റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും നിന്ന് യാത്ര ചെയ്യേണ്ടി വന്ന യാത്രക്കാര്‍ക്ക് റെയില്‍വേ നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഭോജ്പൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ടിക്കറ്റുണ്ടായിട്ടും യാത്രക്കാര്‍ക്ക് ബെര്‍ത്ത് അനുവദിക്കാന്‍ സാധിക്കാത്തത് റെയില്‍വെയുടെ പോരായ്മയാണെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തി. നാലു യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് കമ്മീഷന്‍റെ ഉത്തരവ്.
എൽടിടി പട്ന എക്സ്പ്രസിൽ ഉത്തര്‍പ്രദേശിലെ വിന്ധ്യാചലിൽ നിന്നും ബിഹാറിലെ ആരയിലേക്ക് യാത്ര ചെയ്യുകയായിരുന്ന നാല് യാത്രക്കാരാണ് പരാതി നല്‍കിയത്. ട്രെയിനിൽ കയറിയപ്പോൾ കണ്‍ഫേം ചെയ്ത ബെർത്തുകൾ റെയിൽവേ ജീവനക്കാർ കൈയ്യടക്കി വെച്ചിരിക്കുകയായിരുന്നു. സീറ്റ് നല്‍കാന്‍ ആവശ്യപ്പട്ടെങ്കിലും ജീവനക്കാര്‍ തയ്യാറായില്ലെന്നാണ് പരാതി.
ട്രെയിനിനുള്ളില്‍ വച്ച് റെയിൽവേ ഹെൽപ്പ് ലൈൻ വഴി പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും നടപടിയുണ്ടായില്ല. ബക്സർ സ്റ്റേഷനിൽ വെച്ച് ടി.ടി.ഇയോട് പ്രശ്നം ഉന്നയിച്ചെങ്കിലും ട്രെയിനിലെ തിരക്ക് കാരണം സഹകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നും പരാതിയിലുണ്ട്.
റെയില്‍വേ നടപടി യാത്രക്കാര്‍ക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്നതായി കമ്മീഷന്‍ നിരീക്ഷിച്ചു. ടിക്കറ്റ് ബുക്കിങ് തുകയായ 1,876 രൂപ, എട്ടു ശതമാനം വാർഷിക പലിശ സഹിതം തിരികെ നൽകാനും ഒപ്പം 20,000 രൂപ നഷ്ടപരിഹാരമായും 15,000 രൂപ കോടതി ചെലവായും നല്‍കാനും കമ്മീഷന്‍ ഉത്തരവ്. തുക 60 ദിവസത്തിനകം നൽകാനും നോർത്ത് സെൻട്രൽ റെയിൽവേയോടും റെയിൽവേ മന്ത്രാലയത്തോടും ബെഞ്ച് നിര്‍ദ്ദേശിച്ചു.