പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പരാജയം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ബിജെപിയുടെ തന്ത്രങ്ങൾക്ക് മേൽ വിജയിക്കനാവാതെ കിതയ്ക്കുന്ന മമത സർക്കാരിന് ശുഭസൂചകമായ ഒന്നും തന്നെ ബംഗാളിൽ നിന്ന് വരുന്നില്ല. അതേസമയം മമത ബാനർജി പുറത്താക്കിയ മുൻ തൃണമൂൽ നേതാവ് ഹുമയൂൺ കബീർ, മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ലീഡ് തുടരുകയാണ്.
തൃണമൂൽ കോൺഗ്രസിൽനിന്ന് പുറത്തായതിന് പിന്നാലെയാണ് ഹുമയൂൺ കബീർ ആം ജനതാ ഉന്നയൻ പാർട്ടി (എജെയുപി) രൂപീകരിച്ചത്. ഹുമയൂൺ കബീർ മത്സരിച്ച നൗഡയിലും, റെജിനഗറിലും എജെയുപി വിജയിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. നൗഡയിൽ എതിർ സ്ഥാനാർത്ഥി തൃണമൂലിന്റെ സഹിന മൊംതാസ് ഖാനെക്കാൾ സ്ഥിരമായ ലീഡ് തുടക്കം മുതൽ ഹുമയൂൺ കബീറിനുണ്ട്.
റെജിനഗറിൽ ബിജെപിയുടെ ബപൻ ഘോഷിന് മുന്നിലാണ് ഹുമയൂൺ കബീർ. റെജിനഗറിൽ 32,713 വോട്ടുകളുടെ ലീഡും നൗഡയിൽ 5,000 ത്തിലധികം വോട്ടുകൾക്കും ഹുമയൂൺ മുന്നിലാണ്. അതേസമയം ഹുമയൂൺ കബീർ ഒഴികെ, പാർട്ടിയുടെ സ്ഥാനാർത്ഥികളാരും നിലവിൽ ലീഡ് ചെയ്യുന്നില്ല. നൂറോളം സീറ്റുകളിലാണ് ഹുമയൂൺ കബീറിന്റെ ആം ജനതാ ഉന്നയൻ പാർട്ടി മത്സരിച്ചത്.
ഹുമയൂൺ കബീർ രൂപീകരിച്ച ആം ജനതാ ഉന്നയൻ പാർട്ടി മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കുമെന്ന് ആശങ്ക തൃണമൂലിന് തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു. മമതയുടെ മുൻ വിശ്വസ്തനാണ് ഹുമയൂൺ. വിവാദ പരാമർശങ്ങളും ബാബറി മസ്ജിദ് എന്ന പേരിൽ ഒരു പള്ളിയും നിർമിക്കാൻ തുടങ്ങിയതോടെയാണ് മമത ഹുമയൂൺ കബീറിനെ പുറത്താക്കിയത്.
അതേസമയം ബംഗാളിൽ സിപിഐ (എം), മത്സരിക്കുന്ന മണ്ഡലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. രാവിലെ മൂന്ന് സീറ്റുകളിൽ പാർട്ടി ലീഡ് ചെയ്തിരുന്നു. നിലവിൽ ഡോംകലിൽ ഇടതുപക്ഷം മുന്നിലാണ്. മുസ്തഫിസുർ റാണ 9810 വോട്ടുകൾക്ക് മുന്നിലാണ്. സാഗർഡിഗിയിലും ഇടതുപക്ഷ പിന്തുണയുള്ള സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി മഷിയുർ റഹ്മാൻ നേരത്തെ മുന്നിലായിരുന്നു.