തമിഴ്നാട്ടിൽ ടിവികെ നയിക്കുന്ന സഖ്യത്തിന് പേര് പ്രഖ്യാപിച്ചു. സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ് എന്നാണ് സഖ്യത്തിന്റെ പേര്. പനയൂരിലെ ടിവികെ ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് പ്രഖ്യാപനം.
സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് സഖ്യത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കോൺഗ്രസ്, മുസ്ലിം ലീഗ്, വിസികെ, എംഡിഎംകെ എന്നീ പാർട്ടികളാണ് ടിവികെ നയിക്കുന്ന മുന്നണിയിലുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് മറ്റ് പാർട്ടികളുമായി ചേർന്ന് ടിവികെ സഖ്യ രൂപീകരിച്ചത്. ജൂലൈയിൽ ചേർന്ന സഖ്യകക്ഷികളുടെ ആദ്യ യോഗത്തിൽ മുന്നണി രൂപീകരണം പ്രഖ്യാപിച്ചിരുന്നെങ്കിലും പേര് തീരുമാനിച്ചിരുന്നില്ല.
സഖ്യത്തിന്റെ പേരിൽ തന്നെ മുന്നണിയുടെ ശക്തിയുണ്ടെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ഒറ്റക്കെട്ടായി നേരിടുമെന്നും യോഗത്തിന് ശേഷം മന്ത്രി ആദവ് അർജുൻ പറഞ്ഞു. മുന്നണി ഏകോപന സമിതി രൂപീകരിക്കുന്നതും വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളും തദ്ദേശ തിരഞ്ഞെടുപ്പും നേരിടുന്നതിനുള്ള സംയുക്ത തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതും യോഗത്തിൽ ചർച്ചയായി.
ടിവികെയ്ക്ക് പുറത്തുനിന്നുള്ള പിന്തുണ തുടരുമെന്ന് ആവർത്തിച്ചെങ്കിലും ഇടത് പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല.