ബിജെപിയുടെ പുതിയ ദേശീയ നേതൃത്വത്തിന് പ്രതീക്ഷിച്ച യുവത്വം ഇല്ലെങ്കിലും സിജെപി സമരം സ്വാധീനിച്ചെന്ന് വ്യക്തം. ഐടി സെൽ മേധാവി അമിത് മാൾവ്യയുടെയും യുവമോർച്ച അധ്യക്ഷൻ തേജസ്വി സൂര്യയുടെയും സ്ഥാനചലനം അത് വ്യക്തമാക്കുന്നു. പുതിയ ഭാരവാഹികളിൽ 21 പേർ 50 വയസിൽ താഴെയുള്ളവരാണ്.

ഒരു പതിറ്റാണ്ടായി ബിജെപിയുടെ സമൂഹ മാധ്യമ ഇടപെടലുകൾ നിയന്ത്രിച്ച ഐടി സെൽ മേധാവി അമിത് മാൾവ്യയുടെ സ്ഥാന ചലനം അപ്രതീക്ഷിതമായിരുന്നു. മാൾവ്യ മാത്രമല്ല, ഐടി സെൽ എന്ന പേരും പുനസംഘടനയിൽ അപ്രത്യക്ഷമായി. സമൂഹ മാധ്യമ കൺവീനർ എന്നതാണ് പുതിയ തസ്തിക . ഈ മാറ്റത്തിന് പ്രധാന കാരണം സിജെപി സമരം തന്നെ. സമരം നടക്കുമ്പോൾ  യുവാക്കളുടെ ആശങ്കകൾ ദൂരീകരിക്കുന്നതിന് പകരം അവരെ ആക്ഷേപിക്കുന്ന പോസ്റ്റുകൾ ആണ് ബിജെപി ഹാൻഡിലുകൾ വലിയ രീതിയിൽ പ്രചരിപ്പിച്ചത്.  സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളെ തിരഞ്ഞുപിടിച്ച് സമൂഹമാധ്യമത്തിലൂടെ ആക്രമിക്കുന്നതും കണ്ടു. അമിത് മാൾവ്യയുടെ തന്നെ ചില പോസ്റ്റുകളും വിവാദങ്ങൾക്ക് ഇടയാക്കി. 

കഴിഞ്ഞ കേന്ദ്ര ബജറ്റ് അവതരണ സമയത്തും ബജറ്റിലെ നേട്ടങ്ങൾ വിശദീകരിക്കുന്നതിനേക്കാൾ വിമർശകരെ പരിഹസിക്കാനാണ് ബിജെപി സമൂഹ മാധ്യമങ്ങളിലൂടെ ശ്രമിച്ചത്. ഇത്തരം നിലപാട് കാലത്തിന് ചേർന്നതല്ല എന്ന തിരിച്ചറിവാണ് അമിത് മാൾവ്യയെ മാറ്റാൻ കാരണം. പുതിയ സോഷ്യൽ മീഡിയ കൺവീനർ ദീപക് മഹാസ്കെ ദേശീയ അധ്യക്ഷൻ നിതിൻ നവീന്‍റെ വിശ്വസ്തനാണ്. ഛത്തീസ്ഗഡിൽ വർഷങ്ങളായി പാർട്ടിയുടെ സമൂഹമാധ്യമ ചുമതല വഹിക്കുന്നു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലും സമൂഹമാധ്യമ ചുമതല ദീപക്കിനായിരുന്നു.

യുവാക്കൾക്കിടയിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലേണ്ട യുവമോർച്ചയ്ക്കും വിദ്യാർഥി സമരത്തിൽ കാര്യമായ ഇടപെടൽ നടത്താൻ സാധിച്ചില്ല. തീപ്പൊരി നേതാവായിട്ടും തേജസ്വി സൂര്യയെ മാറ്റാൻ കാരണം ഇതാണ് . ഗുജറാത്തിൽ നിന്നുള്ള ഹേമംഗ് ജോഷിയാണ് പുതിയ യുവമോർച്ച അധ്യക്ഷൻ. പുതിയ ഭാരവാഹികളിൽ ആറുപേർക്ക് 40 വയസിൽ താഴെയാണ് പ്രായം. 15 പേർ 40 നും 50 നും ഇടയിൽ . 21 പേർ 50 വയസിനും 60 വയസിനും ഇടയിലുള്ളവരാണ്.

ENGLISH SUMMARY:

BJP's new leadership might lack expected youthfulness, but the impact of the CJI protest is evident, as seen in the changes involving IT Cell chief Amit Malviya and Yuva Morcha president Tejasvi Surya. These shifts indicate a recognition of the need for a more sensitive approach to youth concerns in their social media engagement.