മമത ബാനര്‍ജിയില്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസ്. അധികാരം നഷ്ടപ്പെട്ടപ്പോള്‍ പോലും പാര്‍ട്ടിയിലെ സ്വന്തം പവറില്‍ മമതയ്ക്ക് സംശയമുണ്ടായിരുന്നില്ല. ബംഗാളില്‍ സിപിഎമ്മിനോട് ഏറ്റുമുട്ടി, ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയെ വെല്ലുവിളിച്ച്, ഒരു സഖ്യത്തിനും വഴങ്ങാതെ നിന്ന ദീദി ഒടുവില്‍ ഋതബ്രത  ബാനര്‍ജി എന്ന പുതുമുഖ എംഎല്‍എയ്ക്ക് മുന്നില്‍ അടിപതറിയിരിക്കുന്നു. സ്വന്തം പാര്‍ട്ടിയിലെ എണ്‍പത് എംഎല്‍എമാരില്‍ കഷ്ടിച്ച് ഇരുപതുപേരുടെ മാത്രം പിന്തുണയിലേക്ക് ആ തീപ്പൊരി  ചെറുതായിപ്പോയി. പാര്‍ലമെന്റില്‍ തൃണമൂലിന്റെ 41 എം.പിമാരില്‍ പത്തുപേരുടെ പിന്തുണ പോലുമില്ലാതെ ദേശീയരാഷ്ട്രീയത്തില്‍ മമത തൃണമൂല്യത്തിലേക്ക് താഴ്ന്നിരിക്കുന്നു. ബംഗാളിലെ തെരുവുകളില്‍ നിരന്തരമായ പോരാട്ടങ്ങളിലൂടെയും സിപിഎമ്മിനെതിരായ ശക്തമായ രാഷ്ട്രീയ സമരങ്ങളിലൂടെയും മമത കാലങ്ങളെടുത്ത് അസാധാരണമായ പോരാട്ടത്തിലൂടെ വളര്‍ത്തിയെടുത്തതാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്ക് മെരുങ്ങാത്ത ശക്തയായ പ്രതിയോഗി ഒരൊറ്റ തിരഞ്ഞെടുപ്പ് പരാജയത്തില്‍ ഒന്നുമല്ലാതായിരിക്കുന്നു.

രാഷ്ട്രീയ കൂറുമാറ്റം മമത കണ്ടുപിടിച്ചതല്ല. ബംഗാളിലെ അക്രമരാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാന്‍ നേരും നെറിവുമില്ലാത്ത പല അടവുകളും മമത പയറ്റിയിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. അധികാരമുറപ്പിക്കാന്‍, അക്രമങ്ങളെ നിസാരവല്‍ക്കരിച്ചു. കൂറുമാറ്റങ്ങളെ ന്യായീകരിച്ചു. ഒടുവില്‍ അങ്ങനെ ചാടിയെത്തിയ ഒരാള്‍, എതിര്‍ചേരിയില്‍ നിന്ന് മമത ഇരുകരവും നീട്ടി സ്വീകരിച്ചൊരാള്‍ എതിര്‍ചേരിയില്‍ നിന്ന് വിളിച്ചുകയറ്റി അഭയം നല്‍കിയയാള്‍ മമതയുടെ മര്‍മ്മത്തടിച്ചു. ​ഋതബ്രത  ബാനര്‍ജി എന്ന പഴയ സഖാവ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മമത പുറത്താക്കിയ നേതാവാണ് മമതയുടെ പാര്‍ട്ടിയുടെ പ്രതിപക്ഷ നേതാവ്. വലിയ ജനപിന്തുണയൊന്നുമില്ലാതെ, ആദ്യവട്ടം എംഎല്‍എയാകുന്ന ഒരാള്‍ എങ്ങനെ മമതയെപ്പോലെ അനുഭവസമ്പത്തുള്ളൊരു നേതാവിനെ മലര്‍ത്തിയടിച്ചു? അതറിയാന്‍ ​ഋതബ്രത  ബാനര്‍ജിയുടെ ചരിത്രമറിയണം,

സഖാവായിരുന്നു ഋതബ്രത. രണ്ടായിരത്തില്‍ വിദ്യാര്‍ഥി നേതാവായി തുടക്കം. എട്ടുവര്‍ഷത്തോളം എസ്എഫ്ഐയുടെ തലപ്പത്ത്. വാചകക്കസര്‍ത്തോ ജനപിന്തുണയോ ഇല്ലെങ്കിലും അധികാരത്തിലേക്കുള്ള എളുപ്പവഴി എന്താണെന്ന് നന്നായറിയുന്ന കൗശലക്കാരന്‍. സിപിഎമ്മിലെ ഉന്നതനേതാക്കളുമായി അടുപ്പം സ്ഥാപിച്ചു. 34ാം വയസില്‍ സിപിഎം രാജ്യസഭയിലേക്കയച്ചു.

ബംഗാളില്‍ സിപിഎം ക്ഷയിച്ചു.പഴയ പ്രതാപം പോയി. തൃണമൂല്‍ ശക്തിപ്പെട്ടു. പാര്‍ട്ടി പ്രത്യയശാസ്ത്രം മറന്ന് ആഡംബര ജീവിതം നയിക്കുന്ന ഋതബ്രതയ്ക്കെതിരെ പാര്‍ട്ടിയില്‍ തന്നെ കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. 2017ല്‍ സിപിഎം ഋതബ്രതയെ പുറത്താക്കി. ബംഗാളില്‍ കാറ്റ് മാറി വീശുന്നതറിഞ്ഞ് ഋതബ്രത ദിശമാറ്റി. തൃണമൂലിലേക്ക് ചാഞ്ഞു. മമതയിലേക്കുളള വഴി അനന്തരവന്‍ അഭിഷേക് ബാനര്‍ജിയാണെന്ന് തിരിച്ചറിഞ്ഞു. അഭിഷേകുമായി അടുപ്പം സ്ഥാപിച്ചു. അതിന് ഫലമുണ്ടായി. 2018ല്‍ തൃണമൂല്‍ പിന്തുണയില്‍ രാജ്യസഭയിലെത്തി.  ബംഗാളില്‍ വീണ്ടും സാഹചര്യം മാറി. തിരഞ്ഞെടുപ്പ് പരാജയം കൂടിയായതോടെ പാര്‍ട്ടിക്കുളളില്‍ മമതയ്ക്കെതിരായ കടുത്ത വികാരം മനസിലാക്കിയ ഋതബ്രത വിമതര്‍ക്കൊപ്പം കൂടി. അഭിഷേകിനും മമതയ്ക്കുമെതിരെ തിരിഞ്ഞു. അസാധാരണ നീക്കത്തിലൂടെ തൃണമൂലിന്റെ 80 എംഎല്‍എമാരില്‍ മമതയോട് എതിര്‍പ്പുള്ള 60 പേരെ കൂടെ നിര്‍ത്തി പ്രതിപക്ഷ നേതാവായി. 

തിരഞ്ഞെടുപ്പില്‍ തനിക്കും തൃണമൂലിനുമേറ്റ പരാജയത്തെക്കാള്‍ മമതയെ ഞെട്ടിച്ചത് പാര്‍ട്ടിയില്‍ തനിക്കെതിരെ ഇത്ര ശക്തമായ വികാരമുണ്ടെന്ന തിരിച്ചറിവാണ്. അനന്തരവന്‍ അഭിഷേക് ബാനര്‍ജിയോട് കാട്ടിയ മമതയാണ് മമതയ്ക്ക് തിരിച്ചടിയായത്. കാലങ്ങളായി തനിക്കൊപ്പം നില്‍ക്കുന്ന നേതാക്കളില്‍ പലര്‍ക്കും പാര്‍ട്ടിയെ അടപടലം മറിച്ചിടാന്‍ തക്കവിധം വിദ്വേഷത്തിന്റെ വേരോട്ടമുണ്ടായിരുന്നുവെന്നത് മമതയെ ഞെട്ടിച്ചു. അഭിഷേകിന്റെ ഏകാധിപത്യനിലപാടുകള്‍ കൂടിയായതോടെ ആ എതിര്‍പ്പ് പൂര്‍ത്തിയായി. തൃണമൂലിന്റെ വീഴ്ചയില്‍ നിന്ന് ഉയര്‍ക്കാനൊരുങ്ങുകയാണ് സിപിഎം. കേസും റെയ്ഡുമായി ഇഡിയുടെ ഇടി തുടങ്ങിയ സ്ഥിതിക്ക്  ഇനിയങ്ങോട്ട് പിടിച്ചുനില്‍ക്കാന്‍ പ്രയോഗിക്കേണ്ടത് പ്രതിരോധമോ പ്രതികാരമോ? ഈ എഴുപത്തൊന്നാം വയസില്‍ ഇനിയൊരു  തിരിച്ചുവരവിനുള്ള ഊര്‍ജം ദീദിക്കുണ്ടാകുമോ?

ENGLISH SUMMARY:

In a stunning political upheaval in West Bengal, Trinamool Congress (TMC) supremo Mamata Banerjee has faced an unprecedented coup led by a first-time MLA and former comrade, Ritabrata Banerjee. Following a crushing electoral defeat, Mamata's absolute control over her party evaporated as Ritabrata successfully rallied 60 out of 80 TMC MLAs and the majority of MPs against her, assuming the role of the opposition leader. Ritabrata, a former SFI national leader expelled by the CPI(M) in 2017 for his lavish lifestyle, had joined TMC through Mamata's nephew, Abhishek Banerjee. However, capitalizing on the internal resentment against Abhishek’s dictatorial style, Ritabrata turned the rebels against the family. At 71, with the CPI(M) looking to reclaim ground and central agencies mounting pressure, Mamata Banerjee faces the biggest political crisis of her career, leaving the future of TMC highly uncertain.