മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി സിപിഐ നേതാവ് സി. ദിവാകരൻ. കേരളത്തിന്റെ സ്പന്ദനമാണ് വി.ഡി. സതീശനെന്ന് ദിവാകരൻ പറഞ്ഞു. സതീശൻ പങ്കെടുക്കുന്ന ചടങ്ങായതിനാലാണ് രണ്ട് മണിക്കൂറോളം കാത്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മാ അയ്യങ്കാളി–ശ്രീനാരായണ ഗുരു പുരസ്കാര ചടങ്ങിലായിരുന്നു ദിവാകരന്റെ പരാമർശം.
സാധാരണയായി ആർക്കുവേണ്ടിയും കാത്തിരിക്കാറില്ലെന്നും, എന്നാൽ സതീശനായതിനാലാണ് കാത്തിരുന്നതെന്നും ദിവാകരൻ വേദിയിൽ പറഞ്ഞു. അധികാരത്തിലെത്തി 100 ദിവസത്തിനുള്ളിൽ തന്നെ കേരളത്തിന്റെ താൽപര്യങ്ങൾ സതീശന്റെ കൈകളിൽ ഭദ്രമാകുമെന്ന് തെളിയിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി മുഖ്യമന്ത്രി നടത്തുന്ന പ്രവർത്തനങ്ങളോട് സഹകരിക്കാനാകുമെന്നും സി. ദിവാകരൻ പറഞ്ഞു.