1994ൽ പുറത്തിറങ്ങിയ സുകൃതം സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച രവിശങ്കർ എന്ന കഥാപാത്രത്തെ ഒാർമയില്ലെ. ബ്ലഡ് കാൻസർ രോഗിയായ രവിശങ്കർ ജീവിതം കൈവിട്ടുപോകുന്നത് കണ്ട് സ്വന്തം ചരമവാർത്ത പത്രത്തിൽ കൊടുക്കുന്നു. ആ വാർത്ത  നേരിട്ട് കാണുന്നു.  സിനിമയിൽ നിന്ന് ഇനി ജീവിതത്തിലേയ്ക്ക് വരാം . ജോസഫ് , സുകൃതം എന്ന് സിനിമ കണ്ടിട്ടില്ല.  എന്നാൽ സിനിമയില നായകകഥാപാത്രവും ജോസഫും കടന്നുപോയ സാഹചര്യം ഏറെക്കുറെ സമാനം.

 

മരിക്കുന്നതിനു മുമ്പേ ചരമകോളത്തില്‍ സ്ഥാനം പിടിച്ചവരും മരിച്ചെന്നു പറഞ്ഞ് ശവമടക്കിയിട്ടും തിരിച്ചു വന്നവരെയുമെല്ലാം വാര്‍ത്തകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സ്വന്ത ചരമപരസ്യം പണം മുടക്കി പത്രങ്ങളില്‍ കൊടുത്ത ഒരാളുടെ വാര്‍ത്ത കൗതുകത്തോടെയാണ് നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.  മരണവാര്‍ത്ത കൊടുത്ത് ആത്മഹത്യചെയ്യുമോയെന്ന് എന്ന് പൊലീസുകാരും ബന്ധുക്കളും ഭയപ്പെട്ട ജോസഫ് സുരക്ഷിതനാണെന്നറിഞ്ഞപ്പോള്‍ തന്നെ എല്ലാവര്‍ക്കും പകുതി ആശ്വാസമായി. എന്നാല്‍ എന്തിനായിരുന്നു ജോസഫിന്റെ ഈ ഒളിച്ചുകളി എന്നറിയാനായിരുന്നു പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും താല്‍പര്യം.  

 

ശാരീരിക അസ്വസ്ഥതകളും കുടുംബ പ്രശ്നങ്ങളും കാരണമുണ്ടായ മാനസിക സമ്മർദമാണ് സ്വന്തം ചരമവാർത്ത കൊടുക്കാൻ കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ ജോസഫിനെ പ്രേരിപ്പിച്ചത്. മരിക്കാൻ തന്നെ ഉറച്ചായിരുന്നു അന്ന് മാധ്യമ സ്ഥാപനങ്ങളിൽ ജോസഫ് ഫോട്ടോയും വാർത്തയുമായെത്തിയത്. തലച്ചോറിലെ കാന്‍സര്‍ മരണമെടുക്കും മുമ്പ് മരിക്കേണ്ട എന്നു തീരുമാനിച്ചതിനാലാണ് ആത്മഹത്യ വേണ്ടെന്നു വച്ചു. എന്തായാലും ജോസഫ് ആത്മഹത്യ ചെയ്തിട്ടില്ലെന്ന വാര്‍ത്ത പൊലീസിനും ബന്ധുക്കള്‍ക്കും ചില്ലറ ആശ്വാസമല്ല നല്‍കിയിരിക്കുന്നത്. തിരുവനന്തുരത്തേയ്ക്കെന്നു പറഞ്ഞാണ് ബുധനാഴ്ച ജോസഫ് വീട്ടിൽ നിന്നിറങ്ങിയത്.  പിന്നീട്  പയ്യന്നൂരിൽ ലോഡ്ജിൽ താമസിച്ച് വാര്‍ത്തയൊക്കെ നല്‍കിയ ശേഷം  ഉടുപ്പിയിലേയ്ക്ക് പോയി. കർണാടകയിലും മറ്റും കറങ്ങിയശേഷമാണ് ഇന്നലെ കോട്ടയത്തെത്തിയത്. ഇതിനിടെ ജോസഫിനെ കാണാനില്ലെന്ന് കാണിച്ച് മക്കൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു.   

 

സ്വന്തം മാലയും ബാങ്ക് പാസ് ബുക്കും ഏൽപിച്ചശേഷം ഇത് ഭാര്യയ്ക്ക്  അയച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടു നിര്‍ബന്ധം പിടിച്ചതാണ് ജോസഫിനെ തിരിച്ചറിയാന്‍ വഴിയൊരുക്കിയത്. കാൻസർ ബാധിച്ച ഭർത്താവ്  ആർസിസിയിൽവച്ച് ചികിൽസയ്ക്കിടെ മരിച്ചെന്നും താൻ ബന്ധുവാണെന്നും പറഞ്ഞായിരുന്നു ജോസഫ് ബാങ്കിലെത്തിയത്. അയക്കേണ്ട ആളുടെ മേൽവിലാസവും നൽകി. സെക്രട്ടറിയോടായിരുന്നു ജോസഫ് ഇക്കാര്യങ്ങൾ സംസാരിച്ചത്.  ഇത് സാധ്യമല്ലെന്ന് ബാങ്കധികൃതർ പറഞ്ഞതോടെ ജോസഫ് വീണ്ടും നിര്‍ബന്ധിച്ചു. തളിപ്പറമ്പിലെ ശാഖയുമായി ബാങ്കധികൃതർ ബന്ധപ്പെട്ടതോടെയാണ് ആളെ തിരച്ചറിഞ്ഞത്. ഇത് മനസിലാക്കിയ ജോസഫ് പെട്ടന്ന് തന്നെസ്ഥലം വിടുകയായിരുന്നു.  ബാങ്കിൽ നിന്നും ലഭിച്ച വിവരം  കണ്ണൂർ പൊലീസ് ഉടൻ തന്നെ കോട്ടയത്തേയ്ക്ക് കൈമാറി.

 

വിവിരം ലഭിച്ചപാടെ കോട്ടയം ഡിവൈഎസ്പി സഖറിയാ മാത്യുവിന്റെ നേതൃത്വത്തിൽ വെസ്റ്റ് പൊലീസ് ഉച്ചയോടെ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ടൗണിലെ ലോഡ്ജുകളിലും ഹോട്ടലുകളിലും പരിശോധന തുടങ്ങി. പുലർച്ചെ വരെ നീണ്ട അന്വേഷണത്തിനൊടുവിൽ മൂന്നുമണിയോടെയാണ് തിരുനക്കരയള്ള ലോഡ്ജിൽ നിന്നും ജോസഫിനെ വെസറ്റ് എസ്.ഐ. എം.ജെ. അരുണിന്റെ നേത്വത്തിലുള്ള സംഘം കണ്ടെത്തിയത്. പൊലീസിനെ കണ്ടപാടെ ജോസഫ്  ആകെ അസ്വസ്ഥനായി. ജീവിത്തില്‍ ആദ്യമായി നേരിടുന്ന അനുഭവത്തിനു മുന്നി്ൽ പകച്ച ജോസഫ് അൽപസമയം വിശ്രമിക്കാൻ അനുവദിക്കണമെന്ന് പൊലീസിനോട് അഭ്യർഥിച്ചു. 

 

അമണിക്കൂറിന് ശേഷം ജോസഫിനെ  സ്റ്റേഷനിലെത്തിച്ചു. വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെ കാര്യങ്ങളുടെ ചുരുളഴിഞ്ഞു. അടുത്തിടെ നടത്തിയ പരിശോധനയിൽ ജോസഫിന് തലച്ചോറിനെ ബാധിച്ചിരിക്കുന്ന ട്യൂമർ കണ്ടെത്തിയതാണ് ദുഖിതനാക്കിയത്. രോഗവിവരം മാനസികമായി ഏറെ തളർത്തി ഈ സമ്മർദത്തിനൊപ്പം ചില കുടംബപ്രശ്നങ്ങള്‍ കൂടി ഉണ്ടായതോടെ ആകെ തകർന്ന ജോസഫ് പിന്നീട് മരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് മുന്നോടിയായാണ്  പത്രത്തിൽ ചരമപ്പരസ്യം നൽകിയതും പിന്നീട് തീരുമാനം ഉപേക്ഷിച്ചു മടങ്ങിയതും.