joseph-annakutty-jose

തന്റെ ഇരുപത്തിയേഴാമത്തെ വയസിൽ ആത്മകഥ എഴുതിയാണ് ജോസഫ് അന്നം കുട്ടി ജോസ് എന്ന ചെറുപ്പക്കാരൻ വാർത്തകളിൽ ഇടം നേടിയത്. സ്ത്രീപക്ഷത്ത് നിന്നു കൊണ്ട് ജോസഫ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ യു ട്യൂബിൽ ആളെ കൂട്ടി. ലൈംഗികതയെ കുറിച്ച്ും ലിംഗ സമത്വത്തെ കുറിച്ചും ജോസഫ് കുറിച്ചിട്ട വരികളും വിഡോയോയും സമൂഹ മാധ്യമങ്ങൾ നിറഞ്ഞ കയ്യോടിയോടു കൂടെയാണ് ഏറ്റെടുത്തത്.  എറണാകുളം സെന്റ് തെരെസാസ് കോളെജിലെ നൂറു കണക്കിന് പെൺകുട്ടികളുടെ ഇടയിൽ ആർത്തവത്തെ കുറിച്ച് ജോസഫ് നടത്തിയ പ്രസംഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ആഘോഷിക്കുന്നത്. ജോസഫ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ അതിവേഗമാണ് തരംഗമാകുന്നത്. 

സെന്റ് തെരാസാസ് കോളജിലെ സ്റ്റെയ്ൻ ദ സിഗ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു റേഡിയോ ജോക്കിയും മോട്ടിവേഷണൽ സ്പീക്കറുമായ ജോസഫിന്റെ പ്രസംഗം. തന്റെ അമ്മയിൽ നിന്നു കിട്ടിയ കാര്യങ്ങളാണ് ജോസഫ് സരസമായി കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചത്. സ്ത്രീകളെ പറ്റി മസാല കഥകൾ കേട്ടല്ല മനസിലാക്കേണ്ടതെന്നു അമ്മ പറയാറുണ്ടെന്ന് ജോസഫ് പറഞ്ഞു. കൗമാര പ്രായം മുതൽ സ്ത്രീകളുടെ പൊക്കിൾ കൊടി സെക്സ് സിമ്പലായി കാണുന്നവർ ഓരോ മക്കൾക്കും അമ്മയുടെ പൊക്കിൾ കൊടിയുമായുളള ബന്ധം മറുന്നു പോകരുതെന്ന് ജോസഫ് ഓർമ്മിപ്പിക്കുന്നു. അമ്മയാകാൻ പെൺകുട്ടികളെ പ്രകൃതി തന്നെ ഒരുക്കുന്നതിന്റെ ഭാഗമാണ് ആർത്തവം. മറ്റുളളവരിൽ നിന്നും ആർത്തവത്തെ സൗകര്യപൂർവ്വം മറച്ചു പിടിക്കുന്നവരാണ് പല സ്ത്രീകളും. ആർത്തവത്തെ മറച്ചു പിടിക്കുകയല്ല വേണ്ടതെന്നും ഇതെ പറ്റി തുറന്നു സംസാരിക്കാൻ സ്ത്രീകൾ തയ്യാറാകുകയാണ് വേണ്ടതെന്നും ജോസഫ് പറയുന്നു.

സ്ത്രീകളെ ബഹുമാനിക്കേണ്ട ആവശ്യകതയെ കുറിച്ച് ജോസഫ് പോസ്റ്റ് ചെയ്ത വിഡിയോകൾക്കെല്ലാം സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരമാണ് ലഭിച്ചത്. കുഞ്ഞിലേ തൊട്ട് നമ്മുടെ ആൺകുട്ടികളെ സ്ത്രീകളെ ബഹുമാനിക്കേണ്ടതിന്റെയും സഹജീവിയെന്ന നിലയ്ക്ക് അവളെ സ്നേഹിക്കേണ്ടതിന്റെയും ബാലപാഠങ്ങൾ പകർന്നു കൊടുത്താൽ ഒരുപരിധി വരെ ഇത്തരം ആക്രമണങ്ങൾ ചെറുക്കാനായേക്കാമെന്ന് ജോസഫ് പറഞ്ഞു വയ്ക്കുന്നു. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളെ തടയാൻ ആദ്യം സമൂഹം മാറട്ടെ എന്നു കാത്തിരിക്കുകയല്ല വേണ്ടത്, അവനവനിൽ തുടങ്ങേണ്ടതാണ് മാറ്റമെന്നും ജോസഫ് പറയുന്നു.