വായന ഒരു മോശം ശീലമാണോ? സാധാരണ ആരും വായന ഒരു മോശം ശീലമാണെന്ന് പറയാറില്ല. പക്ഷെ ദേവികുളം മുൻസബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞു. മോശം ശീലമാണെന്നല്ല, അതിരുകടന്ന ശീലമാണെന്ന്. "വായന അതിരു കടന്ന ശീലമാണ് എന്നും ഒരു പുസ്തകത്തിനു വേണ്ടി മണിക്കൂറുകളായ മണിക്കൂറുകളൊക്കെ കളഞ്ഞു കളിക്കുന്നതിനേക്കാള്‍എത്രയോ നല്ല കാര്യങ്ങള്‍നമ്മുടെ ജീവിതത്തില്‍ചെയ്യാന്‍കഴിയും എന്നും" എന്നാണ് ശ്രീറാം അഭിപ്രായപ്പെട്ടത്.
ഇതിനെ വിമർശിച്ചും പരിഹസിച്ചും എൻ.എസ്.മാധവൻ, ദീപാനിശാന്ത് തുടങ്ങിയ പ്രമുഖർ ശ്രീറാമിനെതിരെ രംഗത്ത് എത്തിയിരുന്നു. സോഷ്യൽമീഡിയ കാടടച്ച് വിമർശനങ്ങൾ ഉതിർത്തു. പക്ഷെ ഇത്രയൊക്കെ വിമർശിക്കേണ്ട കാര്യമുണ്ടോ? കഠിനാധ്വാനത്തിലൂടെ പഠിച്ച് രണ്ടാംറാങ്കോടെ സിവിൽസർവീസ് പരീക്ഷ പാസായ വ്യക്തിയാണ് ശ്രീറാം ഐഎഎസ്. അങ്ങനെയൊരാൾ വായനയെ തള്ളിപ്പറയുമ്പോൾ സ്വാഭാവികമായും അത്ഭുതവും അതിലേറെ വിമർശിക്കാനുള്ള ത്വരയും കൂടുതലാണ്. സമൂഹത്തിന് നൽകിയത് തെറ്റായസന്ദേശമാണെന്നും തോന്നാം.
പക്ഷെ ഒരാൾക്ക് അയാളുടെ വ്യക്തിപരമായ അഭിപ്രായപ്രകടനത്തിന് തുറന്നുപറച്ചിലിന് ഇവിടെ സ്ഥാനമില്ലേ? സിനിമ പോലെ, യാത്രകൾ പോലെ, പാചകം പോലെ വായനയും ഒരു വിനോദമോ ശീലമോ ഒക്കെയാണ് നിരവധിപേർക്ക്. എന്നാൽ ആ ശീലവും വിനോദവും എല്ലാവരും പാലിക്കണമെന്ന് നിർബന്ധം പിടിക്കേണ്ടതിന്റെ ആവശ്യമുണ്ടോ? വായന തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പല്ലേ? തിരഞ്ഞെടുക്കാനുള്ള അവകാശം എല്ലാവർക്കും ഉള്ളതുപോലെ ശ്രീറാമിനും ഉണ്ടായിക്കൂടെന്നുണ്ടോ?
സിവിൽ സർവീസ് പരീക്ഷ പഠിച്ചു പാസായി എന്നുള്ളത് കൊണ്ട് ഒരാൾ നല്ല വായനക്കാരനാകണം എന്ന് നിർബന്ധമില്ല. പഠിക്കാൻ വേണ്ടി ധാരാളം വായിച്ചിട്ടുണ്ടാകും. പരീക്ഷ വിജയിക്കണം എന്ന ആവശ്യത്തിന്റെ പുറത്തായിരിക്കും ആ വായന. സിവിൽസർവീസ് എന്ന ലക്ഷ്യം പൂർത്തിയായതോടെ വായനയുടെ ആവശ്യകത വേണ്ടെന്ന് തോന്നിക്കാണും. പഠനത്തിനുവേണ്ടി വായിക്കുന്നതും ആസ്വാദനത്തിന് വേണ്ടി വായിക്കുന്നതും രണ്ടും രണ്ടാണ്. വായന ആസ്വാദ്യകരമല്ലാത്ത ഒരാളാണ് ശ്രീറാമെങ്കിൽ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയതിൽ എന്താണ് തെറ്റ്. മറ്റുള്ളവർ വായിക്കണമെന്നോ വായിക്കേണ്ടെന്നോ അദ്ദേഹം പറയുന്നില്ല. യാത്രാപ്രേമിയായ ശ്രീറാമിനെ സംബന്ധിച്ച് ഒരു പുസ്തകത്തിന്റെ മുമ്പിൽ മണിക്കൂറുകൾ ചെലവഴിക്കുന്നതിലും ഇഷ്ടം പ്രിയപ്പെട്ട സ്ഥലങ്ങളിലേക്ക് ബുള്ളറ്റിൽ പോകുന്നതായിരിക്കും. തുറന്നുപറച്ചിൽ നടത്തിയതിന് ഇത്രയധികം വിമർശിക്കേണ്ട കാര്യമുണ്ടോ?
ഐഎഎസുകാരനായാൽ സദാസമയവും വായിക്കുന്നവരായിരിക്കണം പ്രബുദ്ധരായിരിക്കണം എന്നുള്ള ചിലധാരണകളെ പൊളിച്ചടുക്കുക മാത്രമാണ് ഈ തുറന്നുപറച്ചിലിലൂടെ ശ്രീറാം ചെയ്തത്. ശ്രീറാമിന് വായന ഇഷ്ടമല്ലെങ്കിൽ വിമർശനം കൊണ്ട് നിർബന്ധിച്ച് വായിപ്പിക്കാൻ സാധിക്കില്ലല്ലോ? തന്റെ മനസിനിണങ്ങിയ വിനോദമോ ശീലമോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് നൽകുന്നതല്ലേ ശരി. വായന ഇഷ്ടമുള്ളവർ അത് തുടരുകയും പ്രോത്സാഹിപ്പിക്കകയും ചെയ്യട്ടേ, അതിനോട് താൽപര്യമില്ലാത്തവർ അവരുടേതായ ആസ്വദനമേഖലകൾ കണ്ടെത്തി സ്വതന്ത്രരായി ജീവിച്ചുകൊള്ളട്ടേ.