sofia-the-robot

ചിരിക്കുകയും ക്ഷോഭിക്കുകയും മനുഷ്യരെപ്പോലെ തന്നെ എല്ലാവികാരങ്ങളും പ്രകടിപ്പിക്കുകയും ചെയ്യുന്ന യെന്തിരന്റെ കഥ സംവിധായകൻ ശങ്കർ പറഞ്ഞപ്പോൾ പലർക്കും അവിശ്വസിനീയത തോന്നിയിരുന്നു. എന്നാൽ സൗദി അറേബ്യയിൽ ഒരു റോബോട്ടിന് പൗരത്വം നൽകിയിരിക്കുകയാണ്. ആദ്യമായിട്ടാണ് റോബോട്ടിന് സൗദി അറേബ്യയിൽ പൗരത്വം ലഭിക്കുന്നത്. 

 

തമാശ കേട്ടാൽ പൊട്ടിച്ചിരിക്കും. ദേഷ്യം വന്നാൽ മറച്ചുവയ്ക്കാതെ പ്രതികരിക്കും. സംശയം ചോദിച്ചാൽ അടുത്ത നിമിഷം ഉത്തരം ലഭിക്കും. അപൂര്‍വ മായ ഈ അംഗീകാരത്തില്‍ ഏറെ അഭിമാനം തോന്നുന്നു വെന്നും പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് ചരിത്ര പരമാണെന്നും സോഫിയ പ്രതികരിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി നിർമിച്ച ഹ്യൂമനോയ്ഡ് റോബോട്ടാണ് സോഫിയ. 

 

സൗദിയില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവ് കോണ്‍ഫറന്‍സില്‍ വച്ച് ബുധനാഴ്ചയാണ് സോഫിയക്ക് പൗരത്വം നല്‍കിയത്. അറബ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാന്‍സണ്‍ റോബോട്ടിക്‌സാണ് സോഫിയയുടെ നിര്‍മാതാക്കള്‍.  മനുഷ്യര്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനാവശ്യമായ കാര്യങ്ങള്‍ക്കു വേണ്ടി തന്റെ നിര്‍മിത ബുദ്ധി ഉപയോഗിക്കാനാണ് താത്പര്യപ്പെടുന്നത്. 

 

ഈ ലോകത്തെ മികച്ച ഒരിടമാക്കി മാറ്റാന്‍ തന്നെക്കൊണ്ട് സാധിക്കും വിധം പരിശ്രമിക്കുമെന്നും സോഫിയ പറഞ്ഞു. ചടങ്ങില്‍ മോഡറേറ്റര്‍ ആന്‍ഡ്ര്യൂ റോസ് സോര്‍ക് ചോദിച്ച തല്‍സമയ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികളാണ് സോഫിയ നല്‍കിയത്.