veerappa-moily-modi-probe

2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരായ അന്വേഷണം തടസ്സപ്പെടുത്തിയത് യുപിഎ സർക്കാരിലെ ചില കോൺഗ്രസ് നേതാക്കളാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വീരപ്പ മൊയ്‌ലി. സ്വന്തം സർക്കാരിന്‍റെ കാലത്താണ് അന്വേഷണം തടയപ്പെട്ടതെന്നും ഇതിന്‍റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കോൺഗ്രസ് ഇപ്പോഴും അനുഭവിക്കുകയാണെന്ന മൊയ്‌ലിയുടെ തുറന്നുപറച്ചില്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കൂടി വഴിവയ്ക്കുകയാണ്. 

അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം എടുത്ത് പറഞ്ഞതും അക്കാലത്തെ മറ്റു നേതാക്കളെ ലക്ഷ്യമിട്ടാണെന്നും സൂചനയുണ്ട്. ബെംഗളൂരുവിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ 'Belonging: A Journey of Love' പ്രകാശനച്ചടങ്ങിനിടെയാണ് മൊയ്‌ലിയുടെ വിവാദപരമായ വെളിപ്പെടുത്തല്‍. 2009 മുതൽ 2011 വരെ കേന്ദ്ര നിയമമന്ത്രിയായിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള തുറന്നുപറച്ചിലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

അമിത് ഷായ്ക്ക് പിന്നാലെ മോദിയും?

അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിനെ പരാമർശിച്ചായിരുന്നു മൊയ്‌ലിയുടെ പ്രതികരണം. കേസിൽ അമിത് ഷാ അറസ്റ്റിലായതിനു പിന്നാലെ അന്വേഷണം മുന്നോട്ടുപോയിരുന്നെങ്കിൽ അടുത്തതായി നരേന്ദ്ര മോദിയിലേക്കും എത്തുമായിരുന്നുവെന്നാണ് മൊയ്‌ലിയുടെ വെളിപ്പെടുത്തല്‍.

'ഞാൻ അന്ന് നിയമമന്ത്രിയായിരുന്നു. അമിത് ഷാ ഗുജറാത്തിന് പുറത്തേക്ക് പോകേണ്ടിവന്നു. കേസ് മറ്റൊരു സംസ്ഥാനത്താണ് വിചാരണ ചെയ്യേണ്ടിവന്നത്. ജയിലിൽ പോകുന്ന ആദ്യത്തെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. അടുത്തതായി ജയിലിലേക്ക് പോകേണ്ടിയിരുന്നത് മോദിയായിരുന്നു. അദ്ദേഹത്തിനും ഗുജറാത്തിന് പുറത്തേക്ക് പോകേണ്ടിവരുമായിരുന്നു' ഇതായിരുന്നു മൊയ്‌ലിയുടെ പ്രതികരണം.

എന്നാൽ അന്വേഷണം മുന്നോട്ടുപോകാതിരുന്നതിന് പിന്നിൽ കോൺഗ്രസ് നേതൃത്വത്തിലെ ചിലരാണെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. സ്വന്തം സർക്കാരാണ് മോദിക്കെതിരായ അന്വേഷണവും നടപടികളും തടഞ്ഞതെന്ന് മൊയ്‌ലി പറഞ്ഞു. ഇക്കാര്യത്തിൽ മൻമോഹൻ സിങ്ങിനെ കുറ്റപ്പെടുത്താനില്ലെന്നും മറ്റ് ചില നേതാക്കളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. ആരൊക്കെയാണ് ഈ നേതാക്കളെന്ന് വെളിപ്പെടുത്താൻ മൊയ്‌ലി തയ്യാറായില്ല. വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൊഹ്‌റാബുദ്ദീൻ കേസ് മുതൽ ഗുജറാത്ത് കലാപ അന്വേഷണം വരെ

2005 നവംബറിൽ സൊഹ്‌റാബുദ്ദീൻ ഷെയ്ഖും ഭാര്യ കൗസർ ബിയും ഗുജറാത്ത് പോലീസിന്‍റെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നായിരുന്നു കേസ്. സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന തുളസിറാം പ്രജാപതിയും 2006-ൽ കൊല്ലപ്പെട്ടു. ഈ കേസിൽ അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായെ 2010 ജൂലൈയിൽ സിബിഐ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യം ലഭിച്ച അദ്ദേഹത്തെ 2014 ഡിസംബറിൽ പ്രത്യേക സിബിഐ കോടതി തെളിവുകളുടെ അഭാവത്തിൽ കേസിൽനിന്ന് കുറ്റവിമുക്തനാക്കി.

അതേസമയം, 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങളും പ്രത്യേക അന്വേഷണസംഘം (SIT) പരിശോധിച്ചിരുന്നു. 2012-ൽ അന്വേഷണസംഘം മോദിക്ക് ക്ലീൻ ചിറ്റ് നൽകി. ഇതിനെ ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി നൽകിയ ഹർജി 2022 ജൂൺ 24-ന് സുപ്രീംകോടതിയും തള്ളി.

കോൺഗ്രസിലെ സംഘടനാ മാറ്റങ്ങളിലും എതിർപ്പ്

മോദിക്കെതിരായ അന്വേഷണം തടഞ്ഞെന്ന ആരോപണത്തിന് പുറമേ കോൺഗ്രസിന്‍റെ സംഘടനാ സംവിധാനത്തിലെ മാറ്റങ്ങൾ നടപ്പാക്കുന്നതിലും ചില നേതാക്കൾ തടസ്സം സൃഷ്ടിച്ചെന്നാണ് മൊയ്‌ലിയുടെ മറ്റൊരു ആരോപണം. പാർട്ടിയുടെ ഭാവി രാഷ്ട്രീയ വെല്ലുവിളികളെ നേരിടുന്നതിനുള്ള നിർദേശങ്ങൾ തയ്യാറാക്കാൻ സോണിയ ഗാന്ധി  ഒരു സമിതിയെ നിയോഗിച്ചിരുന്നുവെന്നും മൊയ്‌ലി പറഞ്ഞു.

സമിതി മുന്നോട്ടുവെച്ച നിർദേശങ്ങൾ നടപ്പാക്കാൻ സോണിയ ഗാന്ധി താൽപര്യം പ്രകടിപ്പിച്ചെങ്കിലും പാർട്ടിയിലെ ചില നേതാക്കൾ നിലവിലുള്ള സംവിധാനത്തിൽ മാറ്റം വരുത്താൻ തയ്യാറായില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. നിർദേശങ്ങൾ നടപ്പാക്കിയിരുന്നെങ്കിൽ നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിപദത്തിലെത്താൻ കഴിയുമായിരുന്നില്ലെന്നും മൊയ്‌ലി അഭിപ്രായപ്പെട്ടു.

പാർട്ടി നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ സംശയിക്കാതെ മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം പാർട്ടിക്കുള്ളിലെ എതിർപ്പുകളാണ് കോൺഗ്രസിന് തിരിച്ചടിയായതെന്ന മൊയ്‌ലിയുടെ തുറന്നുപറച്ചിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.

veerappa-moily-modi-probe-controversy:

Veerappa Moily Gujarat riots investigation claims state that Congress leaders within the UPA government blocked the probe against Narendra Modi. This shocking revelation by the former law minister has sparked major political controversies in India.