സ്വന്തം ജെന്‍ഡര്‍ ഐഡന്റിറ്റി തുറന്ന് പറയുകയാണ് ഐസ പ്രസിഡന്റ് നേഹ ബോറ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ നോണ്‍ബൈനറിയാണെന്ന് നേഹ പറയുന്നത്. നേഹപറഞ്ഞത് ഇതാണ്, people generally get confused. but i dont identify as a woman. i identify as a non binary person. ഇനി നോണ്‍ബൈനറി ട്രാന്‍സ് ജെന്‍ഡര്‍ ആണോ? അല്ല, രണ്ടും വ്യത്യസ്ത ക്വീര്‍ ജെന്റര്‍ ഐഡന്റിന്റികളാണ്.
സ്വന്തം സ്വത്വം എന്താണെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ട്. എന്നാല്‍ ആ അവകാശം അംഗീകരിക്കപ്പെടാന്‍ വിശദീകരിക്കേണ്ടിയും, പൊരുതേണ്ടിയും വരുന്ന സാഹചര്യമുള്ള സമൂഹത്തിലാണ് നമ്മളിന്നും ജീവിക്കുന്നത് എന്നത് ഗതികെട്ട സത്യമാണ്. ഒരാള്‍ എങ്ങനെ തിരിച്ചറിയപ്പെടണം, എങ്ങനെ വിളിക്കപ്പെടണം എന്നത് വെറുമൊരു പ്രയോഗത്തിന്റെ മാത്രം പ്രശ്നമായി കാണാനാകില്ല. അത് അംഗീകരിക്കാനാകാത്തത് സമൂഹം സൃഷ്ടിച്ചുവെച്ചിരിക്കുന്ന, പൊളിക്കാന്‍ ആഗ്രഹമില്ലാത്ത ചില സ്ഥിരം ചട്ടക്കൂടുകള്‍ക്കുള്ളില്‍ ആളുകളെ തളച്ചിടാനുള്ള ഭൂരിപക്ഷ വ്യഗ്രതയാണ്. പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹം മാത്രമാണ് നമ്മളുടേത്. ഒരേ പാറ്റേണിലുള്ളത് അല്ലാത്തത് എന്തിനെയും അത് എതിര്‍ത്ത് തോല്‍പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.
നേഹയുടെ സ്വത്വം തുറന്നുപറഞ്ഞുള്ള വാര്‍ത്തകളുടെ താഴെ, കുരുപൊട്ടി ഒലിക്കുന്ന ചില മലയാളി കമന്റുകള്‍ കണ്ടു. നാണക്കേടാണ്. തന്റെ മകള്‍ നേഹ ബോറയെപ്പോലെയാകണം എന്ന് പറഞ്ഞ വിനീത് ശ്രീനിവാസനെയും തലങ്ങും വിലങ്ങും പരിഹസിക്കുന്നത് കണ്ടു. ഇൗ കമന്റുകള്‍ നമ്മുടെ വിവരക്കേടാണ് വിളിച്ചുപറയുന്നത്. നേഹയുടെ രാഷ്ട്രീയ നിലപാടുകളോട് നമുക്ക് യോജിക്കാം, വിയോജിക്കാം. എന്നാല്‍ അത്തരം വിയോജിപ്പുകള്‍, അയാളുടെ സ്വത്വത്തെ അംഗീകരിക്കുന്നതിന് ഒരിക്കലും തടസമാകാന്‍ പാടില്ല. ആ വിയോജിപ്പ് സ്വന്തം ഐഡന്റിന്റി തുറന്നുപറയുന്ന ഏതൊരു വ്യക്തിയേയും വ്യക്തിഹത്യ ചെയ്യുന്നതും ആകരുത്.
ഓരോ തുറന്നുപറച്ചിലുകള്‍ക്ക് പിന്നിലും, ഓരോ വ്യക്തിയും കടന്നുവന്ന ഒട്ടും സുഖകരമല്ലാത്ത ഒരുപാട് വഴികളുണ്ടാകും. ആ വഴികളെല്ലാം അടയ്ക്കുന്ന വിധത്തിലിരുന്ന് വൃത്തികേടുകള്‍ വിളിച്ചുപറയുന്നത് മാസല്ല. വിവരക്കേടാണ്. വളരാന്‍ കൂട്ടാക്കാത്ത ഒരു സൊസൈറ്റിയുെട കൂട്ടക്കരച്ചിലാണ്. അല്‍പസ്വല്‍പം മോഡേണായ കമന്റ് ബോക്സ് പ്രതീക്ഷിച്ച് നിര്‍ത്തുന്നു.