ അല്ല. എല്ലാവരും സാധാരണ മനുഷ്യര്‍. സാധാരണ മനുഷ്യരായതുകൊണ്ടാണ് അവര്‍ നീതി നടപ്പാക്കും മുന്‍പ് തെളിവുണ്ടോ എന്ന് നോക്കുന്നത്. മോഷ്ടാവിന്റെ സഞ്ചിയില്‍ നിന്ന്് അരിയും മല്ലിയും (മധുവിന്റെ അമ്മയുടെ പേരും മല്ലി!) മുളകും കിട്ടി. തെളിവായി. ഇനി സംശയിക്കാനൊന്നുമില്ല. ശിക്ഷ കൊടുക്കുക തന്നെ. നിയമവും നീതിയും വിചാരണയും ശിക്ഷയുമെല്ലാം ആ തെളിവിന്റെ പിന്‍ബലത്തില്‍ മുന്‍ നിശ്ചയിക്കപ്പെടുന്നു. അവര്‍ അയാളുടെ ദുര്‍ബലശരീരത്തില്‍ നീതി നടപ്പാക്കുന്നു. അയാളുടേത് വിശക്കുന്ന വയറാണെന്നും എല്ലിച്ച നെഞ്ചാണെന്നും ചോരവറ്റിയ മുഖമാണെന്നും കാണാന്‍ നീതിയെക്കുറിച്ചുള്ള അത്യാവേശം അവരെ അനുവദിക്കുന്നില്ല. മോഷണത്തിന് ഒറ്റ പരിഹാരം മാത്രം, അടി. അന്ധമായ നീതിബോധം.

ഇനി ഷുഹൈബ്. താന്‍ വിശ്വസിക്കുന്ന പാര്‍ട്ടിക്കുവേണ്ടിയുള്ള പ്രവര്‍ത്തനമാണ് അയാള്‍ ചെയ്ത തെറ്റ്. ആ പാര്‍ട്ടി തന്നെ അയാളെ കൊന്നവരുടെ കണ്ണില്‍ തെറ്റാണ്. അതിനാല്‍ ഷുഹൈബ് തെറ്റുകാരനാണ്. ഞങ്ങള്‍ ചെയ്യുന്ന ശരികള്‍ നശിപ്പിക്കാന്‍ നടക്കുന്ന കുറ്റവാളി. അവന്റെ തെറ്റിനും തെളിവുണ്ട്. അതിനാല്‍ ശിക്ഷവിധിക്കാം. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളാണ് ന്യായാധിപര്‍. അടിച്ചാല്‍ പോരേ എന്ന് ശിക്ഷ നടപ്പാക്കുന്നവര്‍ക്ക് തോന്നുന്നുണ്ട്. പോര, വെട്ടണം. അതാണ് പാര്‍ട്ടി ജഡ്ജിമാരുടെ വിധി. ഷുഹൈബിന്റെ ഭാര്യ, കുഞ്ഞ്, കുടുംബം– ഒന്നും കാണാന്‍ അവര്‍ക്ക് കഴിയില്ല. കാരണം പാര്‍ട്ടിയാണ് ശരി. പാര്‍ട്ടി നീതി മാത്രമേ ചെയ്യൂ. ആ നീതി നടപ്പാക്കണം. അന്ധമായ നീതിബോധം.

ആദിവാസി എന്ന നിലയില്‍ മധുവിനെക്കുറിച്ചും രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ഷുഹൈബിനെക്കുറിച്ചും നമുക്ക് വേറെയും ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുണ്ട്. പക്ഷേ ആത്യന്തികമായി ഇവര്‍ രണ്ടുപേരും ശിക്ഷാഭ്രമം ബാധിച്ച സമൂഹമനസ്സിന്റെ ഇരകളാണ്. ഒന്നിനെ അപലപിക്കുകയും മറ്റേതില്‍ നിന്ന് അകലംപാലിക്കുകയും ചെയ്യാന്‍ കഴിയില്ല. വ്യവസ്ഥാപിതമായ നീതിയെ നിരാകരിക്കുന്നു രണ്ടു സംഭവങ്ങളും. സ്വന്തം കയ്യൂക്കിലാണ് അവിടെ നിയമവും നീതിയും.  

കേരളത്തില്‍ ഇതൊന്നും കൂടാതെ അവശരും ദീനരുമായ മനുഷ്യര്‍ക്കു നേേര അന്ധനീതിയുടെ കരങ്ങള്‍ ഹിംസാത്മകമായി നീളുന്നതിന്റെ ചിത്രങ്ങള്‍ എത്രയോ വട്ടം ഇതിനകം വന്നുകഴിഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് പൊന്നാനിയില്‍, കണ്ണവത്ത്, വിഴിഞ്ഞത്ത്, മണ്ണന്തലയില്‍ ഒക്കെ ഭിക്ഷാടകരേയും ഭിന്നമാനസിക നിലയുള്ളവരേയും ഇതരസംസ്ഥാനക്കാരേയും സ്ത്രീകളേയും ട്രാന്‍സ്ജെന്‍ഡറുകളേയും കൈകാര്യം ചെയ്തുകഴിഞ്ഞു. ദീനാനുകമ്പ ഇല്ലാതാകുന്നു. കൈയില്‍ മൊബൈല്‍ ഫോണുള്ളവന്‍ കൈയില്‍ ഭിക്ഷാപാത്രമേന്തുന്നവനെ ഈ സമൂഹത്തിനു പുറത്തുള്ളവനായി കാണുന്നു. അവനെ സംശയിക്കാനേ പറ്റൂ. അവനെ കൈകാര്യം ചെയ്യുന്നതിന്റെ സെല്‍ഫിയെടുത്ത് ഞാന്‍ ഈ സമൂഹത്തിനു മുന്നില്‍ എന്റെ നീതിയോടുള്ള പ്രതിബദ്ധത തെളിയിക്കുകയാണ്. 

നീതിക്കു കണ്ണില്ലെന്നാണ്. പക്ഷേ തുറന്നകണ്ണുകൊണ്ട് നിയമത്തെ വ്യാഖ്യാനിച്ചാണ് കോടതികള്‍ മുഖംനോക്കാതെ വിധിപറയുന്നത്. നീതി ആള്‍ക്കൂട്ടമുക്കിലെ മുക്കാലിയില്‍ കെട്ടിയിട്ട് ശിക്ഷ നടപ്പാക്കലാകാന്‍ കാരണം സാമൂഹികാന്ധത പകര്‍ച്ചവ്യാധി പോലെ പടരുന്നതാണ്. ഈ അന്ധത വൈറലാണ്.