shafin-hadiya

ഹാദിയ കേസിന്റെ വാദത്തിനിടെ സുപ്രീംകോടതി പരാമര്‍ശിച്ച 'സ്റ്റോക്ഹോം സിന്‍ഡ്രോം' എന്താണ്..? ഈ മാനസികാവസ്ഥ ഹാദിയ കേസിലെ വാദത്തിന്‍റെ തുടക്കം മുതല്‍ ഉയര്‍ന്നുകേട്ടു.  കോടതി ‌സ്റ്റോക്ഹോം സിന്‍ഡ്രോം എന്ന വാദം പരാമര്‍ശിച്ചെങ്കിലും ഹാദിയ കേസുമായി ഇതിനെ ബന്ധപ്പെടുത്തേണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ സ്റ്റോക്ഹോം സിന്‍ഡ്രോം വരും ദിവസങ്ങളിലും ചര്‍ച്ചയാകുമെന്നാണ് നിയമവിദഗ്ധരുടെ നിരീക്ഷ·ണം. 

 

എന്താണ് സ്റ്റോക്ഹോം സിന്‍ഡ്രോം?

 

തന്നെ കീഴ്‌പ്പെടുത്തുകയോ തട്ടിക്കൊണ്ടുപോവുകയോ ബന്ദിയാക്കുകയോ ചെയ്ത ആളോട് ഉണ്ടാകുന്ന വൈകാരികമായ അടുപ്പത്തെക്കുറിച്ച് മനശാസ്ത്രജ്ഞര്‍ കണ്ടെത്തിയ വാക്കാണ് 'സ്റ്റോക്ഹോം സിന്‍ഡ്രോം'. ഇത് ഒരു സാധാരണ മാനസികാവസ്ഥയല്ല. സ്വീഡനിലെ സ്‌റ്റോക്ക്ഹോമില്‍ 43 വര്‍ഷം മുമ്പ് നടന്ന സംഭവമാണ് ഈ പേരിന്റെ അടിസ്ഥാനം. സ്റ്റോക്ക് ഹോമിലെ ഒരു ബാങ്കിലെ ജീവനക്കാരെ ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് ബന്ദികളാക്കി. ആറ് ദിവസത്തോളം ജീവനക്കാര്‍ അക്രമികളുടെ പിടിയിലായിരുന്നു. പിന്നീട് മോചിതരായ ശേഷം കോടതിയിലടക്കം ബാങ്ക് ജീവനക്കാര്‍ അക്രമികള്‍ക്ക് അനുകൂലമായ നിലപാടാണ് എടുത്തത്. ഇതിനിടെ ബന്ദികളാക്കപ്പെട്ടവര്‍ക്ക് അക്രമികളോട് മാനസികമായി  അടുപ്പം ഉണ്ടായെന്നാണ് വ്യക്തമായത്. പിന്നീട് സമാനമായ മാനസികാവസ്ഥയെ സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം എന്ന് പേരിട്ടത് നില്‍സ് ബെജേറോട്ട് എന്ന ക്രിമിനോളജിസ്റ്റ് ആണ്. ബെജേറോട്ട് ഈ സവിശേഷമായ മാനസികാവസ്ഥയെപ്പറ്റി വിശദമായ പഠനങ്ങളും നടത്തി.  അക്രമിയില്‍ നിന്ന് കരുണ പ്രതീക്ഷിച്ചുകൊണ്ടാണ് പലരും സമാനമായ മാനസികാവസ്ഥയില്‍ എത്തുന്നതെന്ന് മനശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

 

ഉഴുന്നാലില്‍ എപ്പിസോഡിലും..!

 

പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടിയ്ക്ക് തന്നെ പീഡിപ്പിച്ച വ്യക്തിയോട് പ്രണയം തോന്നുന്നതും സ്റ്റോക്ഹോം സിന്‍ഡ്രോം ആകാമെന്ന് മനശാത്രജ്ഞര്‍ പറയുന്നു. സമാനമായ പല സംഭവങ്ങളും ലോകത്തിന്റെ പല ഇടങ്ങളിലും ഇപ്പോള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. യെമനിലെ അക്രമികളുടെ പിടിയില്‍ നിന്ന് മോചിതനായ ശേഷം ഫാ.ടോം ഉഴുന്നാലിനും സ്റ്റോക്ഹോം സിന്‍ഡ്രോം പിടിപെട്ടതായുള്ള വാദങ്ങള്‍ ഉയര്‍ന്നുകേട്ടിരുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമായിരുന്നു ഈ വാദമുയര്‍ത്തി ആദ്യം രംഗത്തെത്തിയത്. അതിനെ രാഷ്ട്രീയമായി കാണാമെങ്കിലും ഇത്തരം നിഗമനങ്ങളെ നിയമവിദഗ്ധര്‍ പൂര്‍ണമായി തള്ളിക്കളയുന്നില്ല.