assam-himanta-gaurav

അസമില്‍ ബിജെപിക്ക് മൂന്നാമൂഴമോ അതോ കോണ്‍ഗ്രസിന്‍റെ മടങ്ങിവരവോ? രണ്ടായാലും ചരിത്രമാകും. മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മയ്ക്ക് കീഴില്‍ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകന്‍ ഗൗരവ് ഗൊഗോയ്‌യിലാണ് കോണ്‍ഗ്രസ് പ്രതീക്ഷയത്രയും. ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ 85.96 ശതമാനമായിരുന്നു പോളിങ്. 126 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 64 എംഎല്‍എമാരുടെ പിന്തുണ വേണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി അറുപതും അസം ഗണപരിഷത് ഒന്‍പതും യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറേഷന്‍ ആറും സീറ്റ് നേടിയിരുന്നു. 2016ലെ തകര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് 2021ല്‍ നടത്തിയത്. അത് ഇക്കുറി അധികാരത്തിലേക്കുള്ള വളര്‍ച്ചയാക്കി മാറ്റാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് അവര്‍ക്കുള്ളത്.

തുടർച്ചയായി മൂന്നാം ടേം ലക്ഷ്യമിടുന്ന ബിജെപി അസം ജനതയുടെ സ്വത്വസംരക്ഷണവും വികസനവും ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയെന്നും മുഖ്യമന്ത്രി ഹിമന്ത വികസനമല്ല, വിദ്വേഷ പ്രചാരണമാണ് നടത്തുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്‍റെ കാംപയ്ന്‍. പോളിങ് ശതമാനം കൂടിയതിലും സഖ്യത്തിന്‍റെ കെട്ടുറപ്പിലുമാണ് അവരുടെ പ്രതീക്ഷ. മണ്ഡലപുനർനിർണയത്തിനു ശേഷമുള്ള ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടരക്കോടിയിലധികം ജനങ്ങള്‍ വോട്ട് ചെയ്തു.

ബ്രഹ്മപുത്ര വാലി, ബാറാക് വാലി, മലയോര ജില്ലകള്‍, ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ റീജിയന്‍ എന്നിവയാണ് അസമിന്‍റെ രാഷ്ട്രീയ സ്വഭാവത്തെ പൊതുവില്‍ നിര്‍ണയിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ അസമിന്‍റെ രാഷ്ട്രീയചായ്‍വുകളിലും വോട്ടര്‍മാരുടെ മുന്‍ഗണനയിലുമെല്ലാം വലിയ മാറ്റം സംഭവിച്ചു. സംസ്ഥാന രൂപീകരണം മുതല്‍ 2011 വരെ കോണ്‍ഗ്രസിന്‍റെ ആധിപത്യമായിരുന്നു അസമിലെങ്കില്‍ പിന്നീടിങ്ങോട്ട് ബിജെപി പിടിമുറുക്കി. 2001ല്‍ കോണ്‍ഗ്രസ് 71 സീറ്റുകളിലും ബിജെപി എട്ട് സീറ്റുകളിലുമാണ് അസമില്‍ ജയിച്ചത്. 2021 ആയപ്പോള്‍ കോണ്‍ഗ്രസ് 29 സീറ്റുകളിലേക്ക് ചുരുങ്ങുകയും ബിജെപി 60 സീറ്റുകളിലേക്ക് വളരുകയും ചെയ്തു.

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് അസമില്‍ കോണ്‍ഗ്രസ് നേടിയത്. 126 ല്‍ 78 സീറ്റും നേടി. തരുണ്‍ ഗൊഗോയ് മൂന്നാമതും മുഖ്യമന്ത്രിയായി. 39.39 ശതമാനമായിരുന്നു കോണ്‍ഗ്രസിന്‍റെ വോട്ടുവിഹിതം. ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമക്രറ്റിക് ഫ്രണ്ട് – 18 സീറ്റ്, ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് – 12 സീറ്റ്, അസം ഗണ പരിഷത് – 10 സീറ്റ്, ബിജെപി – 5 സീറ്റ്, സ്വതന്ത്രര്‍ – 2 സീറ്റ്, തൃണമൂല്‍ കോണ്‍ഗ്രസ് – 1 സീറ്റ് എന്നിങ്ങനെയായിരുന്നു മറ്റുപാര്‍ട്ടികളുടെ അന്നത്തെ നില.

2016 ല്‍ ചിത്രം മാറി. ആദ്യമായി ബിജെപി അസമില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 60 സീറ്റുകള്‍. 29.51 ശതമാനം വോട്ടുകളേ നേടാനായുള്ളൂവെങ്കിലും അസം ഗണപരിഷത്തിനെയും (14 സീറ്റ്) ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിനെയും (12 സീറ്റ്) കൂട്ടി അധികാരത്തിലെത്തി. കോണ്‍ഗ്രസ് 26 സീറ്റുകളിലേക്ക് ചുരുങ്ങി.

2021ലെത്തിയപ്പോള്‍ ബിജെപി കരുത്ത് വര്‍ധിപ്പിച്ചു. 75 സീറ്റുകളില്‍ ജയിച്ചു കയറി. വോട്ടുവിഹിതത്തിലും വര്‍ധനയുണ്ടായി (33.21%). കോണ്‍ഗ്രസ് 29 സീറ്റുകളിലാണ് ജയിച്ചത്.  ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമക്രറ്റിക് ഫ്രണ്ട് – 16, എജിപി – 9, യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ – 6, ബോഡോലാന്‍‍ഡ് പീപ്പിള്‍സ് ഫ്രണ്ട് – 4, സിപിഎം – 1, സ്വതന്ത്രന്‍ – 1 എന്നിങ്ങനെയായിരുന്നു മറ്റുള്ളവര്‍ നേടിയ സീറ്റുകള്‍. 

2026ലെത്തുമ്പോള്‍ അസമിലെ രാഷ്ട്രീയ സാഹചര്യം വീണ്ടും മാറി. പരമ്പരാഗത വോട്ടുകള്‍ക്കപ്പുറം യുവാക്കളും നഗരങ്ങളും ആര്‍ക്കൊപ്പം നിന്നു എന്നത് ഇക്കുറി നിര്‍ണായകമാകും. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നാണ് എന്‍ഡിഎ അവകാശപ്പെടുന്നത്. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടുമെന്നും ബിജെപി സംസ്ഥാന നേതൃത്വം പറയുന്നു. 90 സീറ്റുകളിലാണ് ബിജെപി മല്‍സരിച്ചത്. എജിപി 26 സീറ്റുകളിലും ബിപിഎഫ് 11 സീറ്റുകളിലും മല്‍സരിച്ചു. രണ്ടക്കം കടക്കുമെന്ന് എജിപി പ്രതീക്ഷിക്കുമ്പോള്‍ എഐയുഡിഎഫ് ഒന്‍പത് മുതല്‍ 12 വരെ സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.

തോട്ടം മേഖലകളിലും ന്യൂനപക്ഷങ്ങള്‍ക്കിടയിലും ചില നഗരമേഖലകളിലും കോണ്‍ഗ്രസ് സ്വാധീനം പ്രകടമാണ്. 99 സീറ്റുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. 65 സീറ്റുകളിലധികം തനിച്ച് നേടുമെന്നും സഖ്യകക്ഷികളുടെ വിജയം കൂടിയാകുമ്പോള്‍ 70 കടക്കുമെന്നുമാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. സഖ്യകക്ഷികളായ അസം ജാതീയ പരിഷത് 10 സീറ്റിലും സിപിഎം 2 സീറ്റിലും സിപിഐഎംഎല്‍ ഒരു സീറ്റിലും രായ്ജോര്‍ ദള്‍ 13 സീറ്റിലും മല്‍സരിച്ചു. ഭബാനിപുര്‍–സര്‍ഭോഗില്‍ സിറ്റിങ് എംഎല്‍എയായ മനോരഞ്ജന്‍ താലൂക്ദാറും ഗൊരേശ്വറില്‍ ബാപു റാം ബോറോയുമാണ് സിപിഎം സ്ഥാനാര്‍ഥികള്‍. എഐയുഡിഎഫ് 30 സീറ്റിലും യുപിപിഎല്‍ 18 സീറ്റിലും എഎപി 18 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റിലും സിപിഐ 3 സീറ്റിലും ജെഎംഎം 16 സീറ്റിലും മല്‍സരിച്ചു.

ഹോട്ട് സീറ്റുകള്‍

സില്‍ച്ചര്‍ – ഒരുകാലത്ത് കോണ്‍ഗ്രസ് കോട്ടയായിരുന്നു സില്‍ച്ചാര്‍. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് സന്തോഷ് മോഹന്‍ ദേവ് സ്വന്തമെന്നോണം കൈകാര്യം ചെയ്ത മണ്ഡലം 2016 മുതല്‍ ബിജെപി കേന്ദ്രമാണ്. ബംഗാളി ഹിന്ദു വോട്ടുകളാണ് മണ്ഡലത്തിലെ വിധി തീരുമാനിക്കുന്നത്.

ജോര്‍ഹട്ട് – ഗൗരവ് ഗൊഗോയുടെ സ്ഥാനാര്‍ഥിത്വം കൊണ്ടുതന്നെ ശ്രദ്ധേയമാണ് അപ്പര്‍ അസമിലെ ജോര്‍ഹട്ട്. 98 മുതല്‍ ജോര്‍ഹട്ടിലെ എംഎല്‍എയായ ബിജെപിയുടെ ഹിതേന്ദ്ര നാഥ് ഗോസ്വാമിയാണ് എതിരാളി.

ബര്‍ചല്ല– ബ്രഹ്മുപത്രയുടെ വടക്കന്‍ തീരത്തായി സ്ഥിതി ചെയ്യുന്ന ബര്‍ച്ചല്ല ബിജെപിയുടെ ശക്തികേന്ദ്രമാണ്. സിറ്റിങ് എംഎല്‍എയും ബിജെപിയുടെ കരുത്തനുമായ ഗണേഷ് കുമാര്‍ ലിംബുവിനെ നേരിടാന്‍ മുതിര്‍ന്ന നേതാവായ റിപുണ്‍ ബോറയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.

ബാര്‍പെട്ട – മണ്ഡല പുനര്‍നിര്‍ണയത്തിന് മുന്‍പ് വരെ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുണ്ടായിരുന്ന മണ്ഡലമാണ് ബാര്‍പെട്ട. കോണ്‍ഗ്രസിന് ആധിപത്യമുള്ള ബാര്‍പെട്ടയില്‍ മഹാനന്ദ സര്‍ക്കാരാണ് ഇത്തവണ മല്‍സരിച്ചത്.

നാസിറ – അസം മുന്‍ മുഖ്യമന്ത്രി ഹിതേശ്വര്‍ സാക്കിയയുടെ കുടുംബ മണ്ഡലമെന്നാണ് നാസിറ അറിയപ്പെടുന്നത് തന്നെ. നിലവില്‍ ഹിതേശ്വറിന്‍റെ മകന്‍ ദേബബ്രത സാക്കിയയാണ് നാസിറയിലെ എംഎല്‍എ. പ്രതിപക്ഷ നേതാവ് കൂടിയായ ദേബബ്രത തുടര്‍ച്ചയായ നാലാം ജയമാണ് ഇവിടെ നിന്നും ലക്ഷ്യമിടുന്നത്.

ദിസ്പുര്‍– ഗുവാഹട്ടിയും പരിസര പ്രദേശങ്ങളും ചേരുന്ന ദിസ്പുരിലും വാശിയേറിയ പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2016 മുതല്‍ മണ്ഡലം കൈയടക്കി വച്ചിരിക്കുന്ന ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കാന്‍ മിറാ ബോര്‍താക്കൂറിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.

ഗോല്‍ഘട്ട് – അസമിലെ ആദ്യ വനിതാ ധനമന്ത്രി അജന്ത നിയോഗിന്‍റെ മണ്ഡലമാണ് ഗോല്‍ഘട്ട്. 2001 മുതല്‍ അജന്തയാണ് മണ്ഡലത്തിലെ എംഎല്‍എ. ദീര്‍ഘകാലം കോണ്‍ഗ്രസിലായിരുന്ന അവര്‍ 2020 ല്‍ പാര്‍ട്ടി വിടുകയും ബിജെപിയില്‍ ചേരുകയും ചെയ്തു. 2021 ല്‍ മണ്ഡലത്തില്‍ ജയിച്ചു കയറുകയും ചെയ്തു.

ENGLISH SUMMARY:

Assam is on the edge of its seat as the counting of votes for the 126-member Assembly is scheduled to begin at 8 AM today. The 2026 elections saw a historic voter turnout of 85.96%, reflecting intense public engagement across the Brahmaputra and Barak valleys. Most major exit polls, including Axis My India and Matrize, have projected a comfortable majority for the BJP-led alliance, suggesting a third consecutive term for Chief Minister Himanta Biswa Sarma. However, the Congress, rejuvenated under the leadership of Gaurav Gogoi, remains optimistic about a comeback, banking on anti-incumbency and its strong base in tea-garden and minority-dominated areas. High-profile contests in seats like Jalukbari, Jorhat, and Nazira are expected to dictate the early trends. Whether the BJP completes a hat-trick or the "Gogoi legacy" steers Congress back to power will be clear today.