അരികിലാണെങ്കിലും ലക്ഷദ്വീപ് മലയാളികള്‍ക്ക് ഒരു സ്വപ്നമാണ്. എളുപ്പത്തില്‍ ഒരു വണ്ടികയറി ആ സ്വപ്നത്തില്‍ ചെന്നിറങ്ങാനാകില്ല എന്നതുതന്നെ ലക്ഷദ്വീപ് പലര്‍ക്കും ഒരു കിട്ടാക്കനി പോലെ അകലെ നില്‍ക്കുന്നതിന് കാരണം. മനോരമ ന്യൂസ് ക്യാമറാമാന്‍ കാജാ ഹുസൈന്‍റെ ലക്ഷദ്വീപ് യാത്രാനുഭവം
കയ്യെത്തുംദൂരത്തു കൈവിട്ടുപോകുമെന്നു തോന്നിച്ചൊരു യാത്രയായിരുന്നു അത്. എത്രയോ പകലുകൾ, പല ഓഫിസുകൾ. കാത്തുകാത്തിരുന്ന് ലക്ഷദ്വീപ് അഡ്മിനിട്രേറ്റീവ് വിഭാഗത്തിൽ നിന്നുള്ള അനുവാദം കിട്ടിയപ്പോൾ അടുത്ത തടസ്സം. യാത്ര തീരുമാനിച്ച തിയ്യതിയിലെ കപ്പൽ ടിക്കറ്റുകൾ തീർന്നുവത്രേ. പിന്നെ ആകാശമാർഗമാണ് വഴി. വിമാനത്തിൽ അഗത്തി ദ്വീപു വരെയെ ചെന്നെത്താനാവൂ. അവിടെ നിന്നു പിന്നെയും മൂന്നു മണിക്കൂർ കപ്പലേറിയാലേ സ്വപ്നഭൂമികയായ കവരത്തിയിലേക്ക് എത്തൂ. ചെലവും കൂടുതൽ. അതുകൊണ്ട് തിയ്യതി മാറ്റിപ്പിടിച്ചു. കടലു കടന്നേ ലക്ഷദ്വീപിലേക്കു പോകൂവെന്ന ആ സ്വപ്നത്തിലേക്ക്, മംഗളൂരു തുറമുഖത്തെ കൗണ്ടറിൽ മണിക്കൂറുകൾ ക്യൂ നിന്നു ടിക്കറ്റ് സംഘടിപ്പിച്ചു.
കാജാ ഹുസൈൻ, ക്യാമറാമാൻ, മനോരമ ന്യൂസ്
ആ യാത്ര തുടങ്ങിയത് സ്വപ്നങ്ങളിൽ നിന്നായിരുന്നു. കുറേ കാലമായി കൊണ്ടുനടന്ന സ്വപ്നയാത്രയ്ക്ക് അതിരാവിലെ തന്നെ അലാം ക്ലോക്ക് വിളിച്ചുണർത്തി. നേരത്തെ പാക്ക് ചെയത് ബാഗ് പലതവണ പരിശോധിച്ചുറപ്പു വരുത്തി. യാത്രയുടെ ത്രില്ലിലേക്ക് അടുത്തുകൊണ്ടിരുന്നു. അങ്ങനെ അങ്ങനെ ബേപ്പൂർ കടപ്പുറത്തു നിന്ന് കടലു കടന്ന്, മലയാളം സംസാരിക്കുന്ന കേരളമല്ലാത്ത നാടിനെ ലക്ഷ്യം വച്ച് യാത്ര തുടങ്ങി. ലക്ഷ്യം ലക്ഷദ്വീപിലേക്ക്.
എന്നും യാത്ര ചെയ്യുന്ന ബസ്സും ട്രെയിനുമൊക്കെ പിടിച്ച് ബേപ്പൂരിലെത്തും വഴി നല്ല കോഴിക്കോടൻ ഹൽവ വാങ്ങി. സുഹൃത്ത് നജീമിനു കൊടുക്കാൻ. നജീമിന്റെ ക്ഷണമുള്ളതു കൊണ്ടാണ് ലക്ഷദ്വീപിലേക്കുള്ള യാത്രാ പെർമിറ്റ് ലഭിച്ചത്. മുമ്പത്തെപോലെയല്ല, ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കിപ്പോൾ കടുത്ത നിയന്ത്രണങ്ങളുണ്ട്. ചിലപ്പോഴെല്ലാം വിദേശ വീസ എടുക്കുന്നതിനെക്കാൾ ബുദ്ധിമുട്ട്. പവിഴപ്പുറ്റുകള്‍ നിറഞ്ഞ ലക്ഷദ്വീപിന്റെ സ്വഭാവിക തീരവും തീരക്കടലും സംരക്ഷിക്കാനാണ് ലക്ഷദ്വീപ് ഭരണകൂടം ഈ കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
കപ്പലേറാൻ പതിനൊന്നരയോടെ തുറമുഖത്തെത്തി. 12.30 നു ബോഡിങ് പൂർത്തിയാക്കി കപ്പലിൽ കയറി.
ആദ്യ കപ്പൽ യാത്രയുടെ സകല വിസ്മയങ്ങളോടും കൂടി ഓടി നടന്ന് കപ്പൽകണ്ടു. തിരയുടെ ശക്തിയിൽ ഇടയ്ക്കിടെയൊരു ചാഞ്ചാട്ടം. അത്രയേയുള്ളൂ. കേട്ടു പേടിച്ചിരുന്ന കടൽ ചുരുക്കൊക്കെ യാത്രയിലുടനീളം മാറി നിന്നു. ആഴക്കടലിനൊപ്പം നിന്ന് അസ്തമയം കാണുന്ന വിസ്മയമായിരുന്നു ഉള്ളിൽ. അസ്തമയ ശോഭ കാണാൻ സഹയാത്രികരെല്ലാം വന്നു നിന്നു. പരസ്പരം പരിചയപ്പെട്ടപ്പോൾ ഒന്നു മനസ്സിലായി അവരാരും നാടുകാണനിറങ്ങിയതല്ല. ജോലിസ്ഥലത്തേക്കും വീട്ടിലേക്കുമുള്ള മടങ്ങിപ്പോക്കായിരുന്നു മിക്കവർക്കും.
ആ രാത്രി മുഴുവൻ കരകാണാതെ കടലിലുറങ്ങി. എഴുന്നേറ്റയുടൻ കപ്പലിന്റെ മുകളിലേക്കു പാഞ്ഞു. പതിനെട്ടു മണിക്കൂറിനു ശേഷം കര കണ്ടു. കപ്പല്‍ ജീവനക്കാരിലൊരാൾ പറഞ്ഞു. അതാണ് അമിൻദിവി ദ്വീപ്. ഇന്നലെ കണ്ട അസ്തമയത്തെ തോൽപ്പിക്കുന്ന ഭംഗിയുണ്ട് ഉദയത്തിന്. സൂര്യന്റെ ആദ്യ കിരണങ്ങളിൽ അമിൻദിവി അങ്ങനെ വെട്ടിത്തിളങ്ങുന്നു. ഇത്രമേൽ ഭംഗിയോടെ ഒരു സൂര്യോദയം ആദ്യമായിരുന്നു.
അപ്പോഴും കപ്പൽ കരയെ ലക്ഷ്യമാക്കി സഞ്ചരിച്ചു. കപ്പലിനരികിലേക്കു വലിയ ശബ്ദത്തോടെ ചെറു ബോട്ടുകൾ വന്നു. കടലിന്റെ തിരയോളങ്ങളിൽ തട്ടിയും മുട്ടിയും കപ്പലും ബോട്ടും നിന്നു. അറിയിപ്പു കിട്ടിയതോടെ എല്ലാവരും ബോട്ടിലേക്ക് കയറാൻ തയ്യാറെടുത്തു. ഇത്തരമൊരു യാത്രാനുഭവം ആദ്യമായതിനാൽ ഓരോരുത്തരും എങ്ങനെയാണ് ബോട്ടിലേക്കു കയറുന്നതെന്നു നോക്കി നിന്നു. വളരെ പണിപ്പെട്ടായിരുന്നു ഓരോരുത്തരും ബോട്ടിലേക്കു കയറിയത്. ഇറങ്ങാൻ ഇനിയും സമയമുണ്ടെങ്കിലും എല്ലാം നോക്കിപഠിക്കുകയായിരുന്നു.
അമിൻദിവിയിൽ ആളെ ഇറക്കി അഗത്തി ദ്വീപ് ലക്ഷ്യമാക്കി അടുത്ത യാത്ര.. ഇതിനിടെ കപ്പലിൽ നിന്നു പ്രഭാത ഭക്ഷണത്തിനുള്ള മുന്നറിയിപ്പു വന്നു. താഴെ തട്ടിലെ കാന്റീനിലെത്തി. ബ്രെഡും ജാം പഴവും കഴിച്ചു യാത്ര തുടർന്നു.
ഉച്ചയോടെ അഗത്തിയിലെത്തി. അന്നവിടെ ഏതോ സംഘടനയുടെ പരിപാടി നടക്കുകയായിരുന്നു. പങ്കെടുക്കാനെത്തിയ മലയാളികളെ നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിക്കാൻ സംഘാടകർ കരയിൽ നിൽക്കുന്നുണ്ടായിരുന്നു. കൈവീശി ഞങ്ങളെയും യാത്രയാക്കി. അടുത്തത് എന്റെ ഊഴമാണ്. കവരത്തി. ലക്ഷദ്വീപിന്റെ തലസ്ഥാന നഗരിയായ കവരത്തിയിലേക്കാണ് എന്റെയും കപ്പലിന്റെയും ലക്ഷ്യം.
സമയം ആറു മണി പിന്നിട്ടു. സൂര്യൻ വീണ്ടും കടലിലേക്ക് മുങ്ങി താഴാനിരിക്കുന്നു. കരയോട് അടുത്ത് ബോട്ടു വന്നു. നേരത്തെ കണ്ടുപഠിച്ച തന്ത്രങ്ങളും അൽപ്പം സാഹസികതയും പ്രയോഗിച്ചു. കപ്പലിൽ നിന്നു പ്ലാസ്റ്റിക് കയർ താഴേക്കിട്ടു. അതിൽ പിടിച്ച് മെല്ലെ മെല്ലെ ബോട്ടിലേക്ക്. സുഹൃത്ത് നജീമിനെ കണ്ട സന്തോഷം മറച്ചുപിടിക്കാതെ ലക്ഷദ്വീപിലിറങ്ങി. ബൈക്കിൽ നജീമിന്റെ വീട്ടിലേക്കും. ചെറിയ വിശ്രമത്തിനു ശേഷം നേരെ കവരത്തി പൊലീസ് സ്റ്റേഷനിലേക്ക്. ലക്ഷദീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ നിന്നു ലഭിച്ച അനുമതി പത്രം ഹാജരാക്കിയാലേ ദ്വീപിൽ താമസിക്കാൻ കഴിയൂ. ശേഷം കാത്തിരുന്ന കാഴ്ചകളിലേക്ക്.
കണ്ണാടി പോലെ കടലിന്റെ അടിത്തട്ട് കാണുന്ന കടൽവെള്ളം. അതാണ് ലക്ഷദ്വീപിന്റെ ട്രേഡ് മാർക്ക്. നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്തത്രയും തെളിമ. ഈ കടലു കാണാൻ പോകുന്ന ബോട്ടിനുമുണ്ട് പ്രത്യേകത. കണ്ണാടി പോലെ സുതാര്യമായ ഫൈബർ ഗ്ലാസ് ബോട്ട്. കടൽ മൽസ്യങ്ങൾക്കു നൽകാനായി ഭക്ഷണം കരുതിയിരുന്നു. അക്വേറിയത്തിനു മുകളിലൂടെ നടക്കുന്ന അനുഭൂതി.
പച്ചകലര്‍ന്ന നീലിമയാണ് പൊതുവേ ശാന്തമായ കടലിന്. ദ്വീപിനു ചുറ്റിലും ഒരേ ഉയരത്തിലുള്ള പവിഴക്കുന്നുകള്‍. പഞ്ചാരമണലിനു പോലും വിഭിന്നമാണ് വർണം. കടലിനും അനുബന്ധകാഴ്ചകൾക്കും ഇത്രയും ഭംഗി മറ്റെവിടെയും കണ്ടിട്ടില്ല. പവിഴപ്പുറ്റുകള്‍ക്കപ്പുറം ആഴക്കടലാണ്. അതിനു പച്ചനിറം. സ്കൂബാ ഡൈവിനു കടലിനടിയിലൂടെ പോകുന്നവരെയും കണ്ടു.
അവിടെ നിന്നു ഹെലിപാഡിലേക്കായിരുന്നു അടുത്ത യാത്ര. വഴിമധ്യേ കവരത്തി ജയിൽ. കുറ്റവാളികളില്ലാത്തതിനാൽ പൂട്ടിക്കിടക്കുന്ന ജയിലാണതെന്ന് കൂട്ടുകാരൻ!! അപൂര്‍വമാണത്രേ ഇവിടെ കുറ്റകൃത്യങ്ങൾ. കേട്ടപ്പോൾ അദ്ഭുതം തോന്നി. എന്നാവും നമ്മുടെ ജയിലുകൾ ആരുമില്ലാതെ പൂട്ടിയിടുക?
നേവി ഓഫിസിനു മുന്നിലൂടെ ലൈറ്റ് ഹൗസ് ലക്ഷ്യമാക്കി നീങ്ങവെ അമ്പലം കണ്ടു. 187 പടികൾ ചവിട്ടി ലൈറ്റ് ഹൗസിനു മുകളിലേക്ക്. പ്രദേശമാകെ ഒറ്റക്കാഴ്ചയിൽ കണ്ടു. സന്ധ്യയ്ക്കു മടങ്ങുംവഴി പ്രസിദ്ധമായ മുസ്‌ലിം പള്ളിയിലും കയറി. അതിശയകരമായ കൊത്തുപണികളായിരുന്നു പ്രത്യേകത.
35ഓളം ദ്വീപുകളുണ്ട് ലക്ഷദ്വീപിൽ. ചെറിയപാണി എന്ന ദ്വീപ് കടലിലേക്ക് താണുപോയി. ജനവാസമുള്ളത് പതിനൊന്നെണ്ണത്തില്‍ മാത്രം. ചില ദ്വീപുകളിലേക്കു കടലിലൂടെ നടന്നു കയറാം. ചിലതിലേക്കാവട്ടെ ഒന്നു രണ്ടു മണിക്കൂർ ബോട്ടിൽ സഞ്ചരിക്കണം. മത്സ്യബന്ധനമാണ് ഇവിടത്തുകാരുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. ട്യൂണ മത്സ്യത്തിന്റെ ഖനിയാണ് ലക്ഷദ്വീപിലെ കടൽ.
നമ്മുടെ സ്വന്തമായതു കൊണ്ടാവും ലക്ഷദ്വീപ് നമ്മുടെ യാത്രാ പട്ടികയിൽ ഇടംപിടിക്കാത്തത്. വിദേശ ബീച്ചുകൾ തോറ്റു മാറി നിന്നു പോകുന്നത്ര സൗന്ദര്യമാണ് ഇവിടെ കാഴ്ചകൾക്ക്. കോറല്‍ ദ്വീപുകളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ടൂറിസം എന്ന വലിയ സാധ്യതയിൽ നിന്നു ലക്ഷദ്വീപ് പിൻവലിഞ്ഞത്. ഇതിനിടയിലും ദ്വീപിനോടും ഇവിടത്തെ പ്രകൃതി സമ്പത്തിനോടും തദ്ദേശീയർ കാട്ടുന്ന ജാഗ്രതയും ശ്രദ്ധയും കേരളത്തിനു പോലും മാതൃകയാണ്. മനസ്സിൽ ഒരു കപ്പൽ നിറയെ ഓർമകൾ നിറച്ച് നീലക്കടലിനു നടുവിലൂടെ ചെറു ദ്വീപുകള്‍ കടന്ന് വീണ്ടും മലയാള നാട്ടിലേക്ക്.