vijay

തമിഴ്നാട് നിയമസഭയിൽ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. ഭരണകാലത്തെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി മുൻ സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ സഭയിൽ വാക്കുതർക്കത്തിനിടയാക്കി. പ്രതിഷേധമായി പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾക്ക് പ്രധാന കാരണം ലഹരിമരുന്നുകളുടെ വ്യാപനമാണെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. മുൻ സർക്കാരുകൾ ലഹരിമരുന്ന് വ്യാപനം തടയുന്നതിൽ പരാജയപ്പെട്ടുവെന്നും അഴിമതിക്കാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

ടിവികെ സർക്കാർ അധികാരത്തിലെത്തി 40 ദിവസം മാത്രമായ സാഹചര്യത്തിൽ സർക്കാരിനെ വിമർശിക്കാൻ പ്രതിപക്ഷത്തിന് ധാർമിക അവകാശമില്ലെന്നും വിജയ് പറഞ്ഞു. വിവിധ വകുപ്പുകളിൽ മുൻ ഭരണകൂടം അഴിമതി നടത്തിയതായും പാർട്ടി ഫണ്ടിന്റെ പേരിൽ പണം സമാഹരിച്ചതായും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ ശക്തമായി പ്രതിഷേധിക്കുകയും പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

പ്രസംഗത്തിനിടെ മുൻ മുഖ്യമന്ത്രി സ്റ്റാലിനെ പരാമർശിച്ച് "കുട്ടി സ്റ്റോറി" പറഞ്ഞ് പരിഹസിച്ചതും സഭയിൽ ചർച്ചയായി. ഇതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാഗ്വാദം കൂടുതൽ രൂക്ഷമായി. സ്റ്റാലിന്‍റെ മാസ് ആക്ഷൻ അനുകരിച്ചാണ് വിജയ് പ്രസംഗം അവസാനിപ്പിച്ചത്. 

ENGLISH SUMMARY:

In the Tamil Nadu Assembly, Chief Minister Joseph Vijay strongly criticized the opposition during his reply to the policy address. He highlighted the drug menace and corruption allegations against the previous government, leading to a heated debate and walkout by opposition members.