Image Credit: X/abhijeet_dipke

പാര്‍ട്ടി സ്ഥാപനത്തിന് ശേഷം ആദ്യമായി രാജ്യത്തെത്തിയിരിക്കുകയാണ് കോക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകന്‍ അഭിജിത്ത് ദീപ്കെ. സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രശസ്തി നേടിയ സറ്റയറിക്കല്‍ പാര്‍ട്ടിക്കെതിരെ രൂക്ഷ നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് സ്ഥാപകന്‍റെ വരവ്. ഡല്‍ഹിയില്‍ സമാധാനപരമായ പ്രക്ഷോഭം നടത്തുമെന്ന് ദീപ്കെ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ 2000 പൊലീസുകാരെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ വന്‍ സോഷ്യല്‍ മീഡിയ പിന്തുണ കണക്കാക്കിയാണ് നടപടി. 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പാര്‍ട്ടിയുടെ ആദ്യ പ്രതിഷേധ പരിപാടി ജന്തര്‍ മന്തറിലാണ് നടത്താനുദ്ദേശിച്ചിരിക്കുന്നത്. സമാധാനപൂര്‍ണമായി നടപ്പാക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന പ്രതിഷേധത്തില്‍ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുവേണം പങ്കെടുക്കാന്‍ എന്ന് നേരത്തെ തന്നെ പാര്‍ട്ടി വക്താക്കള്‍ ആഹ്വാനം ചെയ്തിരുന്നു. 

ഇന്ത്യയിലെത്തുന്ന അഭിജിത് ദീപ്കെയുടെ ആദ്യ പരിപാടി പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി അനുമതി വാങ്ങലാണ്. അനുമതി വാങ്ങാനായി അണികള്‍ സ്റ്റേഷനിലേക്ക് എത്തണമെന്നാണ് ദീപ്കെയുടെ നിര്‍ദേശം. ഇതുകൂടാതെ എല്ലാവര്‍ക്കും തുല്യ അവസരം വിദ്യാഭ്യാസം എന്നിവയ്ക്കുള്ള പ്രതീകമായി ദേശീയപതാകയും ഒരു പുസ്തകവും കയ്യില്‍ കരുതണമെന്നും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രതിഷേധത്തിന് സിജെപി മുന്‍കൂട്ടി അനുമതി തേടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 

പുസ്തകവും പതാകയും കരുതുന്നത് കൂടാതെ എല്ലാവരോടും സോഷ്യല്‍ മീഡിയയില്‍ ലൈവ് വിഡിയോ ഫോണിലെടുത്ത് ഷെയര്‍ ചെയ്യണമെന്നും, കൂട്ടത്തില്‍ നിന്ന് നിയമലംഘനം നടത്തുന്നവരെ പൊലീസിന് റിപ്പോര്‍ട്ട് ചെയ്യണമെന്നും വെയിലിനെ പ്രതിരോധിക്കാന്‍ സണ്‍സ്ക്രീനും വെള്ളവും തൊപ്പിയും കരുതണമെന്നും പാര്‍ട്ടി തങ്ങവുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ അണികളോട് ആവശ്യപ്പെടുന്നുണ്ട്. ഇവ കൂടാതെ ഒറ്റയ്ക്ക് വരരുതെന്നും, പൂക്കള്‍ വലിച്ചെറിയരുതെന്നും, ആക്രമം വിളിച്ചുവരുത്തരുതെന്നും, ഭക്ഷണം കഴിച്ച് വിശപ്പ് മാറ്റി വരണമെന്നും നിര്‍ദേശങ്ങളുണ്ട്. 

ENGLISH SUMMARY:

Abhijit Dipke, the founder of the Cockroach Janatha Party, has arrived in the country for the first time since establishing the party. This visit comes amidst stringent actions against the satirical party, which has gained significant popularity on social media.