cockroach-janatha-party-instagram-removed

'കോക്രോച്ച് ജനതാ പാർട്ടി'യുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വീണ്ടും നീക്കം ചെയ്തതായി പരാതി. സ്വാതന്ത്ര്യദിനമായ ഇന്ന് രാവിലെയാണ് അക്കൗണ്ട് ഇൻസ്റ്റാഗ്രാമിൽ നിന്ന് അപ്രത്യക്ഷമായത്. സംഭവത്തിന് പിന്നാലെ പാർട്ടിയുടെ സ്ഥാപകൻ അഭിജീത്ത് ദിപ്കെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. അക്കൗണ്ട് ലഭ്യമാകുന്നില്ലെന്ന് വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകൾ സഹിതമാണ് അഭിജീത്ത് രംഗത്തെത്തിയത്.

എക്സിലൂടെ പ്രതിഷേധം അറിയിച്ച അദ്ദേഹം, ‘കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ അവർ നീക്കം ചെയ്തു. എന്തൊരു ഭീരുക്കൾ!’ എന്നും കുറിച്ചു. അതേസമയം, കുറച്ചുസമയത്തിനുള്ളിൽ തന്നെ സിജെപി അക്കൗണ്ട് വീണ്ടെടുക്കുകയും ചെയ്തു. അക്കൗണ്ട് തിരികെ ലഭിച്ച വിവരം പാർട്ടിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി അറിയിച്ചിട്ടുണ്ട്. ‘സിജെപി ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഇന്ന് രാവിലെ നീക്കം ചെയ്യപ്പെട്ടിരുന്നു. എന്നാൽ, തങ്ങൾക്ക് അക്കൗണ്ട് വിജയകരമായി വീണ്ടെടുക്കാൻ സാധിച്ചുവെന്നും പാർട്ടി വ്യക്തമാക്കി.

തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം തന്നെ തിരഞ്ഞെടുത്തവരെ പാർട്ടി കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത്തരം ഭീരുത്വപരമായ നടപടികൾ കൊണ്ട് തങ്ങളെ ഭയപ്പെടുത്താനോ നിശബ്ദരാക്കാനോ കഴിയില്ലെന്നും പാർട്ടി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. നേരത്തെയും സിജെപിയുടെയും ദിപ്കെയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ സമാനമായ നടപടികളുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം നിയമപരമായ മാർഗങ്ങളിലൂടെ അക്കൗണ്ടുകൾ വീണ്ടെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു.

അതേസമയം, സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും ഉത്തരവാദിത്തവും മെച്ചപ്പെടുത്തുന്നതിനായി കോക്രോച്ച് ജനതാ പാർട്ടി 'സ്കൂൾ തിക്ക് കരോ' ക്യാംപയിന് ഇന്ന് തുടക്കമാകും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ഈ പുതിയ ജനകീയ സംരംഭത്തിന് പാർട്ടി ഔദ്യോഗികമായി തുടക്കമിട്ടത്. പാർട്ടിയുടെ സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ സ്വന്തം ഗ്രാമമായ മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലുള്ള സന്തുക് പിംപ്രി ഗ്രാമത്തിൽ നിന്നായിരിക്കും ക്യാമ്പയിന്‍ ആരംഭിക്കുക.

ENGLISH SUMMARY:

The official Instagram account of the Cockroach Janata Party (CJP) was temporarily removed on Independence Day, drawing sharp criticism from founder Abhijit Dipke. Calling the move a cowardly act to suppress their voice, Dipke expressed his outrage on X with screenshots showing the missing handle. However, the party managed to successfully recover the account shortly after and announced its restoration online. Alongside this incident, the party officially launched its 'School Theek Karo' campaign from Hingoli district in Maharashtra to improve government school infrastructure.