aishe-ghosh-court-delhi-police
  • കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായാല്‍ എസ്എഫ്ഐ ദേശീയ ജോയിന്‍റ് സെക്രട്ടറിയായ ഐഷിയും എസ്എഫ്ഐ ദേശീയ നേതാക്കളും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തും

ബംഗ്ല ഭവനിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെ തിടുക്കപ്പെട്ടുള്ള അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് കോടതിയില്‍. ഹർജി ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയിലാണ് അപേക്ഷ നൽകിയത്. ഡൽഹി എകെജി ഭവന് മുന്നിൽ പൊലീസിന് പുറമെ കേന്ദ്രസേനയെയും വിന്യസിച്ചു. ഇതോടെ ഐഷിയെ പാര്‍ട്ടി എകെജി ഭവനില്‍ നിന്ന് മാറ്റി. 

കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായാല്‍ എസ്എഫ്ഐ ദേശീയ ജോയിന്‍റ് സെക്രട്ടറിയായ ഐഷിയും എസ്എഫ്ഐ ദേശീയ നേതാക്കളും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തും. ഇന്നലെ രാത്രി വരെ സിപിഎമ്മിന്‍റെ ദേശീയ ആസ്ഥാനമായ എകെജി ഭവനിലായിരുന്നു ഐഷിയുണ്ടായിരുന്നത്. 

ഐഷിയെ അറസ്റ്റ് ചെയ്യാനായി കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് എകെജി ഭവനിലെത്തിയിരുന്നു. എന്നാല്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ മടങ്ങിപ്പോയി. അറസ്റ്റ് നടപടിക്കായെത്തിയ ഉദ്യോഗസ്ഥ യൂണിഫോമില്‍ ആയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റിനെ എംപി വിലക്കിയത്. തുടര്‍ന്ന് ഡല്‍ഹി പൊലീസ് മടങ്ങിപ്പോയി. യൂണിഫോം എവിടെയെന്ന് ചോദിച്ച എംപിയോട് താന്‍ കോടതിയില്‍ പോയിട്ട് വരുന്ന വഴിയാണെന്നും മഴ ആയതിനാല്‍ യൂണിഫോം ധരിച്ചില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥയുടെ വിശദീകരണം. യൂണിഫോമും ഐഡിയും കാണിക്കാതെ നടപടിക്ക് സമ്മതിക്കില്ലെന്ന് എംപി കടുപ്പിച്ചതോടെ സ്വകാര്യ വാഹനത്തില്‍ തന്നെ പൊലീസ് സംഘം മടങ്ങുകയായിരുന്നു. 

യൂണിഫോമില്ലാതെ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിനെത്തിയത് ജോണ്‍ ബ്രിട്ടാസ് പാര്‍ലമെന്‍റിലും ഉന്നയിച്ചു. ഗൗരവകരമായ വിഷയമാണെന്നും ആഭ്യന്തരമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടി ജനാധിപത്യത്തിന് എതിരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രതികരിച്ചു. എന്നാല്‍ പ്രതിപക്ഷം അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും സ്വാഭാവിക നടപടി മാത്രമാണ് അതെന്നുമായിരുന്നു ബ്രിട്ടാസിന് ജെ.പി.നഡ്ഡയുടെ മറുപടി. ലോക്സഭയില്‍ ആഭ്യന്തര മന്ത്രി എത്താത്തതില്‍ വലിയ പ്രതിഷേധം പ്രതിപക്ഷം ഉയര്‍ത്തിയതോടെ ആരു വരണമെന്ന് തീരുമാനിക്കുന്നത് നിങ്ങളല്ലെന്നും ഇരിപ്പിടങ്ങളില്‍ ഇരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ബഹളം തുടര്‍ന്നതോടെ രാജ്യസഭയും ലോക്സഭയും താല്‍കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

ENGLISH SUMMARY:

SFI leader Aishe Ghosh has approached Delhi's Patiala House Court seeking to cancel an arrest warrant and prevent a hasty arrest ahead of a hearing regarding a march to Banga Bhavan, with her plea requested for urgent consideration. Anticipating a favorable court ruling, Aishe—the SFI national joint secretary—and other national leaders plan to hold a press conference in Delhi, having spent the previous night at the CPI national headquarters, AKG Bhavan. Earlier, Delhi police officers arrived at AKG Bhavan to arrest her, but MP John Brittas blocked the move, demanding to see official uniforms and identity cards since the officers were in plain clothes and claimed they were coming straight from court due to rain, prompting the police team to leave in a private vehicle. Brittas also raised the issue in Parliament, calling it a serious threat to democracy, supported by Congress Chief Mallikarjun Kharge, while BJP leader J.P. Nadda dismissed it as a routine procedure, leading to fierce protests and the temporary adjournment of both the Rajya Sabha and Lok Sabha after the Speaker intervened.