vijay

തമിഴ്‌നാട്ടില്‍ ഭരണത്തിലേറി മൂന്നുമാസം കഴിയുമ്പോള്‍ വിജയ് സര്‍ക്കാര്‍ മന്ത്രിസഭ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നെന്ന് സൂചന. ബജറ്റ് ചര്‍ച്ചകള്‍ക്ക് ശേഷം സെപ്റ്റംബറോടെ മന്ത്രിസഭ പുനസംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാദത്തില്‍പ്പെട്ട നാല് മന്ത്രിമാരുടെ കസേര തെറിക്കുമെന്നും അഭ്യൂഹമുണ്ട്.

മേയ് 10ന് അധികാരത്തില്‍ കയറി മൂന്നുമാസം പിന്നിടുന്നതിന് മുന്‍പേ വിജയ് സര്‍ക്കാര്‍ ആദ്യ മന്ത്രിസഭ പുനഃസംഘനയ്ക്കൊരുങ്ങുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ടിവികെയില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞെന്നും  വിവരമുണ്ട്. നിലവിലുള്ള നാലുമന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകാനും സാധ്യതയുണ്ട്. ഇതിനുപുറമേ മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടായേക്കും.  മന്ത്രിമാരുടെ പ്രകടനം വിലയിരുത്താന്‍ വിജയ് അനൗദ്യോഗികമായി ഉന്നതസംഘത്തെ നിയോഗിച്ചിരുന്നെന്നും ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും തീരുമാനങ്ങളെന്നുമാണ് വിവരം. 

ഗതാഗതമന്ത്രി എ. പാര്‍ഥിപന്‍, സാമൂഹ്യക്ഷേമം– വനിത ശാക്തീകരണ വകുപ്പ് മന്ത്രി കെ. ജഗദേശ്വരി, മാനവശേഷി വിഭവ വകുപ്പ് മന്ത്രി ഡി. ശരത് കുമാര്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ കോണ്‍ഗ്രസ് മന്ത്രി പി. വിശ്വനാഥന്‍റെ പേരും ഉയരുന്നുണ്ട്. വിജയ്‌ താക്കീത് നല്‍കിയിട്ടും അഴിമതി നടത്തിയെന്ന ആരോപണമാണ് മന്ത്രി പാര്‍ഥിപനും വിശ്വനാഥിനുമെതിരെയുള്ളത്. ഓഫിസ് ഉദ്യോഗസ്ഥരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും മോശം പെരുമാറ്റം നടത്തുന്നെന്ന പരാതി മന്ത്രി ജഗദേശ്വരിക്കെതിരെ വന്നിരുന്നു. ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണമാണ് മന്ത്രി ശരത്തിന് വിനയാകുന്നത്. ടിവികെ മന്ത്രിമാരായ എസ്. കമലി, എസ്. കീര്‍ത്തന, കോണ്‍ഗ്രസ് മന്ത്രി എസ്. രാജേഷ് കുമാര്‍ എന്നിവരുടെ വകുപ്പുകളും മാറിയേക്കും. അതിനിടെ സി. വിജയഭാസ്കര്‍, എം.ആര്‍ വിജയഭാസ്കര്‍ എന്നിവരടക്കം അണ്ണാഡി എംകെയിലെ പ്രമുഖര്‍  പാര്‍ട്ടിയിലെത്തിയതോടെ ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനും ടിവികെയ്ക്ക് മേല്‍ സമ്മര്‍ദമുണ്ട്. 

ENGLISH SUMMARY:

Tamil Nadu cabinet reshuffle is expected soon as the Vijay government, having completed three months in power, is reportedly planning a major cabinet expansion. Several ministers facing allegations are likely to be dropped, with new faces potentially joining the government.