മണ്ഡല പുനർനിർണയം അടക്കമുള്ള നിർണായക ബില്ലുകൾ വരുന്ന പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കം. മോദി സർക്കാരിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കാൻ അയോധ്യ കൊള്ള അടക്കമുള്ള വിഷയങ്ങളുമായി പ്രതിപക്ഷം തയാറെടുക്കുമ്പോൾ, കുറുമാറിയവരുടെയും കരുത്തിലാണ് ഭരണപക്ഷം. വിമത ടിഎംസി പക്ഷത്തെ സർവ കക്ഷി യോഗത്തിലേക്ക് വിളിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗത്തിൽ നിന്ന് വാക്കൗട്ട് നടത്തി.
ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്. മോദി സർക്കാരിനെയും ബിജെപിയെയും കുടുക്കാവുന്ന അയോധ്യ ക്ഷേത്ര കൊള്ള, പരീക്ഷ ക്രമക്കേട്, E20 അഴിമതി തുടങ്ങി ഒട്ടേറെ വിഷയങ്ങൾ പ്രതിപക്ഷത്തിനുണ്ട്. അതിന്‍റെ തുടക്കമാണ് ഇന്ന് ചേർന്ന സർക്കാർ വിളിച്ച സർവ യോഗത്തിൽ കണ്ടത്. യോഗം ആരംഭിച്ച ഉടൻ ടിഎംസി വിമത പക്ഷത്തെ യോഗത്തിലേക്ക് വിളിച്ചതിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
അയോധ്യ കൊള്ളയാണ് പ്രതിപക്ഷത്തിന്‍റെ വലിയ ആയുധം. ഉത്തരവാദിത്തം ഏറ്റെടുത്ത് മൗനം വെടിഞ്ഞ് സ്വതന്ത്ര സമഗ്ര അന്വേഷണം പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയും പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. അയോധ്യ ക്ഷേത്ര കൊള്ള, FCRA, മണ്ഡല പുനർനിർണയം, ചോദ്യപേപ്പർ ചോർച്ച തുടങ്ങിയവയിൽ വിശദമായ ചർച്ച വേണമെന്ന് പ്രതിപക്ഷ ആവശ്യം. മണ്ഡല പുനർനിർണയം 20 വർഷത്തേക്ക് മരവിപ്പിക്കണമെന്ന് ഡിഎംകെ സർവ കക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു.